തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ നിന്ന് ‘ഇന്ത്യ’ ഒഴിവാക്കി ‘ഭാരത്’ ആക്കാനുള്ള എന്‍സിഇആർടി നിർദേശം കേരളത്തിൽ നടപ്പാക്കിയേക്കില്ല. എന്‍സിഇആർടി ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ സ്വന്തമായി ടെക്സ്റ്റ് ബുക്ക് ഇറക്കുന്നത് അടക്കമുള്ള സാധ്യതകൾ തേടാനാണ് സംസ്ഥാന സർക്കാർ ആലോചന.

കേരളത്തില്‍ പ്ലസ് വൺ,പ്ലസ് ടു ക്ലാസുകളിലാണ് എൻസിഇആർടി പാഠപുസ്തകങ്ങൾ പഠിപ്പിക്കുന്നത്.ചരിത്രം, സാമൂഹ്യ ശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങളിൽ എൻസിഇആർടി വെട്ടിയ പ്രധാന പാഠഭാഗങ്ങൾ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക പാഠപുസ്തകങ്ങൾ തന്നെ അടുത്തിടെ പുറത്തിറക്കിയിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെ ടെക്സ്റ്റുകളിൽ ‘ഭാരത്’ ആക്കാനുള്ള എൻസിഇആർടിയുടെ പുതിയ നീക്കത്തോടും ശക്തമായ നിലപാട് തുടരാനാണ് സംസ്ഥാന സർക്കാരിൻറെ തീരുമാനം. ഇന്ത്യയെന്ന പേര് ഒഴിവാക്കപ്പെടുന്നത് രാഷ്ട്രീയമായും ചരിത്രപരമായും ശരിയല്ലെന്നാണ് സംസ്ഥാനത്തിൻ്റെ നിലപാട്. അതിനാൽ പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാക്കിയാൽ ഹയർസെക്കൻഡറിയിലും സ്വന്തമായി പാഠപുസ്തകങ്ങൾ ഇറക്കുകയാണ് സർക്കാരിനു മുന്നിലുള്ള വഴി.എന്‍സിഇആർടി നിർദേശം കേന്ദ്ര സർക്കാർ അംഗീകരിക്കുമോ എന്ന് വ്യക്തമായിട്ടില്ല. ഇതനുസരിച്ച് ആയിരിക്കും സംസ്ഥാനത്തിൻ്റെ തുടർ നടപടികൾ. പ്രത്യേകം പാഠപുസ്തകം ഇറക്കാൻ സർക്കാർ തീരുമാനിച്ചാലും അത് പെട്ടെന്ന് പ്രാവർത്തികമാക്കുക പ്രയാസമാണ്. അതിനിടെ പേര് മാറ്റം ബ്രിട്ടീഷുകാർ എഴുതിവച്ച ചരിത്രം പഠിപ്പിക്കുന്നതിൽ നിന്ന് ഒരു മാറ്റമാണെന്നാണ് എൻ സി ഇ ആർ ടി സമിതി ചെയർമാനായ പ്രൊഫസർ സി ഐ ഐസകിൻ്റെ നിലപാട്.