പൊതുപരിപാടിക്കിടെ ജാതിവിവേചനം നേരിട്ടുവെന്ന് വെളിപ്പെടുത്തി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ഭാരതീയ വേലന്‍ സൊസൈറ്റി (ബിവിഎസ്) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
അടുത്തിടെ ക്ഷേത്രത്തില്‍ പരിപാടിക്ക് പോയപ്പോഴാണ് അവഹേളനം നേരിട്ടതെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് നിലവിളക്ക് കത്തിക്കാന്‍ കൊണ്ടുവന്ന തിരി നിലത്തുവച്ച ശേഷം എടുത്ത് കത്തിക്കാന്‍ ആവശ്യപ്പെട്ടതായാണ് മന്ത്രി പറഞ്ഞത്.
ക്ഷേത്രത്തിലെ പ്രധാന പൂജാരി നിലവിളക്ക് കത്തിച്ച ശേഷം സഹപൂജാരിക്ക് തിരി നല്‍കി. എന്നാല്‍ ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ച തനിക്ക് തിരി കൈമാറാന്‍ കൂട്ടാക്കാതെ നിലത്തുവയ്ക്കുകയായിരുന്നു. ഇത് നിലത്തുനിന്ന് എടുത്ത് കത്തിക്കാന്‍ താന്‍ തയാറായില്ല.
തനിക്ക് അയിത്തം കല്‍പ്പിക്കുന്ന നിങ്ങള്‍, താന്‍ തരുന്ന പണത്തിന് അയിത്തം കല്‍പ്പിക്കാറില്ലല്ലോയെന്ന് പ്രസംഗമധ്യേ ചോദിച്ചതായും മന്ത്രി പറഞ്ഞു. കേരളത്തില്‍ അയിത്താചരണം ഇല്ലെങ്കിലും ചിലരുടെയെങ്കിലും മനസില്‍ അവ നിലനില്‍ക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ അത് പുറത്തെടുക്കാറുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.