Cinema

കേരളത്തിലെ ലിയോ പ്രൊമോഷന് അഭൂതപൂർവമായ തിരക്ക്; ലോകേഷിന് പരിക്ക്, അതിരുകടന്നപ്പോൾ പോലീസ് ലാത്തി വീശി

പാലക്കാട്: തിയറ്ററിൽ വൻ ആവേശമായി പ്രദർശനം തുടരുന്ന ലിയോ പ്രൊമോഷന് കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിന് പരിക്ക്. കാലിന് പരിക്കേറ്റ ലോകേഷ് ചെന്നൈയിലേക്ക് മടങ്ങി. കേരളത്തിലെ മറ്റു പ്രൊമോഷൻ പരിപാടികൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. പാലക്കാട് അരോമ തിയേറ്ററിൽ വച്ചായിരുന്നു സംഭവം. ഇന്ന് രാവിലെയാണ് ലിയോ പ്രൊമോഷന്റെ ഭാഗമായി ലോകേഷ് കനകരാജ് കേരളത്തിൽ എത്തിയത്. പാലക്കാട് അരോമ തിയറ്ററിൽ എത്തിയ സംവിധായകനെ കാണാൻ നൂറ്കണക്കിന് ആരാധകരാണ് തടിച്ചു കൂടിയത്. പൂർണ്ണ രീതിയിലുള്ള സെക്യൂരിറ്റി സംവിധാനങ്ങൾ ഉൾപ്പെടെ ഗോകുലം മൂവീസ് ഒരുക്കിയിട്ടും ലോകേഷിനെ കാണാനെത്തിയ പ്രേക്ഷകരുടെ നിലക്കാത്ത ജനപ്രവാഹമായിരുന്നു തിയറ്ററിലേക്ക്.

തിരക്കിനിടയിൽപ്പെച്ച ലോകേഷിന്റെ കാലിന് പരിക്കേൽക്കുക ആയിരുന്നു. നിയന്ത്രണങ്ങൾ മറികടന്ന് അതിരുവിട്ട ജനത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശുകയും ചെയ്തിരുന്നു. ഇന്ന് നടത്താനിരുന്ന തൃശൂർ രാഗം തിയേറ്ററിലെയും കൊച്ചി കവിത തിയേറ്ററിലെയും വിസിറ്റുകൾ റദ്ദാക്കി. കൊച്ചിയിൽ നടത്താനിരുന്ന പ്രെസ്സ് മീറ്റ് മറ്റൊരു ദിവസത്തിൽ നടത്താനായി എത്തിച്ചേരുമെന്ന് ലോകേഷ് അറിയിച്ചു. അവധി ദിവസമായ ഇന്നും ഹൗസ്ഫുൾ ഷോകളുമായി റെക്കോർഡ് കളക്ഷനിലേക്ക് കുതിക്കുകയാണ് ലിയോ. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ലിയോയിൽ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ ശ്രദ്ധേയ വേഷങ്ങളിൽ എത്തിയിരുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *