തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഘാന സന്ദര്‍ശിക്കുന്നു. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 6 വരെയാണ് സന്ദര്‍ശനം. ഘാനയില്‍ നടക്കുന്ന 66ാമത് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് ഷംസീറിന്റെ യാത്ര.
യാത്ര ചെലവിനായി 13 ലക്ഷം ധനവകുപ്പ് അനുവദിച്ചു. നിയമസഭ സെക്രട്ടറിയേറ്റ് ആഗസ്റ്റ്് 16 ന് യാത്ര ചെലവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ധന ബജറ്റ് വിംഗില്‍ നിന്ന് സെപ്റ്റംബര്‍ 23 ന് , 13 ലക്ഷം അധിക ഫണ്ടായി അനുവദിച്ചു.
ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ഘാനക്ക് സമീപമുള്ള നാല് രാജ്യങ്ങള്‍ കൂടി ഷംസീര്‍ സന്ദര്‍ശിക്കും എന്ന ചില സൂചനകളും പുറത്ത് വരുന്നുണ്ട്.
കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന്റെ (സിപിഎ) വാര്‍ഷിക സമ്മേളനമാണ് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി സമ്മേളനം (സിപിസി). ആഗോള പാര്‍ലമെന്ററി, രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒത്തുചേരുന്ന കോമണ്‍വെല്‍ത്ത് പാര്‍ലമെന്റംഗങ്ങളുടെ ഏറ്റവും വലിയ വാര്‍ഷിക സമ്മേളനമാണിത്. ഓരോ വര്‍ഷവും വ്യത്യസ്തമായ കോമണ്‍വെല്‍ത്ത് പാര്‍ലമെന്റാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി സമ്മേളനം കാനഡയിലായിരുന്നു.
66-ാമത് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി സമ്മേളനത്തില്‍ കോമണ്‍വെല്‍ത്ത് പാര്‍ലമെന്റേറിയന്‍മാരുടെ യോഗത്തിലും നിയമസഭാ സ്പീക്കര്‍ പങ്കെടുക്കും.