KeralaNews

പ്രവീൺ റാണക്ക് ജാമ്യം; നിക്ഷേപ തട്ടിപ്പ് കേസിൽ ജയിൽ മോചിതനായി

തൃശൂർ: നിക്ഷേപ തട്ടിപ്പ് കേസുകളിൽ ജയിലിലായിരുന്ന പ്രവീൺ റാണക്ക് ജാമ്യം ലഭിച്ചു. വിവിധ ജില്ലകളിലെ കോടതികളിൽ 260 വഞ്ചനാ കേസുകൾ ഉണ്ടായിരുന്നു. ഈ കേസുകളിൽ ജാമ്യം ലഭിച്ചതോടെ പ്രവീൺ റാണ ജയിൽ മോചിതനായി. കഴിഞ്ഞ 10 മാസമായി വിയ്യൂർ ജില്ലാ ജയിലിൽ റിമാൻഡിലായിരുന്നു. വയനാട്ടിലെ അവസാന കേസിലും ജാമ്യം ലഭിച്ചതോടെയാണ് റാണ പുറത്തിറങ്ങിയത്. തൃശൂരിലെ സേഫ് ആൻഡ് സ്ട്രോങ്ങ് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ പ്രവീൺ റാണ കോയമ്പത്തൂരിൽ നിന്നാണ് പിടിയിലായത്. തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ ജനുവരി ആറിനാണ് ഇയാൾ സംസ്ഥാനത്ത് നിന്നും മുങ്ങിയത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയ്ക്ക് എതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ ലഭിച്ചിരുന്നു. 

കൊച്ചിയിലെ ഫ്ലൈ ഹൈ ബാർ, നവി മുംബൈയിലെ 1500 കോടിയുടെ പദ്ധതി, ബംഗലൂരുവിലും പുണെയിലുമുളള ഡാൻസ് ബാറുകൾ, ഇങ്ങനെ നിരവധിയനവധിപ്പദ്ധതികളിൽ താൻ പണം മുടക്കിയെന്നാണ് റാണ അവകാശപ്പെട്ടിരുന്നത്. എന്നാൽ തൃശൂരിലെ സേഫ് ആന്‍റ് സ്ട്രോങ് കേന്ദ്ര ഓഫീസ് വിലാസത്തിൽ രജിസ്റ്റർ ചെയ്ത പല സ്ഥാപനങ്ങളും കടലാസ് കമ്പനികളാണെന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നു. 33 അക്കൗണ്ടുകളിലായി 138 കോടിയോളമാണ് പ്രവീൺ റാണ സ്വീകരിച്ച നിക്ഷേപം. 

Leave a Reply

Your email address will not be published. Required fields are marked *