കോഴ ഇടപാട് നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വിടാത്തത് ദുരൂഹം
തിരുവനന്തപുരം: കോഴ ഇടപാടില്‍ മന്ത്രി വീണ ജോര്‍ജിന്റെ ഓഫീസിനെ രക്ഷിക്കാന്‍ പോലിസിന്റെ വക സി.സി.ടി.വി നാടകം. സെക്രട്ടേറിയറ്റ് അനക്‌സ് 2 ഗേറ്റിന് മുന്നിലുള്ള ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ പരാതിക്കാരന്‍ ഹരിദാസും ബാസിതും മാത്രമാണുള്ളത്. ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് വീണ ജോര്‍ജിന്റെ ഓഫിസിനെ രക്ഷിക്കാന്‍ വേണ്ടിയാണെന്നാണ് ഉയരുന്ന ആക്ഷേപം.
അനക്‌സ് രണ്ടിന്റെ ഗേറ്റിന് മുന്നില്‍ വെച്ചല്ല പണം നല്‍കിയതെന്ന് ഹരിദാസ് മൊഴി നല്‍കിയിട്ടുണ്ട്. ഗേറ്റിന്റെ അടുത്തുള്ള ചായക്കടയ്ക്ക് സമീപത്ത് വെച്ചാണ് പണം നല്‍കിയതെന്നാണ് ഹരിദാസിന്റെ മൊഴി. അനക്‌സ് 2 ഗേറ്റിനും അധ്യാപക ഭവനും ഇടയ്ക്കാണ് കോഴ ഇടപാട് നടന്നതെന്ന് ഹരിദാസന്റെ മൊഴിയില്‍ നിന്ന് വ്യക്തമാണ്.
ഗേറ്റിന് പുറത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ നിഷ്പ്രയാസം സംഘടിപ്പിക്കാന്‍ കന്റോണ്‍മെന്റ് പോലിസിന് കഴിയും. സി.സി.ടി.വി വലയത്തിലാണ് സെക്രട്ടേറിയേറ്റ് . ഹരിദാസന്‍ പണമിടപാട് നടത്തിയ പോയിന്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലിസ് പുറത്ത് വിടാത്തത് സംശയം ജനിപ്പിക്കുന്നു.
അതേസമയം, താന്‍ പണം കൊടുത്തെന്ന് ഹരിദാസ് ആവര്‍ത്തിക്കുന്നു. ഒളിവിലുള്ള അഖില്‍ സജീവനു വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അഖില്‍ സജീവന്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് പൊലീസിന് കിട്ടുന്ന വിവരം. ഹരിദാസ് എത്തിയ ദിവസത്തെ അനക്‌സ് -2 ഗേറ്റിന് പുറത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലീസ് തയ്യാറായാല്‍ ഹരിദാസ് പണം കൊടുത്തത് ആര്‍ക്കെന്ന് അറിയാം. ആ ദൃശ്യങ്ങള്‍ പുറത്ത് വരാതിരിക്കാന്‍ ഉന്നതതല ഗൂഢാലോചന നടക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. മടിയില്‍ കനമില്ലെങ്കില്‍ ചായക്കട ദൃശ്യങ്ങള്‍ താമസിയാതെ പുറത്ത് വരും. മടിയില്‍ കനം ഉണ്ടെങ്കില്‍ ആ ഭാഗത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമല്ല എന്ന വിവരമായിരിക്കും പുറത്ത് വരിക.