രാമക്ഷേത്രത്തിന്റെ നിര്‍മാണം ജനുവരിയില്‍ പൂര്‍ത്തിയാകുന്നതോടെ രാമരാജ്യത്തിന്റെ തുടക്കമെന്ന് യോഗി ആദിത്യനാഥ്

യോഗി ആദിത്യനാഥ്

ഛത്തീസ്ഗഢിലും രാമക്ഷേത്ര നിര്‍മ്മാണം പ്രധാന പ്രചാരണ തന്ത്രമാക്കി ബിജെപി. ആയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ഭാരതത്തില്‍ രാമരാജ്യത്തിന്റെ തുടക്കമാകുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിവേചനങ്ങളൊന്നുമില്ലാത്ത രാജ്യമാകും അതെന്നും യോഗി പറഞ്ഞു. ഛത്തീസ്ഗഢിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു യു.പി മുഖ്യമന്ത്രി.

”അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണം ജനുവരിയില്‍ പൂര്‍ത്തിയാകും. ശ്രീരാമന്റെ മാതൃദേശമെന്ന നിലയില്‍ ഛത്തിസ്ഗഢുകാര്‍ക്കായിരിക്കും ഇതില്‍ യു.പിക്കാരെക്കാള്‍ സന്തോഷം. രാമക്ഷേത്രത്തിന്റെ നിര്‍മാണം ഇവിടത്തെ രാമരാജ്യത്തിന്റെ പ്രഖ്യാപനമാകും.” യോഗി ആദിത്യനാഥ് പറഞ്ഞു.

രാമരാജ്യം എന്നാല്‍ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിവേചനങ്ങളില്ലാത്ത ഭരണം എന്നാണ് അര്‍ത്ഥമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അവിടെ പദ്ധതികളുടെ ഗുണം ദരിദ്രരും ആദിവാസികളും ഉള്‍പ്പെടെ എല്ലാവരിലും എത്തും. എല്ലാവര്‍ക്കും സുരക്ഷയും സൗകര്യങ്ങളും ലഭിക്കും. അതാണു രാമരാജ്യമെന്നും യോഗി സൂചിപ്പിച്ചു.

രാമരാജ്യത്തിനു ശിലപാകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും യോഗി പറഞ്ഞു. പുരാതന കാലത്ത് ഉന്നതമായ ക്ഷേമഭരണത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ് രാമരാജ്യം. ദരിദ്രര്‍ക്ക് വീടും ശൗചാലയവും കുടിവെള്ളവും ആരോഗ്യ ഇന്‍ഷുറന്‍സും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വഴി കേന്ദ്രത്തിലെ കഴിഞ്ഞ ഒന്‍പതര വര്‍ഷക്കാലത്തെ ഭരണത്തിലൂടെ മോദി അതിനു തുടക്കമിട്ടിരിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ചത്തിസ്ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളും അഴിച്ചുവിട്ടു യോഗി. ലൗ ജിഹാദ്, മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇവിടത്തെ സര്‍ക്കാര്‍ മൗനത്തിലാണ്. എല്ലാ അര്‍ത്ഥത്തിലും അത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പ്രചോദനം നല്‍കുകയാണു ചെയ്യുന്നത്. ഇതു ഭരണമല്ല, പ്രശ്നമാണ്. കോണ്‍ഗ്രസ് തന്നെ പ്രശ്നമായി മാറിയിരിക്കുകയാണ്. ഈ പ്രശ്നത്തെ എത്രയും വേഗം ഒഴിവാക്കി ചത്തിസ്ഗഢിന്റെ സ്വപ്നങ്ങള്‍ക്കു കരുത്തുപകരണമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments