പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം വര്‍ദ്ധിപ്പിക്കും; നാല് ലക്ഷം രൂപയാക്കും; ആവശ്യപ്പെട്ടത് നാലിരട്ടി വര്‍ദ്ധനവ്

തിരുവനന്തപുരം: പി.എസ്.സി ചെയര്‍മാന്റേയും അംഗങ്ങളുടേയും ശമ്പളം വര്‍ദ്ധിപ്പിക്കുന്നു. ചെയര്‍മാന് 4 ലക്ഷം രൂപയും അംഗങ്ങള്‍ക്ക് 3.75 ലക്ഷവും ലഭിക്കും. നിലവില്‍ ചെയര്‍മാന്റെ ശമ്പളം 2.26 ലക്ഷവും അംഗങ്ങള്‍ക്ക് 2.23 ലക്ഷവും ആണ്. ചെയര്‍മാന്റെ പെന്‍ഷന്‍ 2.50 ലക്ഷമായും അംഗങ്ങളുടേത് 2.25 ലക്ഷമായും ഉയരും.

നിലവില്‍ 1.25 ലക്ഷമാണ് ചെയര്‍മാന്റെ പെന്‍ഷന്‍. അംഗങ്ങള്‍ക്ക് 1.20 ലക്ഷവും ആണ് പെന്‍ഷന്‍ ലഭിക്കുന്നത്. ശമ്പളവും പെന്‍ഷനും വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പി.എസ്. സി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. പി.എസ്.സിയുടെ പ്രൊപ്പോസല്‍ ധനവകുപ്പിന്റെ അന്തിമ പരിഗണനയിലാണ്.

ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും ധനവകുപ്പ് അംഗികരിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന. കേന്ദ്ര നിരക്കിലുള്ള ഡി.എ യും സെന്‍ട്രല്‍ ജുഡിഷ്യല്‍ കമ്മീഷന്‍ അംഗങ്ങള്‍ക്കുള്ള അലവന്‍സുകളും ലഭിക്കണമെന്നാണ് പി.എസ്.സി ആവശ്യപ്പെട്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കാന്‍ ധനവകുപ്പ് തയ്യാറായിട്ടില്ല.

അടിസ്ഥാന ശമ്പളത്തില്‍ നാലിരട്ടി വര്‍ധനയാണ് പി.എസ്.സി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ചെയര്‍മാന്റെ അടിസ്ഥാന ശമ്പളം 76000 രൂപയും മെമ്പര്‍മാരുടേത് 70000 രൂപയും ആണ്. വിവിധ ബത്തകള്‍ കൂടി ചേരുമ്പോള്‍ ചെയര്‍മാന്റെ മൊത്ത ശമ്പളം 2.26 ലക്ഷവും അംഗങ്ങളുടേത് 2.23 ലക്ഷവും ആയി മാറും. വര്‍ധന വരുന്നതോടെ ചെയര്‍മാന് അടിസ്ഥാന ശമ്പളം 2.24 ലക്ഷവും മെമ്പര്‍മാര്‍ക്ക് 2.19 ലക്ഷവും ആയി അടിസ്ഥാന ശമ്പളം ഉയരും.

മറ്റ് ആനുകൂല്യങ്ങള്‍ കൂടിയാകുമ്പോള്‍ ചെയര്‍മാന് 4 ലക്ഷവും അംഗങ്ങള്‍ക്ക് 3.75 ലക്ഷവും ശമ്പളം ലഭിക്കും. ചെയര്‍മാന്‍ ഉള്‍പ്പെടെ 21 അംഗങ്ങളാണ് പി.എസ്.സിയില്‍ ഉള്ളത്.ചീഫ് സെക്രട്ടറിയുടെ എല്ലാ ആനുകൂല്യങ്ങളും ചെയര്‍മാനും അംഗങ്ങള്‍ക്കും ലഭിക്കും. കുടുംബാംഗങ്ങളുടെ ചികില്‍സ ഉള്‍പ്പെടെ എല്ലാം ഫ്രീ ആണ്. പി.എസ്.സി അംഗമാകാന്‍ വിദ്യാഭ്യാസ യോഗ്യത നിഷ്‌കര്‍ഷിക്കുന്നില്ല.

രണ്ടാം ക്ലാസുകാരനും സര്‍ക്കാരില്‍ പിടിയുണ്ടെങ്കില്‍ പി.എസ്.സി അംഗമാകാം എന്നര്‍ത്ഥം. പത്ത് അംഗങ്ങള്‍ സര്‍ക്കാര്‍ സര്‍വിസില്‍ പരിചയമുള്ള വരായിക്കണം.രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പി.എസ്.സി അംഗങ്ങളുള്ള സംസ്ഥാനമാണ് കേരളം. രണ്ടാം സ്ഥാനത്തുള്ള തമിഴ് നാട്ടില്‍ 14 പി.എസ്. സി അംഗങ്ങളാണ് ഉള്ളത്.

കര്‍ണാടയില്‍ 13 പി.എസ്.സി അംഗങ്ങളാണ് ഉള്ളത്. യു.പി.എ.സിയില്‍ പോലും ചെയര്‍മാന്‍ അടക്കം 9 അംഗങ്ങളാണ് ഉള്ളത്. പി.എസ്.സി നിയമനങ്ങളേക്കാള്‍ പിന്‍വാതില്‍ നിയമനങ്ങളാണ് സംസ്ഥാനത്ത് കൂടുതല്‍ നടക്കുന്നത്.സി.പി.എം, സി.പി.ഐ, കേരള കോണ്‍ഗ്രസ് (എം), എന്‍.സി.പി എന്നിവരുടെ പ്രതിനിധികളാണ് പി.എസ്.സി മെമ്പര്‍മാര്‍. അതുകൊണ്ട് തന്നെയാണ് സാമ്പത്തിക പ്രതിസന്ധികാലത്ത് പി.എസ്.സി അംഗങ്ങളുടെ എണ്ണം കുറയ്‌ക്കേണ്ടതിന് പകരം ശമ്പളം കൂട്ടി കൊടുക്കുന്നതും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments