KeralaNewsPolitics

ആരോഗ്യ മന്ത്രി പ്രതിപക്ഷത്തിന് ക്ലാസെടുക്കാതെ ആരോപണങ്ങൾക്ക് മറുപടി പറയണം; വിഡി സതീശൻ

കോഴിക്കോട്: ആരോഗ്യ മന്ത്രി വീണ ജോർജ്ജ് പ്രതിപക്ഷത്തിന് ക്ലാസെടുക്കാതെ ആരോപണങ്ങൾക്ക് മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മഹാമാരിയുടെ കാലത്ത് നടന്ന കൊള്ളയെ കുറിച്ച് പ്രതിപക്ഷം നിയമസഭയിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ലോകായുക്തയിൽ കേസും തുടരുന്നു. ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് അതിനേക്കാൾ ഞെട്ടിക്കുന്ന വിവരങ്ങളാണ്. 26 ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്തു. വിതരണം ചെയ്യാൻ പാടില്ല എന്ന് പറഞ്ഞ മരുന്ന് 483 ആശുപത്രികളിൽ കൊടുത്തു. സ്റ്റോപ്പ് മെമ്മോ വച്ച മരുന്നുകൾ 148 ആശുപത്രികളിൽ കൊടുത്തു . ഇതാണ് സി ആന്റ് എ.ജി.യുടെ കണ്ടെത്തൽ . ഇക്കാര്യം പ്രതിപക്ഷം ചോദിക്കണ്ട എന്നാണോ ആരോഗ്യ മന്ത്രി പറയുന്നത്. പ്രതിപക്ഷം ഇനിയും ആരോപണങ്ങൾ ഉന്നയിക്കും. അതിന് കൃത്യമായ മറുപടിയാണ് വേണ്ടത്. എങ്ങനെ ആരോപണം ഉന്നയിക്കണമെന്ന് ആരോഗ്യ മന്ത്രി ക്ലാസ് എടുക്കണ്ടതില്ലെന്നും വിഡി സതീശൻ പറഞ്ഞു.

കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്താൽ ജീവഹാനിക്ക് വരെ കാരണമാകും. ഷെൽഫ് ലൈഫ് കഴിഞ്ഞ മരുന്നുകൾ യുഡിഎഫ് കാലത്തെ ആണോ എന്ന് ആരോഗ്യ മന്ത്രി ചോദിക്കുന്നത് തമാശയാണ് . കാലാവധി കഴിഞ്ഞ മരുന്നുകൾ മെഡിക്കൽ സർവീസസ് കോർപറേഷനിൽ വന്നാൽ എന്ത് ചെയ്യണമെന്ന് എഴുതി വച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി അത് വായിച്ച് നോക്കണം. ഷെൽഫ് ലൈഫ് കഴിഞ്ഞ മരുന്നുകൾ അതേ കമ്പനിക്ക് തിരിച്ചു കൊടുത്ത് അവരിൽ നിന്ന് പണവും പിഴയും ഈടാക്കണമെന്നും പ്രതിപക്ഷ നേതാവ് പറ‍ഞ്ഞു. കഴിഞ്ഞ 7 വർഷമായി ഇതൊന്നും ചെയ്തിട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു.

കാര്യം അറിയാതെയാണ് ആരോഗ്യ മന്ത്രി സംസാരിക്കുന്നത്. മഹാമാരി കാലത്ത് പർച്ചേസുകളിൽ കൊള്ളയാണ് നടന്നത്. എവിടെ അഴിമതി നടന്നാലും അവസാനം വന്നു വീഴുന്ന ഒരു പെട്ടിയുണ്ട്. അവിടേയ്ക്ക് തന്നെയാണ് ഈ അഴിമതി പണവും വരുന്നത്. ഇതൊന്നും കേരളത്തിലെ പ്രതിപക്ഷം വിടില്ലെന്നും വിഡി സതീശൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *