
ശാരദയെ നിറത്തിന്റെ പേരില് അപമാനിച്ചത് ഐഎഎസ് പ്രമുഖൻ; പേര് വെളിപ്പെടുത്തണമെന്ന് ആവശ്യം
തിരുവനന്തപുരം: ചീഫ് സെക്രട്ടറി ശരദാ മുരളീധരൻ തനിക്ക് നിറവുമായി ബന്ധപ്പെട്ട അപമാനം നേരിട്ടുവെന്ന് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ചർച്ച ചൂടുപിടിക്കുന്നു. വിവാദ പരാമർശം നടത്തിയ പ്രമുഖന്റെ പേര് വെളിപ്പെടുത്താത്ത ശാരദയുടെ നിലപാടിനെതിരെ വിമർശനവുമായി ഒരുവിഭാഗം ഐഎഎസ് ഉദ്യോഗസ്ഥർ നിലപാട് സ്വീകരിക്കുകയാണ്. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയിലാണ് ശാരദ വിമർശിച്ച ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തണമെന്ന ആവശ്യവുമായി ജൂനിയർ ഉദ്യോഗസ്ഥർ രംഗത്തുവന്നത്.
തനിക്കേറ്റ അപമാനം ശാരദ സംസ്ഥാനത്തെ വളരെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനോട് വെളിപ്പെടുത്തിയിരുന്നു. ഈ ഉദ്യോഗസ്ഥൻ ശാരദയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎഎസ് ഗ്രൂപ്പിൽ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. പ്രമുഖൻ ചെയ്തത് തെറ്റാണെന്ന് ഇദ്ദേഹം തുറന്നടിച്ചു. ഇതോടെയാണ് ശാരദയെ വിമർശിച്ച പ്രമുഖന്റെ പേര് വെളിപ്പെടുത്തണമെന്ന ആവശ്യം ഉയർന്നത്. എന്നാൽ, ഭാരതീയ ന്യായ സംഹിത പ്രകാരം ശാരദ പ്രമുഖന്റെ പേര് വെളിപ്പെടുത്തിയാൽ കേസ് രജിസ്റ്റർ ചെയ്യേണ്ടി വരും. ഇതറിയാവുന്നത് കൊണ്ടാണ് ശാരദ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത് എന്നാണ് കരുതുന്നത്.
മുൻ ചീഫ് സെക്രട്ടറിയെയും നിലവിലെ ചീഫ് സെക്രട്ടറിയെയും താരതമ്യം നടത്തി അഭ്രിപായം പറയണമെങ്കിൽ ഇവരേക്കാൾ വലിയ പദവിയിൽ ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥനായിരിക്കണം എന്നുറപ്പാണ്. എന്നാൽ ചീഫ് സെക്രട്ടറി അപമാനിക്കപ്പെട്ട പ്രസ്താവന നടത്തിയ പ്രമുഖനെക്കുറിച്ച് വെളിപ്പെടുത്താൻ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഐഎഎസ് പദവിയിലിരിക്കുന്ന ആൾക്കുപോലും സാധിക്കാത്ത വിധം ഉന്നതനാണ് അവരെ അപമാനിച്ചതെന്നാണ് ഐഎഎസ് വൃത്തങ്ങളിൽ പ്രചരിക്കുന്നത്
ശരീര നിറവുമായി ബന്ധപ്പെട്ട് അപമാനം നേരിട്ടതിനെ കുറിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പുമായി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ കഴിഞ്ഞദിവസമാണ് രംഗത്തെത്തിയത്. ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും തന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാൾ നടത്തിയ മോശം പരാമർശത്തെ കുറിച്ചായിരുന്നു കുറിപ്പ്.
തന്റെ നിറം കറുപ്പാണെന്നും ഭർത്താവിന്റെ നിറം വെളുപ്പാണെന്നുമുള്ള തരത്തിൽ ഒരു കമന്റ് കേട്ടു എന്നായിരുന്നു ആദ്യം പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞിരുന്നത്. എന്നാൽ ഇതിന് താഴെ വന്ന കമന്റുകളിൽ അസ്വസ്ഥയായി അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇത് ചർച്ച ചെയ്യേണ്ട കാര്യമാണെന്ന് ചില അഭ്യുദയകാംക്ഷികൾ പറഞ്ഞതിനാലാണ് വീണ്ടും പോസ്റ്റ് ചെയ്യുന്നതെന്നും ശാരദ മുരളീധരൻ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.
ചീഫ് സെക്രട്ടറി എന്ന നിലയ്ക്കുള്ള തന്റെ പ്രവർത്തനകാലഘട്ടം കറുപ്പും ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായി വി. വേണുവിന്റെ പ്രവർത്തനം വെളുപ്പുമാണെന്നായിരുന്നു ആ പരാമർശമെന്ന് അവർ തുറന്നുപറയുന്നു. കറുപ്പ് എന്ന നിറത്തെ ഇത്രത്തോളം മോശമായി കാണുന്നത് എന്തിനാണെന്നും കറുപ്പ് അത്രയും മനോഹരമായ നിറമാണെന്നും കുറിപ്പിൽ ചീഫ് സെക്രട്ടറി പറയുന്നു. എന്തിനാണ് കറുപ്പിനെ നിന്ദിക്കുന്നതെന്നും പ്രപഞ്ചത്തിലെ സർവവ്യാപിയായ സത്യമാണ് അതെന്നും അവർ കുറിച്ചു.