News

മധുവിന്റെ മരണം കൊലപാതകമെന്ന് സംശയം; സിബിഐക്ക് പരാതി നല്‍കി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

പാലക്കാട്: വാളയാര്‍ കേസിലെ പ്രതി കുട്ടി മധു എന്ന എം മധുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ. മധുവിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി അമ്മ ആരോപിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരാണ് മധുവിന്റെ മരണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു. ഇത് സംബന്ധിച്ച് അമ്മ സിബിഐക്ക് പരാതി നല്‍കി. ‘കുട്ടി മധുവിന്റെ പക്കലുള്ള ഫോണുകളും രേഖകളും ഉടന്‍ കസ്റ്റഡിയില്‍ എടുക്കണം. നേരത്തെ ആത്മഹത്യ ചെയ്ത പ്രദീപിന്റേയും കുട്ടിമധുവിന്റേയും മരണം സിബിഐ അന്വേഷിക്കണം. മറ്റ് പ്രതികളെ അറസ്റ്റ് ചെയ്ത് സംരക്ഷിക്കണമെന്നും അമ്മ പറഞ്ഞു. കേസിലെ തെളിവുകള്‍ നശിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും തടയണം’ എന്നും പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു ജോലി ചെയ്യുന്ന ആലുവ ഇടത്തലയിലെ ഫാക്ടറിയില്‍ കുട്ടിമധുവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിലെ നാലാം പ്രതിയാണ് മരിച്ച മധു. സംഭവത്തില്‍ ഫാക്ടറിയിലെ സൈറ്റ് മാനേജരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. എടയാര്‍ സിങ്കിലെ നിയാസിനെയാണ് ചോദ്യം ചെയ്യുന്നത്. കമ്പനിയിലെ തകിടുകളും ചെമ്പുകമ്പികളും നേരത്തെ മോഷണം പോയിരുന്നു. ഈ കേസില്‍ മധു പിടിയിലായിരുന്നു.

മധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ഫാക്ടറിയിലെ സന്ദര്‍ശകരെ ഉള്‍പ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *