Kerala

കേരളീയം: പൗരപ്രമുഖരുടെ വിമാനയാത്രക്ക് 1 കോടി; ടാക്‌സിക്ക് 33.45 ലക്ഷം; കോടികള്‍ പൊടിപൊടിച്ച് പിണറായിയുടെ കേരളീയം

പൗര പ്രമുഖരെ കണ്ടെത്തി വിമാനത്തില്‍ കേരളത്തിലെത്തിക്കാനുള്ള ചുമതല ജോണ്‍ ബ്രിട്ടാസിനും എം.എ. ബേബിക്കും

തിരുവനന്തപുരം: കേരളീയം പരിപാടിക്കെത്തുന്ന പൗര പ്രമുഖരുടെ വിമാനയാത്രക്ക് 1 കോടി അനുവദിച്ചു. എം.എ ബേബിയും ജോണ്‍ ബ്രിട്ടാസുമാണ് പൗര പ്രമുഖരെ കണ്ടെത്തിയത്. പൗര പ്രമുഖരുടെ യാത്രക്ക് ഇന്നോവ ക്രിസ്റ്റയും അനുവദിച്ചിട്ടുണ്ട്. 33.45 ലക്ഷമാണ് ഇതിനു വേണ്ടിയുള്ള ചെലവ്. മറ്റു ചെലവുകള്‍ എന്ന ഓമന പേരില്‍ 64.55 ലക്ഷവും അടക്കം ട്രാന്‍സ് പോര്‍ട്ട് കമ്മിറ്റിക്ക് മാത്രം ചെലവ് 1.98 കോടിരൂപയാണ്.

ഇവരുടെ താമസത്തിന് ഒരുക്കിയിരിക്കുന്ന മുറിയുടെ വാടക ദിവസവും 5,000 രൂപയാണ്. 200 ഡെലിഗേറ്റ്‌സിന്റെ 8 ദിവസത്തെ താമസത്തിനായി 80 ലക്ഷം രൂപയാണ് അനുവദിച്ചത്. 48 ലക്ഷം രൂപ ഇവരുടെ ഭക്ഷണ ചെലവിനായും അനുവദിച്ചിട്ടുണ്ട്. 27 സി.സി.റ്റി.വി ക്യാമറകള്‍ അടക്കം കനത്ത സെക്യൂരിറ്റിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

31.17 ലക്ഷമാണ് സെക്യൂരിറ്റിയുടെ ചെലവ്. രാത്രിയെ പകലാക്കാന്‍ 2.97 കോടിയാണ് വൈദ്യുത ദീപാലങ്കാരത്തിനായി അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ തലയുമായി കേരളീയത്തിന്റെ ഹോര്‍ഡിംഗ്‌സ് സ്ഥാപിക്കാന്‍ 50 ലക്ഷവും അനുവദിച്ചു.

നവംബര്‍ 4 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന കെ.എസ്. ചിത്രയുടെ ഗാനമേളക്ക് 22 ലക്ഷം, 6 ന് സ്റ്റീഫന്‍ ദേവസിയുടെ ഗാനമേളക്ക് 13.20 ലക്ഷം, 7 ന് ജയചന്ദ്രന്റെ ഷോ യ്ക്ക് 1.03 കോടിയും അനുവദിച്ചിട്ടുണ്ട്. ഒരു വശത്ത് പിണറായിയുടേയും പൗര പ്രമുഖരുടേയും ഷോ നടക്കുമ്പോള്‍ മറുവശത്ത് നിയമസഭയില്‍ ഷംസീര്‍ 7 ദിവസം നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര പുസ്തമേളയും നടക്കും. ഇതിന്റെ ചെലവ് വെറും 2 കോടി.

കോടികള്‍ പൊടിപൊടിക്കുന്ന ദിനങ്ങളാണ് നവംബറിലെ ആദ്യ ആഴ്ചയെന്ന് വ്യക്തം. ജനങ്ങളുടെ നികുതി പണത്തില്‍ നിന്ന് സര്‍ക്കാര്‍ വക ആറാട്ടായി കേരളീയവും പുസ്തകമേളയും മാറുന്നു. കേരളീയത്തിന് ടെണ്ടര്‍ ഇല്ലാത്തതുകൊണ്ട് ചിലരുടെ പോക്കറ്റിലേക്ക് ഒഴുകുന്ന പണത്തിന് കയ്യും കണക്കും ഉണ്ടാവില്ല.

Leave a Reply

Your email address will not be published. Required fields are marked *