മുങ്ങുന്ന കപ്പലുകളുടെ തലപ്പത്ത് ബിജു പ്രഭാകര്‍; ബി. അശോകിനെ പൂട്ടാന്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം വാങ്ങിക്കൊടുക്കുന്നതില്‍ മുന്‍പന്തിയിലുള്ള രണ്ട് കോര്‍പ്പറേഷനുകളാണ് കെ.ടി.ഡി.എഫ്.സി (കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍) യും കെ.എസ്.ആര്‍.ടി.സിയും.

ഇവരണ്ടിന്റെയും തലപ്പത്ത് ബിജു പ്രഭാകറെ നിയമിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. ഇന്നലെയാണ് കെ.ടി.ഡി.എഫ്.സി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ബി. അശോകിനെ മാറ്റി, കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകറിന് പകരം ചുമതല നല്‍കിയത്.

കെ.ടി.ഡി.എഫ്.സിയുടെ ബാധ്യത ഏറ്റെടുക്കാന്‍ കഴിയാത്തവിധം സര്‍ക്കാര്‍ സാമ്പത്തികപ്രതിസന്ധിയിലാണെന്നു കാണിച്ച് ധനവകുപ്പ് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോയെന്നായിരുന്നു ഇതിന് കോടതിയുടെ മറുചോദ്യം.

സര്‍ക്കാരിന് നാണക്കോടുണ്ടാക്കിയ ഈ സാഹചര്യം ഉണ്ടാക്കിയത് കെ.ടി.ഡി.എഫ്.സി.യാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അശോകിനെ മാറ്റാന്‍ മുഖ്യമന്ത്രി തന്നെ നിര്‍ദേശിച്ചതായാണ് വിവരം. കേരളത്തിന്റെ നേട്ടങ്ങള്‍ ആഘോഷിക്കാന്‍ കോടികള്‍ മുടക്കി കേരളീയം ഉദ്ഘാടനം ചെയ്യുന്ന വേളയിലായിരുന്നു അഷ്ടിക്ക് വകയില്ലാത്ത അവസ്ഥയിലാണ് സംസ്ഥാനമെന്ന് ഹൈക്കോടതിയില്‍ തുറന്നുപറച്ചില്‍ നടത്തിയത്.

നിക്ഷേപകര്‍ക്ക് പണം തിരിച്ചുകൊടുക്കാന്‍ കഴിയാത്തവിധം പ്രതിസന്ധിയിലാണ് കെ.ടി.ഡി.എഫ്.സി. സര്‍ക്കാര്‍ ഗാരന്റി ഉണ്ടായിട്ടും നിക്ഷേപം തിരിച്ചുകൊടുക്കാത്തത് സംബന്ധിച്ച് രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതിയില്‍നിന്നുണ്ടായത്. വായ്പയും തിരിച്ചടവും സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി.- കെ.ടി.ഡി.എഫ്.സി. തര്‍ക്കമാണ് നിലനില്‍ക്കുന്നത്. ഇതിന് പ്രായോഗികമായ പരിഹാരം കാണുകയും തര്‍ക്കങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക ലക്ഷ്യമിട്ടാണ് കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടര്‍ക്ക് കെ.ടി.ഡി.എഫ്.സി.യുടെ ചെയര്‍മാന്‍ ചുമതലയും നല്‍കിയത്.

ബി. അശോകിന് കെ.ടി.ഡി.എഫ്.സി. ചെയര്‍മാന്റെ അധിക ചുമതലയാണുണ്ടായിരുന്നത്. ഈ സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് അശോകും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായാണ് വിവരം.

കെ.ടി.ഡി.എഫ്.സിക്ക് 780 കോടി രൂപ വായ്പ കുടിശികയുള്ള സ്ഥാപനമാണ് കെ.എസ്.ആര്‍.ടി.സി. ഇതെച്ചൊല്ലി രണ്ടു മേധാവികളും തമ്മില്‍ അടുത്തിടെ വാക്പോരു നടന്നിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു സ്ഥാപനത്തിനും ഒരേ ആള്‍ തന്നെ മേധാവിയാവുന്നത്.

കെ.ടി.ഡി.എഫ്.സിയില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെത്തുടര്‍ന്നു നിക്ഷേപകരുടെ പരാതിയില്‍ കടുത്ത നടപടികളിലേക്കു കടക്കാനൊരുങ്ങുകയാണു റിസര്‍വ് ബാങ്ക്. 21 ദിവസത്തിനകം പണം തിരികെ നല്‍കുന്നതില്‍ നടപടിയെടുത്ത് അറിയിച്ചില്ലെങ്കില്‍ ബാങ്കിങ് റജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നാണു മുന്നറിയിപ്പ്.

നിക്ഷേപത്തിനു ഗാരന്റി നിന്ന സംസ്ഥാന സര്‍ക്കാര്‍, പക്ഷേ പണം തിരിച്ചുനല്‍കാന്‍ ബാധ്യതയില്ലെന്നു കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിലപാടെടുത്തത് കോടതിയുടെ നിശിത വിമര്‍ശനത്തിനു കാരണമായി. നിലപാട് സംസ്ഥാനത്തിനു നാണക്കേടാണെന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം.

കെ.ടി.ഡി.എഫ്.സിയില്‍നിന്ന് 2018ല്‍ കെ.എസ്.ആര്‍.ടി.സി വായ്പയെടുത്ത 350 കോടി രൂപയാണു പലിശയും പിഴപ്പലിശയുമായി ഇപ്പോള്‍ 780 കോടി രൂപയുടെ ബാധ്യതയിലെത്തി നില്‍ക്കുന്നത്. വായ്പ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് കെ.എസ്.ആര്‍.ടി.സി. രണ്ടു മാസം മുന്‍പു കെ.എസ്.ആര്‍.ടി.സിക്കു വേണ്ടി 55 കോടി രൂപ കെ.ടി.ഡി.എഫ്.സിക്ക് നല്‍കിയതൊഴിച്ചു സഹായമൊന്നും സര്‍ക്കാര്‍ നല്‍കിയിട്ടുമില്ല.

കെ.ടി.ഡി.എഫ്.സിയുടെ പ്രതിസന്ധിക്കു കാരണം ഭീമമായ വായ്പാ കുടിശിക വരുത്തിയ കെ.എസ്.ആര്‍.ടി.സി ആണെന്നു ബി.അശോക് മൂന്നാഴ്ച മുന്‍പു വിശദീകരിച്ചിരുന്നു. അമിത പലിശയിലാണു കെ.ടി.ഡി.എഫ്.സി പണം നല്‍കിയതെന്നുള്ള മറുപടിയുമായി കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകറും രംഗത്തു വന്നു. ഇതിനെല്ലാം പിന്നാലെയാണ് മാറ്റം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments