തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയംഗം കെ. അനില്‍കുമാറിനെ ചാനല്‍ ചര്‍ച്ചകളിലും പിന്നീട് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രചാരകനായുമായി മലയാളികള്‍ക്ക് നല്ല പരിചയമാണ്. ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് പലവട്ടം ഇറങ്ങിപ്പോയി ശ്രദ്ധേയനായ അനില്‍കുമാറിനെ പുതുപ്പള്ളിയില്‍ ട്രോളുക എന്നതായിരുന്നു യുവ കോണ്‍ഗ്രസ് നേതാക്കളുടെ ഒരു വിനോദം.
അതേ അനില്‍കുമാര്‍ യുക്തിവാദികളുടെ സമ്മേളനത്തില്‍ പോയി മുസ്ലിംകളെയും മലപ്പുറത്തെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ തിരിഞ്ഞുകൊത്തിയിരിക്കുന്നത്. തട്ടം വേണ്ട എന്ന് പറയുന്ന മുസ്ലിം പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫലമായാണെന്ന ബഡായിയാണ് പാര്‍ട്ടി ഇപ്പോള്‍ തള്ളിക്കളഞ്ഞിരിക്കുന്നത്. ഇതോടെ കൂടുതല്‍ വിശദീകരണവുമായി രംഗത്തുവരേണ്ടി വന്നു അനില്‍കുമാറിന്.
പാര്‍ട്ടി നിലപാട് ഉയര്‍ത്തിപ്പിടിക്കുമെന്നും എം.വി ഗോവിന്ദന്‍ നല്‍കിയ വിശദീകരണമാണ് തന്റെ നിലപാടെന്നും അനില്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടിയത് ഏറ്റെടുക്കുന്നുവെന്നും അനില്‍ കുമാര്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :
പാര്‍ട്ടി നിലപാട് ഉയര്‍ത്തിപ്പിടിക്കും:
എസ്സന്‍സ് സമ്മേളനത്തില്‍ അവര്‍ ഉന്നയിച്ച ഒരുവിഷയത്തോട് ഞാന്‍ നടത്തിയ മറുപടിയില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറി സ: എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നല്‍കിയ വിശദീകരണം എന്റെ നിലപാടാണു്. കേവല യുക്തിവാദത്തിനെതിരെയും ഫാസിസ്റ്റ് തീവ്രവാദ രാഷ്ട്രീയങ്ങള്‍ക്കെതിരെയും എല്ലാവരേയും അണിനിരത്തേണ്ട സമരത്തില്‍ ഒരു മിക്കാന്‍ പാര്‍ട്ടി നല്‍കിയ വിശദീകരണം വളരെ സഹായിക്കും’ പാര്‍ടി ചൂണ്ടിക്കാട്ടിയത് ഒരു കമ്മ്യൂണിസ്റ്റു് കാരനെന്ന നിലയില്‍ ഞാന്‍ ഏറ്റെടുക്കുന്നു.
അഡ്വ.കെ.അനില്‍കുമാര്‍.
കെ അനില്‍കുമാറിന്റെ വിവാദ തട്ടം പരാമര്‍ശം തള്ളി സിപിഐഎം രംഗത്ത് വന്നിരുന്നു. അനില്‍കുമാറിന്റെ പരാമര്‍ശം പാര്‍ട്ടി നിലപാടല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. കെ ടി ജലീലും, എ എം ആരിഫ് എംപിയും പരാമര്‍ശങ്ങള്‍ക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചിരുന്നു.
യുക്തിവാദ പ്രചാരകരായ എസ്സന്‍സ് ഗ്ലോബല്‍ വേദിയില്‍ സംസാരിക്കവെ അനില്‍കുമാര്‍ നടത്തിയ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് ആധാരം. വിവിധ മുസ്ലിം സംഘടനകള്‍ രൂക്ഷ വിമര്‍ശനമുന്നയിക്കുകയും സമൂഹമാധ്യമങ്ങളില്‍ വിവാദം പടരുകയും ചെയ്തതോടെ സിപിഐഎം പ്രതിരോധത്തിലായി. വിവാദം അവസാനിപ്പിക്കാന്‍ കെ.ടി ജലീല്‍ ഉടന്‍ രംഗത്തെത്തി. അനില്‍കുമാറിന്റേത് വ്യക്തിപരമായ അഭിപ്രായമെന്ന് വിശദീകരിച്ച് ഫേസ്ബുക്ക് കുറിപ്പ്. എഎം ആരിഫ് എംപി, മാതാവിന്റെ മരണാനന്തര ചടങ്ങ് മതപരമായാണ് നടത്തിയതെന്നും കെ.ടി ജലീല്‍ ചൂണ്ടിക്കാട്ടി. ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് എ എം ആരിഫും അനില്‍കുമാറിനെ തള്ളുന്ന നിലപാട് വ്യക്തമാക്കി. പിന്നാലെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിവാദ പരാമര്‍ശത്തെ തള്ളിപ്പറഞ്ഞത്.