തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് ടി.എ (യാത്രാ ബത്ത) നല്‍കാന്‍ 12 ലക്ഷം അനുവദിച്ച് ബാലഗോപാല്‍. അധിക ഫണ്ടായാണ് 12 ലക്ഷം അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവുവരുത്തി ഈ മാസം 10നാണ് ധനവകുപ്പ് ഉത്തരവിറക്കിയത്.
ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയതിനാല്‍ ട്രഷറിയില്‍ നിന്ന് പണം ഉടന്‍ ലഭിക്കും. 5 ലക്ഷം രൂപയായിരുന്നു മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന് ടി.എ നല്‍കാന്‍ ബജറ്റില്‍ വകയിരുത്തിയത്. 3 മാസം കൊണ്ട് തന്നെ 5 ലക്ഷം കാലിയായി. തുടര്‍ന്ന് 10 ലക്ഷം അധിക ഫണ്ട് അനുവദിച്ചിരുന്നു. അതും തീര്‍ന്നതോടെയാണ് വീണ്ടും 12 ലക്ഷം കൂടി അനുവദിച്ചത്.
4.05 കോടിയാണ് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന് ശമ്പളവും മറ്റ് അനുകൂല്യങ്ങളും നല്‍കാന്‍ ബജറ്റില്‍ വകയിരുത്തിയത്.25 മുതല്‍ 30 വരെയാണ് കേരളം ഭരിച്ചിരുന്ന മുഖ്യമന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം എങ്കില്‍ പിണറായി വിജയന് 37 പേഴ്‌സണല്‍ സ്റ്റാഫുകളുണ്ട്.
ഏറ്റവും കൂടുതല്‍ സുരക്ഷയുള്ള മുഖ്യമന്ത്രി, കൂടുതല്‍ അകമ്പടി കാറുള്ള മുഖ്യമന്ത്രി എന്നീ സ്ഥാനവും പിണറായിക്ക് സ്വന്തം. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശമ്പളവും പെന്‍ഷനും മാത്രമാണ് ട്രഷറിയില്‍ നിന്ന് മാറുന്നത്. ആശ്വാസ കിരണം പെന്‍ഷന്‍ കൊടുത്തിട്ട് 18 മാസമായി. 3 ലക്ഷം കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ 18 മാസമായി ലഭിക്കുന്നില്ല. ലൈഫ് മിഷന് 717 കോടി ബജറ്റില്‍ വകയിരുത്തിയെങ്കിലും 2 ശതമാനം മാത്രമാണ് അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധി ബാധകമല്ലാത്തത് മുഖ്യമന്ത്രിക്കും പേഴ്‌സണല്‍ സ്റ്റാഫിനും മന്ത്രിമാര്‍ക്കും മാത്രമാണ്. അവരുടെ കാര്യങ്ങള്‍ മുറ പോലെ നടക്കും. ഇതാണ് ബാലഗോപാലിന്റ നവ കേരള ധനകാര്യ മാനേജ്‌മെന്റ്.