ചിന്തയിലെ പുസ്തകങ്ങള്‍ വിറ്റഴിക്കാന്‍ സര്‍ക്കാരിന്റെ കുറുക്കുവഴിയെന്ന് ആക്ഷേപം
തിരുവനന്തപുരം: നവംബര്‍ 1 മുതല്‍ നിയമസഭയില്‍ നടക്കുന്ന അന്തരാഷ്ട്ര പുസ്തകോത്സവത്തിന് 2 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി അധിക ഫണ്ടായാണ് 2 കോടി അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 5 ലക്ഷം രൂപക്ക് മുകളിലുള്ള ബില്ല് മാറാന്‍ ധനവകുപ്പിന്റെ അനുമതി വേണം. അതുകൊണ്ടാണ് ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി തുക അനുവദിച്ചത്.
നവംബര്‍ 1 മുതല്‍ 7 വരെയാണ് പുസ്തകോത്സവം. 8 ദിവസത്തെ പുസ്തകോത്സവത്തിന്റെ ചെലവ് 2 കോടി. അതും ഈ സാമ്പത്തിക പ്രതിസന്ധി കാലത്ത്. പുസ്തകോത്സവുമായി ബന്ധപ്പെട്ട് നിയമസഭയുടെ നാല് വശങ്ങളിലായി സ്റ്റാളുകള്‍, സ്റ്റേജുകള്‍, ഫുഡ് കോര്‍ട്ടുകള്‍ തുടങ്ങിയ പ്രവൃത്തികള്‍ ചെയ്യുന്നതിന് നിയമസഭ സെക്രട്ടറിയേറ്റ് സെപ്റ്റംബര്‍ 16 ന് ടെണ്ടര്‍ ക്ഷണിച്ചിരുന്നു.
കഴിഞ്ഞ തവണത്തെ പുസ്തകോത്സവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉയര്‍ന്നത്. ചിന്ത പബ്‌ളിക്കേഷന്‍സ് വഴി പുസ്തകങ്ങള്‍ കൂടുതലായി വിറ്റഴിക്കപ്പെട്ടു എന്ന പരാതി നിരവധി പബ്‌ളിക്കേഷന്‍സ് സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു. എം.എല്‍.എമാരുടെ വികസന ഫണ്ടില്‍ നിന്ന് 3 ലക്ഷം രൂപക്ക് പുസ്തകം വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എം.എല്‍.എമാര്‍ അവരുടെ നിയോജക മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്കും വായനശാലക്കും പുസ്തകങ്ങള്‍ നല്‍കും. ഇടതുപക്ഷത്തെ 99 എം.എല്‍.എ മാരും ഭൂരിഭാഗം പുസ്തകങ്ങളും വാങ്ങിയത് ചിന്ത പബ്‌ളിക്കേഷന്‍സില്‍ നിന്നായിരുന്നു.
ചിന്തയില്‍ ഇല്ലാത്ത പുസ്തകങ്ങള്‍ മറ്റ് പ്രസാധകരുടെ കയ്യില്‍ നിന്ന് വാങ്ങി ചിന്ത വഴി വിറ്റഴിക്കുകയായിരുന്നു. നിരവധി ആക്ഷേപങ്ങള്‍ ഇത് സംബന്ധിച്ച് ഉയര്‍ന്നിരുന്നു. ഇത്തവണ എം.എല്‍.എ മാരുടെ വികസന ഫണ്ടില്‍ നിന്ന് 5 ലക്ഷം രൂപക്ക് പുസ്തകങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി തേടിയിരിക്കുകയാണ്.
ഇടതുപക്ഷ ആഭിമുഖ്യമുള്ള നിരവധി പുസ്തകങ്ങള്‍ ചിന്ത പബ്‌ളിക്കേഷന്‍സില്‍ കെട്ടികിടക്കുകയാണ്. ആ പുസ്തകങ്ങള്‍ പൊടി തട്ടിയെടുത്ത് ഇടതുപക്ഷ എം.എല്‍.എമാരുടെ വികസന ഫണ്ട് വഴി വിതരണം ചെയ്യാനുള്ള കുറുക്കുവഴിയായി പുസ്തകോത്സവം മാറുന്നു എന്ന് ചുരുക്കം.
സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഉച്ച ഭക്ഷണത്തിന് പോലും 6 മാസമായി പണം കൊടുക്കുന്നില്ല. ആനുകൂല്യം കിട്ടാതെ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുമ്പോഴാണ് 8 ദിവസത്തെ പുസ്തകമേളക്ക് 2 കോടി അനുവദിക്കുന്നത് എന്നതാണ് വിരോധാഭാസം.