മകളെ രക്ഷിച്ച ഉദ്യോഗസ്ഥന് സര്‍വ്വസ്വാതന്ത്ര്യം പ്രഖ്യാപിച്ച് പിണറായി വിജയന്‍
തിരുവനന്തപുരം: കടലാസില്‍ കേരളത്തിന്റെ ചീഫ് സെക്രട്ടറി ഡോ. വേണു ആണെങ്കിലും അതുക്കുംമേലെ സൂപ്പര്‍ ചീഫ് സെക്രട്ടറി ആയി വിലസുകയാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്. ഒന്നാം പിണറായി സര്‍ക്കാരില്‍ സൂപ്പര്‍ ചീഫ് സെക്രട്ടറിയായി സെക്രട്ടേറിയേറ്റ് ഭരിച്ചിരുന്നത് ശിവശങ്കറായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ആ സ്ഥാനം ഇപ്പോള്‍ ജയതിലകിനാണ്. ശിവശങ്കര്‍ കണ്‍ഫേര്‍ഡ് ഐ.എ.എസുകാരനാണെങ്കില്‍ ജയതിലക് ഒറിജിനല്‍ ഐ.എ.എസുകാരനാണ്. ഇതാണ് ഏക വ്യത്യാസം.
മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് നികുതി, എക്‌സൈസ് വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക്. മുട്ടില്‍ മരംമുറി സമയത്ത് പ്രതിക്കൂട്ടിലായ സര്‍ക്കാരിനെ സംരക്ഷിക്കാന്‍ ചട്ടങ്ങള്‍ നോക്കാതെ മുന്നിട്ടിറങ്ങിയത് അന്ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയ ജയതിലകായിരുന്നു.
വിവരവകാശ ചോദ്യത്തിന് മറുപടിയായി മുട്ടില്‍ മരംമുറി ഫയല്‍ നല്‍കിയ അണ്ടര്‍ സെക്രട്ടറി ശാലിനിയുടെ ഗുഡ്‌സര്‍വിസ് എന്‍ട്രി എടുത്തു കളഞ്ഞ കുപ്രസിദ്ധിയും ജയതിലകിനുണ്ട്. മുട്ടില്‍ മരം മുറിയോട് കൂടി ജയതിലക് മുഖ്യമന്ത്രിയുടെ വിശ്വസ്തനായി. അഡീഷണല്‍ ചീഫ് സെക്രട്ടറി ആയതോടെ സുപ്രധാനമായ നികുതി, എക്‌സൈസ് വകുപ്പിന്റെ തലപ്പത്ത് ജയതിലകിനെ മുഖ്യമന്ത്രി പ്രതിഷ്ഠിച്ചു. ഇത് കൂടാതെ അല്ലറ ചില്ലറ വകുപ്പുകള്‍ വേറെയും.
സര്‍ക്കാരിന്റെ വിവാദമായ മദ്യനയം ജയതിലകിന്റെ സംഭാവനയാണ്. തെരഞ്ഞടുപ്പ് ഫണ്ടിലേക്ക് കോടികള്‍ ലഭിക്കുന്ന മദ്യനയത്തോടു കൂടി പാര്‍ട്ടി സെക്രട്ടറി ഗോവിന്ദനും ജയതിലക് പ്രിയങ്കരനായി. മാത്യു കുഴല്‍ നാടന്റെ രൂപത്തിലായിരുന്നു ജയതിലകിന് ഓണം ബംബര്‍ അടിച്ചത്.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ മാസപ്പടിയില്‍ പ്രതിസന്ധിയിലായ പിണറായി കുടുംബത്തെ വെട്ടിലാക്കി ഐ.ജി.എസ്.ടി തട്ടിപ്പ് പരാതി മാത്യു ധനമന്ത്രി ബാലഗോപാലിന് നല്‍കി. ഇത് അന്വേഷിക്കാനുള്ള ചുമതല നികുതി വകുപ്പിന്റെ തലപ്പത്തുള്ള ജയതിലകില്‍ എത്തിച്ചേര്‍ന്നു. നികുതി കമ്മീഷണര്‍ക്ക് പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പതിവ് ചടങ്ങു പോലെ ജയതിലകിന്റെ ഉത്തരവ്. അതോടെ വീണക്കെതിരെയുള്ള അന്വേഷണം നിലച്ചു.
നികുതി കമ്മീഷണറുടെ അലമാരയില്‍ പരാതി ഭദ്രം. വീണയുടെ എക്‌സാലോജിക് കമ്പനിയുടെ ആസ്ഥാനം ബാഗ്ലൂരില്‍ ആയതു കൊണ്ട് ഐ.ജി.എസ്.ടി രേഖകള്‍ ലഭിക്കേണ്ടത് കര്‍ണാടകയില്‍ നിന്നാണ്. തട്ടിപ്പ് നടന്നത് അന്വേഷിക്കേണ്ടതും കര്‍ണാടക ജി.എസ്.ടി വകുപ്പാണ്. പരാതി പരിശോധിച്ച് ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി കമ്മീഷണര്‍ ജയതിലകിന് റിപ്പോര്‍ട്ട് നല്‍കണം. തുടര്‍ന്ന് ജയതിലക് കര്‍ണാടക ജി.എസ്.ടി വകുപ്പിന് വീണക്കെതിരെയുള്ള പരാതി കൈമാറണം. ഇവിടെയാണ് ജയതിലകിന്റെ തന്ത്ര പൂര്‍വ്വമായ ഇടപെടല്‍ നടന്നത്. കമ്മീഷണറോട് പരാതി ഭദ്രമായി വയ്ക്കാന്‍ ജയതിലകിന്റെ വക വാക്കാല്‍ നിര്‍ദ്ദേശം ഉണ്ടായി എന്നാണ് ലഭിക്കുന്ന സൂചന.
വീണയെ രക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയതോടെ പിണറായി ക്ക് മാത്രമല്ല പിണറായി കുടുംബത്തിന്റെയും വിശ്വസ്തനായി ജയതിലക് മാറി. ഇതോടെ സെക്രട്ടറിയേറ്റിലെ മുടി ചൂഢാമന്നനായി മാറിയ ജയതിലകിനെതിരെ നിരവധി പരാതികളും ഉയരുന്നു.
ജയതിലക് ലീവ് എടുക്കാതെ ടൂര്‍ അടിക്കുന്നു, മടങ്ങി വന്ന് ഡ്യൂട്ടി ആയി കാണിച്ച് ശമ്പളം വാങ്ങുന്നു എന്നൊക്കെയാണ് പരാതികള്‍. സെക്രട്ടേറിയേറ്റില്‍ ബയോ മെട്രിക് പഞ്ചിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ജയതിലകിന് ഇതൊന്നും ബാധകമല്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ഇഷിത റോയ് ആണ് ജയതിലകിന്റെ ആദ്യ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും. രണ്ട് കുട്ടികളും ഇവര്‍ക്ക് ഉണ്ട്. സഞ്ചാരപ്രിയനായ ജയതിലക് ഇഷിതയുമായുള്ള വിവാഹമോചനത്തിന് ശേഷം തിരുവനന്തപുരത്തെ പ്രശസ്തമായ സ്വകാര്യ ആശുപത്രിയുടെ മുതലാളിയുടെ സഹോദരിയെ വിവാഹം കഴിച്ചു.
ജയതിലകിന് അനുവദിച്ചിരിക്കുന്ന സര്‍ക്കാര്‍ വാഹനങ്ങളില്‍ ഒന്ന് ഭാര്യയുടെ സഞ്ചാരത്തിന് ഉപയോഗിക്കുന്നുവെന്നും ആക്ഷേപമുണ്ട്. മുന്തിയ വാഹനം വീട്ടിലുണ്ടെങ്കിലും സര്‍ക്കാര്‍ ഇന്നോവ ക്രിസ്റ്റ പലര്‍ക്കും ദൗര്‍ബല്യമാണ്. ഐ.എ.എസുകാര്‍ക്ക് ഒരു സര്‍ക്കാര്‍ വാഹനം മാത്രമാണ് ചട്ടപ്രകാരം ഉള്ളത്. വകുപ്പുകളുടെ എണ്ണം കൂടുന്നതനുസരിച്ച് സര്‍ക്കാര്‍ വാഹനങ്ങളുടെ എണ്ണം കൂട്ടാന്‍ സൗകര്യമുണ്ട്.
സര്‍ക്കാര്‍ സെക്രട്ടറിമാരുടെ വീട്ടില്‍ രണ്ടും മൂന്നും സര്‍ക്കാര്‍ വാഹനങ്ങള്‍ കിടക്കുന്നതിന്റെ ഗുട്ടന്‍സ് ഇതാണ്. ജയതിലകിന്റെ ഇടക്കിടെയുള്ള യാത്രകള്‍ മൂലം നികുതി വകുപ്പില്‍ ഫയലുകള്‍ കുന്നുകൂടുന്നു എന്നാണ് റിപ്പോര്‍ട്ട്. ഈ മാസം ബ്രിട്ടനിലേക്ക് ജയതിലക് പറക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന സൂചന. മാസത്തിലെ ചില ദിവസങ്ങളില്‍ സെക്രട്ടേറിയേറ്റില്‍ പ്രത്യക്ഷപ്പെടാന്‍ ജയതിലക് മായാവി ആണോ എന്ന ചോദ്യമാണ് ഉയരുന്നത്.