നേരം, പ്രേമം, ഗോള്‍ഡ് സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ തിയറ്റര്‍ സിനിമാ കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപനം.
തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തിയെന്നും ആര്‍ക്കും ബാധ്യതയാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അല്‍ഫോന്‍സ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു.
”ഞാന്‍ എന്റെ സിനിമ, തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആര്‍ക്കും ബാധ്യതയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോള്‍ അത് ഒടിടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്കു വേറെ മാര്‍ഗമില്ല. എനിക്ക് പാലിക്കാന്‍ കഴിയാത്ത ഒരു വാഗ്ദാനം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോള്‍ ഇന്റര്‍വല്‍ പഞ്ചില്‍ വരുന്നതുപോലുള്ള ട്വിസ്റ്റുകള്‍ ജീവിതത്തില്‍ സംഭവിക്കും.”അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചു.
ആരാധകരടക്കം നിരവധിപ്പേരാണ് അല്‍ഫോന്‍സിന്റെ പോസ്റ്റില്‍ കമന്റുകളുമായി എത്തുന്നത്. സ്വയമൊരു തീരുമാനമെടുക്കാതെ ഡോക്ടറുടെ സഹായത്തോടെ കൃത്യമായി രോഗ നിര്‍ണയം നടത്തൂ എന്നാണ് ആരാധകര്‍ പറയുന്നത്. ”അടിപൊളി ആയി തിരിച്ചു വരും. നിങ്ങള്‍ക്ക് അതിനു പറ്റും. നിങ്ങള്‍ക്കേ പറ്റൂ.” എന്നും ചിലര്‍ കമന്റ് ചെയ്യുന്നു. പോസ്റ്റ് ചര്‍ച്ചയായതോടെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അല്‍ഫോന്‍സ് നീക്കം ചെയ്തു.
ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ തലച്ചോറിലെ ചില വ്യത്യാസങ്ങള്‍ മൂലമുണ്ടാകുന്ന വികസന വൈകല്യമാണ്. ഓട്ടിസം ഉള്ള വ്യക്തികള്‍ക്ക് പലപ്പോഴും സാമൂഹിക ആശയവിനിമയത്തിലും ഇടപെടലിലും നിയന്ത്രിത അല്ലെങ്കില്‍ ആവര്‍ത്തിച്ചുള്ള പെരുമാറ്റങ്ങളിലും താല്‍പ്പര്യങ്ങളിലും പ്രശ്‌നങ്ങളുണ്ട്. ഇവര്‍ കാര്യങ്ങള്‍ പഠിക്കാനും അതിനെ ഗ്രഹിക്കാനും വ്യത്യസ്തമായ വഴികള്‍ ഉപയോഗിക്കുന്നു. അതായത് അവരുടെ തലച്ചോര്‍ കാര്യങ്ങളെ വ്യത്യസ്തമായ രീതിയില്‍ ഗ്രഹിച്ചെടുക്കുന്നു.
ഗിഫ്റ്റ് എന്ന തമിഴ് ചിത്രമാണ് അല്‍ഫോന്‍സിന്റെ പുതിയ പ്രോജക്ട്. ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, കളര്‍ ഗ്രേഡിങ് എന്നിവയും അല്‍ഫോന്‍സാണ്. ഡാന്‍സ് കൊറിയോഗ്രാഫറായ സാന്‍ഡിയാണ് നായകന്‍. കോവൈ സരള, സമ്പത്ത് രാജ്, റേച്ചല്‍ റബേക്ക, രാഹുല്‍, ചാര്‍ളി എന്നീ താരങ്ങളും ചിത്രത്തിലുണ്ട്. റോമിയോ പിക്‌ചേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രം രാഹുലാണ് നിര്‍മിക്കുന്നത്. ഇളയരാജയാണ് ചിത്രത്തിനായി സം?ഗീതം ഒരുക്കുന്നത്.
പൃഥ്വിരാജും നയന്‍താരയും ഒന്നിച്ച ?’ഗോള്‍ഡ്’ ആണ് അല്‍ഫോന്‍സ് അവസാനം സംവിധാനം ചെയ്ത ചിത്രം. 2013ല്‍ ‘നേരം’ എന്ന ചിത്രത്തിലൂടെ സംവിധായകനായി മലയാള സിനിമയിലെത്തി. സാമ്പത്തിക വിജയമായ ‘നേര’ത്തിനു ശേഷം 2015 ല്‍ നിവിന്‍ പോളിയെത്തന്നെ നായകനാക്കി സംവിധാനം ചെയ്ത ‘പ്രേമം’ മലയാളത്തില്‍ ട്രെന്‍ഡ്‌സെറ്ററായി മാറി.
തമിഴകത്തും ഏറെ ആരാധകരുള്ള അല്‍ഫോന്‍സിന്റെ ഈ പ്രഖ്യാപനം ഞെട്ടലോടെയാണ് തമിഴ് പ്രേക്ഷകരും കേട്ടത്. സംവിധായകന്റെ പെട്ടന്നുള്ള ഈ തീരുമാനത്തിന്റെ കാരണമറിയാനുള്ള ആകാംക്ഷയിലാണ് ഇവരെല്ലാം. ‘ഗിഫ്റ്റ്’ എന്ന പുതിയ തമിഴ് സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് ഇങ്ങനെയൊരു അപ്രതീക്ഷിത വാര്‍ത്ത വരുന്നതും.
ഫഹദ് ഫാസിലിനെയും നയന്‍താരയെയും പ്രധാന കഥാപാത്രങ്ങളാക്കി ‘പാട്ട്’ എന്നൊരു ചിത്രവും അല്‍ഫോന്‍സ് പ്രഖ്യാപിച്ചിരുന്നു. ഇനി ഈ സിനിമ പൂര്‍ത്തീകരിക്കാനാകുമോ എന്ന ആകുലതയും പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നുണ്ട്.