സ്പീക്കര്‍ എ.എന്‍. ഷംസീര്‍ രാജിവെക്കുന്നു; നിയമസഭയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

തിരുവനന്തപുരം: എ.എന്‍. ഷംസീര്‍ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്നു. സിപിഎം നേതൃത്വത്തുവുമായി ഇതുസംബന്ധിച്ച ആശയവിനിമയം നടന്നുകഴിഞ്ഞു. രാജി അഭ്യൂഹം നിയമസഭ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വളരെ ശക്തമാണ്. ഇതിന് ആക്കംകൂട്ടി എം.എല്‍.എമാരുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ ഷംസീറിന്റെ അറിയിപ്പ് പുറത്തിറങ്ങി.

ഈ മാസം 11ന് നിയമസഭാ സമ്മേളനത്തില്‍ ചോദ്യോത്തര വേളക്ക് ശേഷം എല്ലാ എം.എല്‍.എമാരും ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ എത്തണമെന്ന് നിയമസഭ സെക്രട്ടറി എ.എം. ബഷീര്‍ നിയമസഭ ബുള്ളറ്റിന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

എം.എല്‍.എമാരുടെ ഗ്രൂപ്പ് ഫോട്ടോ സാധാരണഗതിയില്‍ നിയമസഭ സമ്മേളനത്തിന്റെ അവസാന സെക്ഷനില്‍ ആണ് എടുക്കുന്നത്. മുന്‍കാല സ്പീക്കര്‍മാര്‍ എല്ലാം അഞ്ചാം വര്‍ഷത്തില്‍ അവസാന സമ്മേളനത്തില്‍ ആണ് ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നത്. നിയമസഭയുടെ ഇരുപത്തിനാലാമത്തെ സ്പീക്കറാണ് ഷംസീര്‍. മുന്‍ സ്പീക്കര്‍ എം.ബി. രാജേഷ് മന്ത്രിയായതിനെ തുടര്‍ന്നാണ് ഷംസീര്‍ സ്പീക്കര്‍ കസേരയില്‍ എത്തുന്നത്. ഷംസീര്‍ സ്പീക്കറായിട്ട് ഒരു വര്‍ഷം തികയുകയാണ്.

2022 സെപ്റ്റംബറിലായിരുന്നു ഷംസീര്‍ സ്പീക്കര്‍ ആയത്. രണ്ട് തവണ എം എല്‍ എ ആയ ഷംസിര്‍ മന്ത്രി കസേരയില്‍ എത്തുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ ഷംസിറിനെ വെട്ടി ആദ്യമായി എം.എല്‍.എ ആയ മരുമകന്‍ റിയാസിനെ മന്ത്രിയാക്കുകയായിരുന്നു പിണറായി.

Read Also: സരിത എസ്. നായരുടെ രണ്ടാമത്തെ കുട്ടിയുടെ അച്ഛന്‍ കെ.ബി. ഗണേഷ് കുമാര്‍: സിബിഐ റിപ്പോര്‍ട്ട്

തുടര്‍ന്ന് എല്‍.ഡി.എഫ് എം എല്‍ എ മാരുടെ യോഗങ്ങളില്‍ റിയാസിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഷംസിര്‍ അഴിച്ചു വിട്ടു. അവസാന നാളുകളില്‍ കൊടിയേരിയുടെ നിര്‍ബന്ധത്തിന് വഴങ്ങി പിണറായി ഷംസീറിനെ സ്പീക്കര്‍ ആക്കുകയായിരുന്നു. സ്പീക്കര്‍ കസേരയില്‍ പുതിയ മുഖവുമായി ഷംസീര്‍ ശോഭിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. നിഷ്പക്ഷനായ സ്പീക്കര്‍ എന്ന പേര്‍ ഷംസീറിന് ലഭിച്ചു. മകള്‍ വീണ വിജയനെതിരെ പ്രതിപക്ഷ നിരയില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ ഷംസീര്‍ ചിരിച്ചു കൊണ്ടിരിക്കുന്നത് പിണറായിക്ക് സഹിച്ചില്ല. സ്പീക്കറെ പിണറായി വിരട്ടിയതോടെ നിക്ഷ്പക്ഷ സ്പീക്കര്‍ സ്ഥാനം ഉപേക്ഷിച്ച് ഡിവൈഎഫ്ഐ നിലവാരത്തിലേക്ക് ഷംസീര്‍ എത്തി.

ഭരണപക്ഷവും പ്രതിപക്ഷവും നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ ആരംഭിച്ചതോടെ കാഴ്ചക്കാരന്റെ റോളിലായി ഷംസിര്‍. സഭ സമ്മേളനങ്ങള്‍ ശക്തമായ രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്ക് സാക്ഷിയായി. സമ്മേളനം നിയന്ത്രിക്കാനാവാതെ പല ഘട്ടങ്ങളിലും വെട്ടി ചുരുക്കി ഷംസീര്‍ രക്ഷപ്പെട്ടു.

ഗണപതി മിത്താണ് എന്ന ഷംസീറിന്റെ പരാമര്‍ശം കേരള രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കങ്ങള്‍ ഉണ്ടാക്കി. എന്‍എസ്എസിന്റെ നേതൃത്വത്തില്‍ നാമ ജപ ഘോഷ യാത്ര നടന്നു. ഗണപതി വിരുദ്ധ പരാമര്‍ശം പിന്‍വലിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഷംസീര്‍ മുഖവിലക്ക് എടുത്തില്ല. ഏറ്റവും ഒടുവില്‍ നിയമസഭ ജീവനക്കാര്‍ക്ക് ഷംസിര്‍ നടത്തിയ ഓണസദ്യയും പാളി .

ഭക്ഷണം തികയാതെ വന്നത് വന്‍ ചര്‍ച്ചയായി മാറി. ഓണസദ്യക്ക് ക്വട്ടേഷന്‍ ലഭിച്ചത് ആര്‍എസ്എസ് കാരനായത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി വച്ചു. നിയമസഭയിലെ പശുക്കളെയും 28 ഓളം ഉപയോഗ ശൂന്യമായ വസ്തുക്കളും ഇക്കാലയളവില്‍ ഷംസീര്‍ ലേലം ചെയ്തു. പുതിയ ഇന്നോവ ക്രിസ്റ്റ അടുത്തിടെയാണ് ഷംസീറിന് വേണ്ടി വാങ്ങിയത്. ഇങ്ങനെ സംഭവ ബഹുലമായിരുന്നു ഷംസീറിന്റെ ഒരു വര്‍ഷത്തെ സ്പീക്കര്‍ കാലം.

മന്ത്രിസഭ പുനഃസംഘടനക്ക് പിണറായി തയ്യാറാവുകയാണ്. നവംബറില്‍ മന്ത്രിസഭ പുന:സംഘടന ഉണ്ടാകും. മന്ത്രികസേരയില്‍ ചാടാന്‍ വേണ്ടിയാണ് ഷംസീര്‍ രാജിവെയ്ക്കാന്‍ തയ്യാറാകുന്നതെന്ന അഭ്യൂഹവും ശക്തമാണ്. എംഎല്‍എ മാരുടെ ഗ്രൂപ്പ് ഫോട്ടോ നേരത്തെ ആക്കിയ ഷംസീറിന്റെ തീരുമാനം തലസ്ഥാന നഗരിയില്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments