തിരുവനന്തുപുരം: മുമ്പൊരിക്കലും കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള മഹാ സർഗോത്സവമാണ് കേരളീയത്തിൽ അരങ്ങേറുന്നതെന്ന് സാംസ്‌കാരികവകുപ്പു മന്ത്രി സജി ചെറിയാൻ.നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിലെ സാംസ്‌കാരികപരിപാടികൾ കനകക്കുന്നു പാലസ് ഹാളിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു മന്ത്രി. ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്ന രീതിയിൽ കേരളം ആർജിച്ച നേട്ടങ്ങളെ നിരവധി വേദികളിലെ സർഗ സന്ധ്യകളായി കേരളീയം 2023 ആവിഷ്‌കരിക്കും. വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളെ ഏകോപിപ്പിച്ചുള്ള കലാപരിപാടികൾ കേരളീയത്തിൽ അരങ്ങേറും. എല്ലാപരിപാടികളിലേക്കും പ്രവേശനം പൂർണമായും സൗജന്യമാണ്.

നാലു പ്രധാന വേദികൾ,രണ്ടു നാടകവേദികൾ, പന്ത്രണ്ട് ഉപവേദികൾ, പതിനൊന്ന് തെരുവു വേദികൾ, സാൽവേഷൻ ആർമി സ്‌കൂൾ മൈതാനം എന്നിങ്ങനെ മുപ്പത് ഇടങ്ങളിലാണ് കലയുടെ മഹോത്സവം നടക്കുക. സെൻട്രൽ സ്റ്റേഡിയം, നിശാഗന്ധി, ടാഗോർ തിയേറ്റർ, പുത്തരിക്കണ്ടം മൈതാനം എന്നിവയാണ് പ്രധാന വേദികൾ. സെനറ്റ് ഹാളിൽ നാടകങ്ങളും ഭാരത് ഭവന്റെ മണ്ണരങ്ങിൽ കുട്ടികളുടെ നാടകോത്സവവും നടക്കും. വിവേകാനന്ദ പാർക്ക്, കെൽട്രോൺ കോമ്പൗണ്ട്, ടാഗോർ ഓപ്പൺ എയർ ഓഡിറ്റോറിയം, ഭാരത് ഭവൻ, വിമൺസ് കോളേജ്, ബാലഭവൻ, പഞ്ചായത്ത് അസോസിയേഷൻ ഹാൾ, സൂര്യകാന്തി, മ്യൂസിയം റേഡിയോ പാർക്ക്,എസ് എം വി സ്‌കൂൾ, യൂണിവേഴ്സിറ്റി കോളേജ്, ഗാന്ധി പാർക്ക് എന്നിവയാകും ഉപവേദികൾ. സെൻട്രൽ സ്റ്റേഡിയത്തിൽ ഏഴു ദിവസവും മറ്റു വേദികളിൽ നവംബർ ഒന്നു മുതൽ ആറു വരെയും ആണ് കലാ സന്ധ്യകൾ നടക്കുക. സെൻട്രൽ സ്റ്റേഡിയത്തിൽ ശോഭനയുടെ ‘സ്വാതി ഹൃദയം’ എന്ന നൃത്ത സന്ധ്യ നവംബർ ഒന്നിനു നടക്കും. രണ്ടാം ദിവസം ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപും നടനും എം.എൽ.എയുമായ മുകേഷും തമ്മിലുള്ള അശ്വമേധത്തിന്റെ പശ്ചാത്തലത്തിൽ 140 കലാകാരന്മാർ അണിനിരക്കുന്ന ‘കേരളപ്പെരുമ’എന്ന മെഗാ ഷോ നടക്കും. കെ.എസ്.ചിത്രയുടെ ഗാനമേള, സ്റ്റീഫൻ ദേവസ്സിയും മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരും ഒരുമിക്കുന്ന മ്യൂസിക്കൽ മെഗാ ഷോ, മുരുകൻ കാട്ടാക്കടയുടെ നേതൃത്വത്തിൽ അരങ്ങേറുന്ന ‘മ’ഷോ എന്ന മെഗാ കാവ്യ മേള, സൂര്യ കൃഷ്ണമൂർത്തിയുടെ സംവിധാനത്തിലുള്ള ‘പൂർവ മാതൃകകളില്ലാത്ത നാട്ടറിവുകൾ’ എന്ന നാടൻ കലാമേളയുണ്ടാകും.