തിരുവനന്തപുരം: ചെന്നിത്തലയുടെ ഹരിപ്പാട്ട് കരിമണല്‍ കര്‍ത്തക്ക് കോടികള്‍ വിലമതിക്കുന്ന ഭൂമി നല്‍കാനുള്ള പിണറായിയുടെ നീക്കം പൊളിച്ച് റവന്യു വകുപ്പ്. ഹരിപ്പാട് തൃക്കുന്നപ്പുഴയിലുള്ള 51 ഏക്കര്‍ ഭൂമി കൈവശം വയ്ക്കാനാണ് കര്‍ത്ത പിണറായിയുടെ സഹായം തേടിയത്.
75 കോടി രൂപയാണ് ഈ ഭൂമിയുടെ വില. ഭൂപരിഷ്‌കരണ നിയമപ്രകാരം കമ്പനിക്ക് കൈവശം വയ്ക്കാവുന്ന ഭൂമി 15 ഏക്കറാണ്. ഈ വ്യവസ്ഥയില്‍ ഇളവ് തേടിയാണ് കര്‍ത്തയുടെ സി.എം.ആര്‍.എല്‍ കമ്പനി പിണറായിയെ സമീപിച്ചത്.
പൊതുതാല്‍പര്യം മുന്‍ നിറുത്തി സര്‍ക്കാരിന് ഇളവ് അനുവദിക്കാം എന്ന വ്യവസ്ഥയുടെ മറവിലായിരുന്നു ഭൂമി കൈവശപ്പെടുത്താന്‍ കര്‍ത്ത പിണറായിയെ സമീപിച്ചത്. വീണ വിജയന്‍ 1.72 കോടി മാസപ്പടിയായി കര്‍ത്തായുടെ സി.എം.ആര്‍.എല്‍ നിന്ന് കൈപറ്റിയെന്ന് പുറത്തായതിന് പിന്നാലെയാണ് 75 കോടിയുടെ ഭൂമി ദാനവും പുറത്തുവന്നത്. കരിമണല്‍ വ്യവസായ കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനാണ് തൃക്കുന്നപ്പുഴയില്‍ 20.84 ഹെക്ടറും ആറാട്ടുപുഴയില്‍ 3.57 ഹെക്ടറും കര്‍ത്ത വാങ്ങിയത്.
കരിമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രമേ പാടുള്ളുവെന്ന് കേന്ദ്ര നിയമത്തില്‍ ഭേദഗതി വന്നതോടെ കര്‍ത്തയുടെ പദ്ധതി പൊളിഞ്ഞു. തുടര്‍ന്ന് ഭൂമിക്ക് ഇളവ് ആവശ്യപ്പെട്ട് 2019 മെയില്‍ കര്‍ത്ത പിണറായിയെ സമീപിച്ചു. ആലപ്പുഴ കളക്ടര്‍ ചെയര്‍മാനായ ജില്ലാതല സമിതി ഇളവിന് ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് ചൂണ്ടികാട്ടി 2021 മേയില്‍ അന്നത്തെ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ കര്‍ത്തായുടെ അപേക്ഷ തള്ളി.
രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതോടെ കര്‍ത്ത വീണ്ടും അപേക്ഷയുമായി പിണറായിയുടെ മുന്നിലെത്തി. ഇത്തവണ കര്‍ത്തയെ രക്ഷിക്കാന്‍ പിണറായി അരയും തലയും മുറുക്കി ഇറങ്ങി. പിന്നാലെ ജില്ലാ തല സമിതി 2022 ജൂണ്‍ 15ന് യോഗം ചേര്‍ന്ന് ഇളവ് നല്‍കാന്‍ ശുപാര്‍ശ ചെയ്തു. 15 ഏക്കര്‍ പരിധിയിലധികം ഭൂമി കൈവശം വച്ചാല്‍ അത് സംബന്ധിച്ച് 3 മാസത്തിനകം ലാന്‍ഡ് ബോര്‍ഡില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം.
ഇത് സംബന്ധിച്ച് ലാന്‍ഡ് ബോര്‍ഡിലെ കേസ് ചൂണ്ടികാട്ടി റവന്യു മന്ത്രി കെ. രാജന്‍ പിണറായിയുടെ നീക്കത്തിന് താല്‍ക്കാലിക തടയിട്ടു. ലാന്‍ഡ് ബോര്‍ഡ് കേസ് തീര്‍ക്കാന്‍ കര്‍ത്ത രംഗത്തിറങ്ങിയിട്ടുണ്ട്.
അധികം താമസിയാതെ കര്‍ത്തക്ക് ഭൂമി ലഭിക്കും എന്നാണ് ഭരണസിരാകേന്ദ്രത്തില്‍ നിന്നുള്ള സൂചന. സേവനം ചെയ്യാതെ പിണറായിയുടെ മകള്‍ക്ക് കര്‍ത്ത മാസപ്പടി നല്‍കിയത് ഇതിനു വേണ്ടിയായിരുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്. കര്‍ത്തക്ക് ഹരിപ്പാട് ഭൂമി ദാനം ചെയ്യാനുള്ള പിണറായിയുടെ നീക്കം പൊളിക്കാന്‍ മുന്‍ പ്രതിപക്ഷ നേതാവും സ്ഥലം എം.എല്‍.എയുമായ ചെന്നിത്തല രംഗത്തിറങ്ങുമോ എന്ന ചോദ്യമാണ് ഉയരുന്നത്.