Kerala

ജി.എസ്.ടി കമ്മീഷണറേറ്റില്‍ ആഭിചാരവും കൂടോത്രവും; ഡെപ്യൂട്ടി കമ്മീഷണറുടെ ക്യാബിനില്‍ ദുര്‍മന്ത്രവാദ വസ്തുക്കള്‍

തിരുവനന്തപുരത്തെ ജി.എസ്.ടി കമ്മീഷണറേറ്റില്‍ ആഭിചാരവും കൂടോത്രവും. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഹെഡ് ക്വേര്‍ട്ടേഴ്‌സായ കരമനയിലുള്ള ടാക്‌സ് ടവറിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ക്യാബിനിലാണ് ആഭിചാര വസ്തുക്കള്‍ കണ്ടെത്തിയത്.

ഈയിടെ വിവാദങ്ങളെ തുടര്‍ന്ന് സ്ഥലം മാറ്റപ്പെട്ട ഇടത് സംഘടനാ നേതാവ് കൂടിയായ ഡെപ്യൂട്ടി കമ്മീണര്‍ എസ്.വി. ശിശിറിന്റെ ക്യാബിനില്‍ നിന്നാണ് ചെമ്പ് തകിട്, ഏലസ്, ചരട്, കോഴിമുട്ട, ഭസ്മം എന്നിവ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ സീറ്റിലേക്ക് പകരക്കാരനായി എത്തിയതാകട്ടെ ഇടതുപക്ഷ ഗസറ്റഡ് ജീവനക്കാരുടെ സംഘടനയുടെ സംസ്ഥാന ഭാരവാഹിയായ അജിത്തും.

കൂടോത്ര വസ്തുക്കള്‍ കണ്ടതോടെ ഈ മുറി ഉപേക്ഷിച്ച് അജിത്ത് പുതിയ മുറി തരപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇതൊന്നും അറിയാതെ ഫിനാന്‍സ് സെക്രട്ടറിയേറ്റില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ വന്ന ഉദ്യോഗസ്ഥനെ ഈ മുറിയില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്.

വൈരുദ്ധ്യാത്മക ഭൗതികവാദം പ്രസംഗിച്ച് നടക്കുന്ന ഇടത് സംഘടനാ നേതാക്കളുടെ കൂടോത്രവും ആഭിചാര കര്‍മ്മങ്ങളും മറ്റ് ജീവനക്കാര്‍ക്ക് ആശ്ചര്യമായി. മുമ്പിരുന്ന ഡെപ്യൂട്ടി കമ്മീഷണര്‍ പേഴ്‌സണലിനെതിരെ ലോകായുക്ത രണ്ട് കേസുകളില്‍ പ്രതിചേര്‍ത്ത് അന്വേഷണം നടത്തി വരുന്നു. കൂടാതെ സംസ്ഥാന വിജിലന്‍സും അന്വേഷണം നടത്തുന്നതായി ധനമന്ത്രി തന്നെ നിയമസഭയില്‍ മറുപടി നല്‍കിയിട്ടുണ്ട്.

ഇത്രയേറെ ആരോപണ വിധേയനായ വ്യക്തിയെ ജീവനക്കാരുടെ സ്ഥലം മാറ്റ ചുമതലയില്‍ നിന്നും കഴിഞ്ഞ മാസമാണ് മാറ്റി നിയമിച്ചത്. മാറ്റി നിയമിച്ചതാകട്ടെ ഏറെ പ്രാധാന്യമുള്ള ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണറായും. കടകംപള്ളി സുരേന്ദ്രന്റെ കാലത്ത് ഡെപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ എസ്.വി. ശിശിര്‍ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായും സേവനം അനുഷ്ഠിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *