പുസ്തകോത്സവത്തിന് 6 ഫുഡ് കോർട്ടും ഐസ്ക്രീം പാർലറും; 6 കർശന വ്യവസ്ഥള്‍
നിയമസഭയും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാനുള്ള ലക്ഷ്യത്തിലാണ് സ്പീക്കർ എ.എൻ. ഷംസീർ. അതിനായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതില്‍ പ്രധാനമാണ് അന്താരാഷ്ട്ര പുസ്തകോത്സവം. ഈ വർഷം നടക്കുന്ന രണ്ടാമത്ത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഫുഡ് കോർട്ടും ഐസ്ക്രീം പാർലറും ഒരുക്കുകയാണ്. നവംബർ 1 മുതൽ 7 വരെ നിയമസഭ സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന പുസ്തകോൽസവത്തിലാണ് ഫുഡ് കോർട്ടും ഐസ്ക്രീം പാർലറും സ്ഥാനം പിടിച്ചത്. 6 ഫുഡ് കോർട്ടും 1 ഐസ്ക്രീം പാർലറും സ്ഥാപിക്കാൻ നിയമസഭ സെക്രട്ടറിയേറ്റ് സെപ്റ്റംബർ 27 ന് ക്വട്ടേഷൻ ക്ഷണിച്ചു.
ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷനുള്ള ഹോട്ടൽ, ഐസ്ക്രീം പാർലർ ഉടമകളിൽ നിന്നാണ് ക്വട്ടേഷൻ സ്വീകരിക്കുക. അവസാന തീയതി ഒക്ടോബർ 10. പുസ്തകോൽസവം സംഘടിപ്പിക്കാൻ ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി 2 കോടി രൂപ ധനമന്ത്രി ബാലഗോപാൽ അനുവദിച്ചിരുന്നു. നിയമസഭയിൽ ഷംസിർ നടത്തിയ ഓണസദ്യ തികയാതെ വന്നത് വിവാദമായിരുന്നു .
ആ പശ്ചാത്തലത്തിൽ കർശന വ്യവസ്ഥകളാണ് ഫുഡ് കോർട്ട് അനുവദിക്കുന്നതിനുള്ള ടെണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വ്യവസ്ഥകൾ ഇങ്ങനെ ;
1.ഭക്ഷണസാധനങ്ങളുടെ വില വിവര പട്ടിക പ്രദർശിപ്പിക്കണം , ക്വോട്ട് ചെയ്യുന്നതിൽ കൂടുതൽ വില ഈടാക്കാൻ പാടില്ല 2.ഗുണനിലവാരമുള്ള ഭക്ഷണസാധനങ്ങൾ വിൽക്കണം , ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണം.
3. തിരക്ക് കൂടുന്നതനുസരിച്ച് ഭക്ഷണസാധനങ്ങളുടെ അളവിലോ , ഗുണനിലവാരത്തിലോ വ്യത്യാസം ഉണ്ടാകാൻ പാടില്ല.
4. വേസ്റ്റ് ഡിസ്പോസൽ സ്വന്തം ഉത്തരവാദിത്തത്തിൽ നിർവഹിക്കണം
5. ഫുഡ് കോർട്ടും പരിസരവും വൃത്തിയായി സൂക്ഷിക്കണം
6. മുൻകൂർ ആവശ്യപ്പെടുന്ന മുറയ്ക്ക് , പരിപാടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർക്കുള്ള രാത്രി ഭക്ഷണം പായ്ക്കറ്റിൽ ലഭ്യമാക്കണം.