Kerala

വയനാട്ടില്‍ കലാകാരന്‍മാരില്‍ നിന്ന് കൈക്കൂലി വാങ്ങി; അന്വേഷണം ആരംഭിച്ചു

കല്‍പറ്റ: വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഓണം വാരാഘോഷത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ അവസരം ലഭിച്ച കലാകാരന്‍മാരോട് കൈക്കൂലി വാങ്ങി.

വയനാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിലാണ് ക്രമക്കേട് നടന്നത്. ഇത് സംബന്ധിച്ച വിശദമായ പരാതി ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് ലഭിച്ചതോടെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ഈ മാസം 7 ന് ടൂറിസം അഡീഷണല്‍ സെക്രട്ടറിയും സീനിയര്‍ സൂപ്രണ്ടും വയനാട് ഡി.റ്റി.പി.സി യില്‍ എത്തി പരാതി സംബന്ധിച്ച വിശദമായ പരിശോധന നടത്തി. ഈ ആഴ്ച മന്ത്രിക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉദ്യോഗസ്ഥ അഴിമതി വര്‍ദ്ധിക്കുന്നുവെന്നുള്ള കണക്കുകള്‍ മുഖ്യമന്ത്രി തന്നെ പുറത്തുവിട്ടിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പ്യൂണ്‍ മുതല്‍ വകുപ്പ് തലവന്‍മാര്‍ വരെയുള്ള 216 ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ വിജിലന്‍സ് കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 1061 പേര്‍ക്കെതിരെ വിജിലന്‍സ് കേസും 129 പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണവും 423 പേര്‍ക്കെതിരെ പ്രാഥമികാന്വേഷണവും നടന്നുവരുന്നുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *