തിരുവനന്തപുരം: പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും സുരക്ഷിത പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും നടപ്പാക്കിയ പച്ചക്കറി വികസന പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് ലഭിച്ച വിളവെടുപ്പ് 2630 കിലോഗ്രാം.
ക്ലിഫ് ഹൗസില്‍ കൃഷി ചെയ്യാന്‍ 1.81 ലക്ഷം ചെലവാക്കിയെന്നാണ് കണക്കുകള്‍. 2016-17 മുതല്‍ 2022-23 വരെയുള്ള കാലയളവിലെ കണക്കാണിത്. 2630 കിലോഗ്രാം വിളവ് ക്ലിഫ് ഹൗസിലെ കൃഷിയില്‍ നിന്ന് ലഭിച്ചെന്നാണ് കൃഷി മന്ത്രി വെളിപ്പെടുത്തുന്നത്.
കുടപ്പനക്കുന്ന്, സിറ്റി കോര്‍പ്പറേഷന്‍ കൃഷിഭവനുകളില്‍ നിന്ന് പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായാണ് കൃഷി ചെയ്തത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വസതികളില്‍ കൃഷി ചെയ്യാന്‍ എത്ര രൂപ ചെലവഴിച്ചുവെന്നും എത്ര വിളവെടുപ്പ് കിട്ടിയെന്നും നിയമസഭയില്‍ ചോദ്യം ഉന്നയിച്ചത് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയാണ്.
17.64 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വീടുകളില്‍ കൃഷി ചെയ്യാന്‍ ഉപയോഗിച്ചത്. 25949 കിലോഗ്രാം വിളവെടുപ്പ് ആണ് മന്ത്രി മന്ദിരങ്ങളില്‍ നിന്ന് ലഭിച്ചത്. ഒന്നാം പിണറായി സര്‍ക്കാരില്‍ 19 മന്ത്രിമാര്‍ വരെ മന്ത്രിമന്ദിരങ്ങളില്‍ കൃഷി ചെയ്തിരുന്നെങ്കില്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ പല മന്ത്രിമാര്‍ക്കും കൃഷിയോട് താല്‍പര്യമില്ല.
മുന്‍ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ 1.33 ലക്ഷം രൂപക്ക് കൃഷി ചെയ്ത് 1160 കിലോഗ്രാം വിളവ് കൊയ്തു. കര്‍ഷകനായ ഇപ്പോഴത്തെ കൃഷിമന്ത്രി പി. പ്രസാദ് മന്ത്രി മന്ദിരത്തില്‍ കൃഷി ചെയ്യുന്നില്ലെന്നാണ് നിയമസഭ രേഖകള്‍ നിന്ന് വ്യക്തമാകുന്നത്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ വര്‍ഷം മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാര്‍ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായെങ്കില്‍ 2022 ല്‍ അത് 6 മന്ത്രിമാരിലേക്ക് ചുരുങ്ങി. ബാലഗോപാല്‍, ആന്റണി രാജു, പി. രാജീവ്, ജി.ആര്‍. അനില്‍, കെ.രാജന്‍, അഹമ്മദ് ദേവര്‍ കോവില്‍ എന്നി മന്ത്രിമാര്‍ മാത്രമാണ് 2022-23 ല്‍ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായത്.