തിരുവനനന്തപുരം: മാധ്യമപ്രവര്‍ത്തകയോടുള്ള സുരേഷ് ഗോപിയുടെ മോശം ഇടപെടലില്‍ പ്രതികരണവുമായി കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. മൂന്ന് തവണ കൈ തട്ടി മാറ്റിയിട്ടും അങ്ങനെ പെരുമാറിയത് ശരിയായില്ലെന്നാണ് ഗണേഷ് കുമാറിന്റെ നിലപാട്.
തനിക്ക് അറിയാവുന്ന സുരേഷ് ഗോപി ദുരുദ്ദേശത്തോടെ പെരുമാറുന്നയാളല്ലെന്നും പക്ഷേ, ഇത് വേണ്ടിയിരുന്നില്ലെന്നുമാണ് ഗണേഷ് കുമാര്‍ പറയുന്നത്. എഡിറ്റോറിയല്‍ എന്ന ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഗണേഷ് ഇങ്ങനെ പറഞ്ഞത്..
‘എനിക്ക് അറിയുന്ന സുരേഷ് ഗോപി ദുരുദ്ദേശത്തോടെ ഒരു സ്ത്രീയെ ടച്ച് ചെയ്യുന്നയാളല്ല. സത്യം പറയണമല്ലോ. അദ്ദേഹം ചെയ്തത് ശരിയോ തെറ്റോ എന്ന് ചോദിച്ചാല്‍ വേണ്ടിയിരുന്നില്ലെന്നാണ് എനിക്ക് പറയാനുള്ളത്. കാരണം ആ കുട്ടി ആദ്യം തന്നെ അസ്വസ്ഥത പ്രകടിപ്പിച്ചു. എന്നിട്ടും രണ്ടാമതും തൊട്ടു. അപ്പോഴും ആ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. അവിടെ അതില്‍ കൂടുതല്‍ മാന്യമായി പെരുമാറാന്‍ ആ കുട്ടിക്ക് പറ്റില്ല. മൂന്നാമത്തെ പ്രാവശ്യം ആ കുട്ടി കൈ പിടിച്ചുമാറ്റി. ആ കുട്ടിക്ക് വേണമെങ്കില്‍ അവിടെ വെച്ച് ഒരു ഒച്ചയും ബഹളവും ഉണ്ടാക്കാമായിരുന്നു.
പക്ഷേ, ആ കുട്ടി വളരെ മാന്യമായാണ് പെരുമാറിയത്. ആദ്യം കൈവെച്ചപ്പോള്‍ ആ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. അപ്പോള്‍ തന്നെ സുരേഷ് ഗോപി അത് തിരിച്ചറിയണമായിരുന്നു. ആ കുട്ടി അത് ഇഷ്ടപ്പെടുന്നില്ലെന്ന് മനസിലാക്കാനുള്ള ബുദ്ധി സുരേഷ് ഗോപി പ്രകടിപ്പിച്ചില്ല. പിന്നെ, എല്ലാവരും നമ്മളെക്കാള്‍ ചെറിയവരും നമ്മുടെ മുമ്പില്‍ പിള്ളേരുമൊന്നുമല്ല. ഒരുപാട് യുവതി യുവാക്കളാണ് വരുന്നത്. അവരോട് മക്കളെപ്പോലെയൊക്കെ മനസിന്റെ ഉള്ളിലാകാം. സുരേഷ് ഗോപിയുടെ അത്തരം രീതികളോട് എനിക്ക് യോജിപ്പില്ലെന്നും ഒരു മാധ്യമത്തോടായി ഗണേഷ് കുമാര്‍ പ്രതികരിച്ചു.
കോഴിക്കോട്ട് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയാ വണ്‍ ചാനലിലെ വനിതാ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ചത്. ഉടനെ അതൃപ്തിയുമായി ലേഖിക പിറകോട്ടു മാറി നിന്നെങ്കിലും സുരേഷ് ഗോപി വീണ്ടും അതാവര്‍ത്തിച്ച് തോളില്‍ കൈവെക്കുകയായിരുന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക സുരേഷ് ഗോപിയുടെ കൈ തട്ടിമാറ്റുകയായിരുന്നു. വലിയ വിമര്‍ശനം ഉയര്‍ന്നതോടെ സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുക്കുകയും വനിതാ കമ്മീഷന് റിപ്പോര്‍ട്ട് തേടുകയും ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം തൃശൂരില്‍ വെച്ച് സുരേഷ് ഗോപി റിപോര്‍ട്ടര്‍ ടി.വിയിലെ മാധ്യമ പ്രവര്‍ത്തകയോടും ഭീഷണിസ്വരത്തില്‍ മോശമായി പെരുമാറുകയുണ്ടായി. സമൂഹമാധ്യമങ്ങളില്‍ ഇതേച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമാണ്. അതിനിടെ, സുരേഷ് ഗോപിക്ക് പിന്തുണയുമായി ‘ഞാന്‍ കെട്ടിപ്പിടിച്ചോട്ടേ’ എന്ന് ചോദിച്ച് വനിതകളുടെ ആലിംഗന കാഴ്ചകളും വൈറലാണ്.
- ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് പ്രഖ്യാപിച്ച് സെറ്റോ! ജനുവരി 22നാണ് പണിമുടക്ക്
- മൂന്ന് വർഷമായ റവന്യു ജീവനക്കാരെ സ്ഥലംമാറ്റാൻ മാർഗരേഖയിറങ്ങി
- പങ്കാളിത്ത പെൻഷൻകാരെ ബി.പി.എൽ പട്ടികയിൽ ഉൾപ്പെടുത്തുമോ? കെ.എൻ. ബാലഗോപാലിന്റെ മറുപടി ഇങ്ങനെ
- സഹോദരനെയും അമ്മാവനെയും കൊന്ന പ്രതിക്ക് ഇരട്ട ജീവപര്യന്തം | Kanjirappally twin murder
- പി.എഫിൽ ലയിപ്പിച്ച ക്ഷാമബത്ത കുടിശിക: കാലാവധി കഴിഞ്ഞവ പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നീളും