എന്തിനാണ് കിടന്ന് കരയുന്നത്; കരുവന്നൂരില്‍ കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടണം: തുറന്നടിച്ച് ജി. സുധാകരന്‍

ആലപ്പുഴ: എളമരം കരീം ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍. അമ്പലപ്പുഴ എം.എല്‍.എ എച്ച്. സലാമിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ താന്‍ സജീവമായില്ലെന്നുള്ള പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അദ്ദേഹം പരസ്യമായി തള്ളിക്കളഞ്ഞു.

വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് സുധാകരന്റ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നുവെന്നും കുറ്റം ചെയ്തതത് ആരൊക്കെയെന്ന് പൊതുസമൂഹത്തോട് പറയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തെറ്റ് ചെയ്യുന്നത് ഏത് കൊലക്കൊമ്പനായാലും നടപടിയെടുക്കാന്‍ പാര്‍ട്ടി തയ്യാറാകണം. കരുവന്നൂര്‍ കേസില്‍ കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടണം. കേസ് അന്വേഷിക്കുന്ന ഇഡിയെ തടയാനാകില്ല. പിഴവുണ്ടെങ്കില്‍ പരിശോധിക്കുന്നതില്‍ തടസ്സമില്ല. എം.കെ കണ്ണന്‍ കാര്യങ്ങള്‍ ഇഡിയെ ബോധ്യപ്പെടുത്തണം. അല്ലാതെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടത് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി മുഴുവന്‍ സമയവും താന്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ പരാതി അന്വേഷിച്ച എളമരം കമ്മീഷന്‍ താന്‍ പ്രവര്‍ത്തിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ എഴുതിവച്ചു. ഇതിന് പിന്നില്‍ ആരൊക്കെയെന്ന് താന്‍ വെളിപ്പെടുത്തും. എല്ലാം ജനങ്ങളെ ധരിപ്പിക്കുമെന്നും ജി സുധാകരന്‍ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments