Kerala

കപ്പല്‍ വന്നാലും പിണറായിക്ക് കോടികളുടെ പി.ആര്‍ മുഖ്യം: വിഴിഞ്ഞത്ത് സ്വീകരിക്കാൻ ചെലവ് 67.55 ലക്ഷം രൂപ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന് ക്രെയിന്‍ കൊണ്ടുവന്ന കപ്പലിനെ സംസ്ഥാന സര്‍ക്കാര്‍ വളരെ ആഘോഷത്തോടെയാണ് സ്വീകരിച്ചത്. തുറമുഖ നിര്‍മ്മാണ പദ്ധതി വെറും അറുപത് ശതമാനം മാത്രം പൂര്‍ത്തിയായപ്പോഴാണ് തുറമുഖം തന്നെ ഉദ്ഘാടനം ചെയ്തുവെന്ന തരത്തില്‍ പിണറായി വിജയനും കൂട്ടരും ആഘോഷമായി സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. കപ്പല്‍ എത്തുന്നത് ആഘോഷിക്കാനും പ്രചാരണത്തിനും 67.55 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ചെലവാക്കിയിരിക്കുന്നത്.

ഉദ്ഘാടന ചെലവിന് 67.55 ലക്ഷം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം എം.ഡി. ആദില അബ്ദുള്ള സർക്കാരിന് ഈ മാസം 5 ന് കത്ത് നൽകിയിരുന്നു. തുടർന്ന് ഈ മാസം 7 ന് 67.55 ലക്ഷം അനുവദിച്ച് ഫിഷറിസ് തുറമുഖ വകുപ്പ് ഉത്തരവും ഇറങ്ങിയിരിന്നു. പരസ്യത്തിനും ഉദ്ഘാടന പരിപാടിക്കുമാണ് എം.ഡി 67.55 ലക്ഷം ആവശ്യപെട്ടത്.

പ്രധാനപ്പെട്ട പത്രങ്ങളിൽ എല്ലാം പിണറായിയുടെ തലയോടെ ഫുൾ പേജ് പരസ്യവും ഉദ്ഘാടന ദിവസം ഉണ്ടായിരുന്നു. പത്രങ്ങളുടെ വിശദമായ പരസ്യ ബില്ല് വരും ദിവസങ്ങളിൽ ലഭിക്കുന്ന മുറയ്ക്കേ അന്തിമ തുക എത്രയെന്ന് കണക്കാക്കാനാകും. ഉദ്ഘാടന ചെലവ് ഉയരും എന്നാണ് ലഭിക്കുന്ന സൂചന. പരസ്യങ്ങളടക്കം ഉദ്ഘാടന ചെലവ് 1.25 കോടി കവിയും എന്നാണ് സെക്രട്ടേറിയേറ്റിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.

രാജ്യത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ നിര്‍മ്മാണത്തിന് ഭീമന്‍ ക്രെയിനുകളുമായി വരുന്ന കപ്പലിനെ സ്വീകരിക്കുന്നതിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇച്ഛാശക്തിയെന്നാണ് സര്‍ക്കാരും സിപിഎമ്മും വിശേഷിപ്പിക്കുന്നത്. തലസ്ഥാന നഗരത്തിലാകെ മുഖ്യമന്ത്രിയുടെ ഫുള്‍ ഫിഗര്‍ ഫ്‌ളക്‌സടിക്കാനും മാധ്യമങ്ങളിലൂടെ പ്രചാരണം നടത്താനുമാണ് 67.55 ലക്ഷത്തില്‍ സിംഹഭാഗവും ചെലവിട്ടിരിക്കുന്നത്.

കപ്പലിനെ സ്വീകരിച്ച് പൊതുസമ്മേളനം നടത്തിയ പിണറായി വിജയന്‍, തന്റെ പ്രസംഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി നയനാരുടെ കാലത്താണ് വിഴിഞ്ഞം പദ്ധതി തുടങ്ങിയതെന്ന അവകാശ വാദം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും പിണറായി വിജയനെ സംബന്ധിച്ചിടത്തോളം ഇത് പിണറായി സര്‍ക്കാരിന്റെ നേട്ടമെന്നാണ് പ്രചാരണം.

പദ്ധതി നടത്തിപ്പിന് ആവശ്യമായ തുക അനുവദിക്കാന്‍ കാലതാമസം വരുത്തിയാലും അതിന്റെ പേരിലുള്ള പ്രചാരണത്തിനും ആഘോഷത്തിനും തുക അനുവദിക്കാന്‍ വൈകരുതെന്നാണ് സര്‍ക്കാര്‍ നയം. ഉദ്ഘാടന ചെലവിന് 67,55,500 രൂപ അനുവദിക്കാന്‍ സീപോര്‍ട്ട് എം.ഡി ആവശ്യപ്പെട്ട് 48 മണിക്കൂറിനകംതന്നെ തുക അനുവദിച്ച് ഭരണവകുപ്പില്‍ നിന്ന് ഉത്തരവിറങ്ങുകയായിരുന്നു.

അതേസമയം, പദ്ധതി നടത്തിപ്പിന് 338 കോടി രൂപയുടെ ആവശ്യമുണ്ടായപ്പോള്‍ 16.25 കോടിയായിരുന്നു ഈ സര്‍ക്കാര്‍ ആറുമാസത്തിന് ശേഷം അനുവദിച്ചത്. അതും കപ്പല്‍ സ്വീകരണ ദിവസത്തിന് രണ്ട് ദിവസം മുമ്പ് മാത്രം.

ഏപ്രില്‍ 28നായിരുന്നു പദ്ധതി നടത്തിപ്പിന് പണം ആവശ്യപ്പെട്ട് എം.ഡി സര്‍ക്കാരിന് കത്തയച്ചത്. വിഴിഞ്ഞം ഉള്‍പ്പെടെയുള്ള വന്‍കിട അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 360 കോടി 2023-24 ലെ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇതില്‍ നിന്നും 2023 സെപ്റ്റംബറിന് മുന്‍പ് 338.61 കോടി അനുവദിക്കണമെന്നായിരുന്നു എം.ഡി. കത്ത് മുഖേന ആവശ്യപ്പെട്ടത്.

കത്ത് പരിശോധിച്ച ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി തലവനായ ഹൈ പവര്‍ കമ്മറ്റി 16.25 കോടി അനുവദിക്കാമെന്ന് തീരുമാനമെടുത്തത് ജൂണ്‍ 24ന്. പണം ലഭിക്കാന്‍ വീണ്ടും 4 മാസം എടുത്തു. വിഴിഞ്ഞം ഉദ്ഘാടത്തിന് രണ്ട് ദിവസം മുന്‍പാണ് ധനവകുപ്പ് 16.25 കോടി അനുവദിച്ചത്. തുടര്‍ന്ന് ഫിഷറിസ് തുറമുഖ വകുപ്പും ഉത്തരവിറക്കിയതോടെയാണ് വിഴിഞ്ഞം എം.ഡിക്ക് 16.25 കോടി കിട്ടിയത്. 7 ഇനങ്ങള്‍ക്കായാണ് 16.25 കോടി അനുവദിച്ചത്. ബൗണ്ടറി വാള്‍ നിര്‍മ്മാണത്തിന് 1 കോടി , പ്രൊജക്ട് സ്റ്റഡിക്ക് 50 ലക്ഷം, സീഫുഡ് പാര്‍ക്കിന്റെ ഡിപിആര്‍ പ്രിപ്പറേഷന് 2 കോടി, പ്രൊജക്ടിന്റെ നിയമ, ടെക്‌നിക്കല്‍ ഉപദേശം, ഭരണപരമായ ചെലവുകള്‍ക്കും എഞ്ചിനീയര്‍മാരുടെ ശമ്പളത്തിനും 6 കോടി, ആര്‍ബ്രിട്രേഷന്‍ ഫീസായി 5 കോടി, വെബ് സൈറ്റിന് 25 ലക്ഷം, പി.ആര്‍ സെല്ലിന് 1.50 കോടിയും ഉള്‍പ്പെടെയുള്ള 7 ഇനങ്ങള്‍ക്കാണ് 16.25 കോടി അനുവദിച്ചത്.

വിഴിഞ്ഞം പദ്ധതിക്ക് 16.25 കോടി അനുവദിച്ച അതേ ദിവസം തന്നെയാണ് കേരളീയം പരിപാടിക്ക് 27 .12 കോടി ധനവകുപ്പ് അനുവദിച്ചത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് 7 ദിവസം നീളുന്ന തെരഞ്ഞെടുപ്പ് പ്രചരണമാണ് കേരളീയം. 85 ലക്ഷം രൂപയാണ് ഫുഡ് കമ്മിറ്റിക്ക് അനുവദിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ചെലവില്‍ വേണ്ടപ്പെട്ടവര്‍ക്ക് ജനങ്ങളുടെ നികുതി പണത്തില്‍ നിന്ന് ആഘോഷമായി കഴിക്കാമെന്ന് വ്യക്തം.

സര്‍ക്കാര്‍ ധൂര്‍ത്തിന് 27.12 കോടിയും വിഴിഞ്ഞം പോലൊരു അഭിമാന പദ്ധതിക്ക് 16.25 കോടിയും അനുവദിച്ചതിലൂടെ പിണറായി സര്‍ക്കാരിന്റെ മുന്‍ഗണന എന്തിനെന്ന് വ്യക്തമായിരിക്കുകയാണ്. 16.25 കോടി വിഴിഞ്ഞത്തിന് ലഭിക്കാന്‍ എം.ഡി അദീല അബ്ദുള്ളയ്ക്ക് 6 മാസം സെക്രട്ടേറിയേറ്റില്‍ കയറി ഇറങ്ങേണ്ടി നടന്നു എന്ന് ഉത്തരവില്‍ നിന്ന് വ്യക്തം. ആദിലക്ക് പകരം എം.ഡിയായി എത്തുന്ന ദിവ്യ എസ് അയ്യര്‍ വിഴിഞ്ഞത്തിന് ഫണ്ട് ലഭിക്കാന്‍ എത്ര മാസം സെക്രട്ടേറിയേറ്റ് കയറി ഇറങ്ങേണ്ടി വരും എന്ന് കാത്തിരുന്ന് കാണേണ്ടി വരും.

വിഴിഞ്ഞത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ഫ്‌ലക്‌സും പരസ്യവും ആയി മുന്നിട്ടിറങ്ങിയ പിണറായി 338 .61 കോടി ചോദിച്ചിട്ട് നല്‍കിയത് 16.25 കോടി മാത്രം. ആവശ്യപ്പെട്ട തുകയുടെ 5 ശതമാനം പോലും കൊടുക്കാന്‍ തയ്യാറാകാത്ത പിണറായിയുടെ തീരുമാനം വകുപ്പില്‍ ചര്‍ച്ചയായി മാറി കഴിഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x