മലയാള സിനിമ മദ്രാസില്‍ കേന്ദ്രീകരിച്ചിരുന്ന കാലത്ത് കേരളത്തിലേക്ക് സിനിമാ പ്രവര്‍ത്തനങ്ങളെ എത്തിച്ചയാളാണ് ഇതിഹാസ താരം മധു. 1970 കളില്‍ തിരുവനന്തപുരം ജില്ലയില്‍ പേയാടിനപ്പുറം കൊല്ലംകോണത്ത് ഉമ സ്റ്റുഡിയോ എന്ന പേരില്‍ സ്ഥാപനം തുടങ്ങിയതും അത് പൂട്ടാനുമുണ്ടായ കാരണം വെളിപ്പെടുത്തുകയാണ് അദ്ദേഹം.
പുളിയറക്കോണത്ത് ഉമാ സ്റ്റുഡിയോ 1970-കളുടെ മദ്ധ്യത്തില്‍ ആരംഭിക്കും വരെ കൊല്ലംകോണത്തു നിന്നും അലേറ്റി വഴി പുളിയറക്കോണത്തേക്കുള്ള വഴിയെന്നത് കാളവണ്ടികള്‍ മാത്രം പോയിരുന്ന കുണ്ടും കുഴിയും നിറഞ്ഞ ഒരു നാട്ടു ചെമ്മണ്‍പാതയായിരുന്നു. എവിടെ നോക്കിയാലും മരച്ചീനിവിളകള്‍! താഴ്ന്ന പ്രദേശത്തെ ഏലായകളില്‍ നെല്ലും വാഴയും പച്ചക്കറി കൃഷികള്‍. വൈദ്യുതി ലഭിക്കാത്ത വഴി. അതിനാല്‍ പല വീടുകളിലും വൈദ്യുതിയില്ലായിരുന്നു.
ഉമാ സ്റ്റുഡിയോയിലേക്കുള്ള സിനിമാവണ്ടികളും താരങ്ങളുടെ കാറുകളും പോകാന്‍ നന്നേ ബുദ്ധിമുട്ടിയപ്പോള്‍ നടന്‍ മധു പഞ്ചായത്തുമായി ബന്ധപ്പെട്ടു. പഞ്ചായത്തിന് മുടക്കാന്‍ പണമില്ലെന്ന് ചിലര്‍. സ്വന്തം പണം മുടക്കി അദ്ദേഹം തന്നെ വഴിതെളിച്ചു. അദ്ദേഹത്തിന്റെ സ്റ്റുഡിയോ നാടിന്റെ വഴിവിളക്കായി. നാട്ടുകാരില്‍ ചിലര്‍ക്ക് സ്റ്റുഡിയോയില്‍ ജോലി നല്‍കി. ‘കൈതപ്പൂ ‘ ഉള്‍പ്പെടെ എത്രയോ ഉമാ സ്റ്റുഡിയോ ചിത്രങ്ങള്‍ അവിടെ ചിത്രീകരിച്ചു. പല ഹിറ്റു സിനിമകളിലെ ഗാന രംഗങ്ങളില്‍ ഇവിടം തെളിഞ്ഞു കാണാം. ബിച്ചു തിരുമല എഴുതി ശ്യാം സംഗീതം നല്‍കി പി. സുശീല പാടിയ ‘ കൈതപ്പൂ ‘ സിനിമയിലെ ‘മലയാളമേ മലയാളമേ …. മലകളും നിരകളും മണിപ്രവാളങ്ങളും .. ‘ എന്ന ഗാനം കൊല്ലംകോണം മുക്കില്‍ പൂര്‍ണമായും ഷൂട്ട് ചെയ്യുമ്പോള്‍ മധുവും എം മണിയും നിര്‍മ്മാതാവിന്റെ സ്ഥാനത്ത് അവിടെയുണ്ടായിരുന്നു. ഈ രംഗത്ത് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി കൂട്ടം കൂടി നിന്നവരൊക്കെ കൊല്ലം കോണത്തുകാരായിരുന്നു
എന്നാല്‍, ജോലി ലഭിച്ച നാട്ടുകാരില്‍ ചിലര്‍ തന്നെ മധുവിനെതിരെ തിരിയുകയായിരുന്നു. വിവിധതരം ആരോപണങ്ങള്‍ രാഷ്ട്രീയക്കാര്‍ ഉന്നയിച്ചു. അദ്ദേഹം മാനസികമായി ഏറെ തകര്‍ന്ന ഒരു കാലമായിരുന്നു അത്. പിന്നീട് ഉമാ സ്റ്റുഡിയോ നിശ്ചലമായി ! അവിടം പിന്നീട് ഏഷ്യാനെറ്റ് സ്റ്റുഡിയോ ആയതുമൊക്കെ പില്‍ക്കാല ചരിത്രം.
പൂട്ടാനുണ്ടായ കാരണത്തെക്കുറിച്ച് മധു വിശദീകരിക്കുന്നത് ഇങ്ങനെ: വളരെ ബുദ്ധിമുട്ടിയാണ് സ്റ്റുഡിയോ ആരംഭിച്ചത്. സ്ഥലത്തിനെക്കുറിച്ച് പറയുകയാണെങ്കില്‍ നല്ല സ്ഥലമാണ്. സിറ്റിയുടെ അടുത്താണ്. പക്ഷേ അവിടെ പോകണമെങ്കില്‍ പേയാട് വഴി പോണം. അല്ലെങ്കില്‍ കടത്ത് കടക്കണം. അവിടെയുണ്ടായിരുന്നത് പഞ്ചായത്ത് റോഡാണ്. മഹാമോശമായിരുന്നു. പിന്നെ പഞ്ചായത്ത് റോഡുകളെ പി.ഡബ്ല്യു.ഡിയെക്കൊണ്ട് ഏറ്റെടുപ്പിച്ച് അതുവഴി ഒരു ബസ് സര്‍വ്വീസ് ആരംഭിപ്പിച്ചു. അതിന്റെ പേരില്‍ അവിടെ ഒരു വികസനം വന്നു.
എന്നാല്‍, സമീപവാസികളായിട്ടുള്ളവരില്‍ യാതൊരു പണിയുമില്ലാതെ തെണ്ടിനടന്നവര്‍ക്ക് ജോലി കൊടുത്തു. പക്ഷേ, അവിടെ അവര്‍ യൂണിയന്‍ ഉണ്ടാക്കാനായി ഇറങ്ങിത്തിരിച്ചു. ഘോരഘോരം പ്രസംഗവും ഭീഷണികളും ഉയര്‍ന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു അതൊക്കെ കൈയിലിരക്കട്ടേ.. സാധനങ്ങളെല്ലാം ലോറിയില്‍ കയറ്റി മദ്രാസിലേക്ക് കൊണ്ടുപോയി അവിടെ ഒരു ഔട്ട്‌ഡോര്‍ യൂണിറ്റ് തുടങ്ങി. 15 ഏക്കര്‍ സ്ഥലമായിരുന്നു സ്റ്റുഡിയോക്ക് ഉണ്ടായിരുന്നത്. അവിടെ റബര്‍ വെച്ചു. – ഒരു ചെറുപുഞ്ചിരിയോടെ മധു പറഞ്ഞു നിര്‍ത്തി.