
നിലമ്പൂരില്‍ യു.ഡി.എഫ് സുസജ്ജം: സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും – വി.ഡി. സതീശൻ
9 വർഷം കൊണ്ട് കേരളത്തെ തകർത്ത സർക്കാരിനെ ജനങ്ങൾക്ക് മുന്നിൽ വിചാരണ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ്
കൊച്ചി (പറവൂർ): നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നേരിടാൻ യു.ഡി.എഫ് സുസജ്ജമാണ്. പുതുതായി വന്ന 59 ബൂത്ത് കമ്മിറ്റികൾ അടക്കം 263 ബൂത്ത് കമ്മിറ്റികളും നിലവിൽ വന്നു. എണ്ണായിരത്തിൽ അധികം വോട്ടർമാരെ പുതുതായി ചേർത്തിട്ടുണ്ട്. കോൺഗ്രസും യു.ഡി.എഫും സുസജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് പറവൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
യു.ഡി.എഫിലെ എല്ലാ ഘടകകക്ഷികളുടെയും പരിപാടികൾ നടന്നു. ഏത് സമയത്ത് തിരഞ്ഞെടുപ്പ് നടന്നാലും നേരിടാൻ യു.ഡി.എഫ് തയാറാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ഇന്ന് ഞായർ ആണെന്നതിന്റെ പ്രശ്നം മാത്രമെയുള്ളൂ. സാധാരണയായി 24 മണിക്കൂറിനകമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത്. അതിൽ കാലതാമസമുണ്ടാകില്ല.
എല്ലാ നേതാക്കളുമായും ബന്ധപ്പെട്ട് സംസ്ഥാന ഘടകത്തിന്റെ നിർദ്ദേശം അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയെ അറിയിക്കുമെന്നും അഖിലേന്ത്യാ നേതൃത്വമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
നിലമ്പൂരിൽ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടും. യു.ഡി.എഫിൽ നിന്നും നഷ്ടപ്പെട്ട നിലമ്പൂർ സീറ്റിൽ വലിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. പി.വി അൻവർ യു.ഡി.എഫിന്റെ ഭാഗമായിരിക്കുമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. അത് എങ്ങനെയാണ് യു.ഡി.എഫിന്റെ ഭാഗമാകുന്നതെന്ന് അടുത്ത ദിവസം തീരുമാനിക്കും.
എല്ലാവരുമായും സംസാരിച്ച് തീരുമനം പ്രഖ്യാപിക്കാൻ യു.ഡി.എഫ് നേതൃത്വം പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലമ്പൂരിൽ എം.എൽ.എ ആയിരുന്ന അൻവറിന്റെ സാന്നിധ്യം യു.ഡി.എഫിന് ഗുണം ചെയ്യും. അൻവർ യു.ഡി.എഫുമായി പൂർണമായും സഹകരിക്കും. യു.ഡി.എഫിനൊപ്പം അൻവറുമുണ്ടാകും. യു.ഡി.എഫ് പ്രഖ്യാപിക്കുന്ന ഏത് സ്ഥാനാർത്ഥിക്കും പിന്തുണ നൽകുമെന്ന് യു.ഡി.എഫ് ചെയർമാൻ എന്ന നിലയിൽ എന്നെ നേരിട്ട് അറിയിച്ചിട്ടുണ്ട് – പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ ഇങ്ങനെ:
യു.ഡി.എഫിന്റെ സ്ഥാനാർത്ഥി നിർണയത്തില് മാധ്യമങ്ങൾക്ക് വലിയ സ്‌കോപ് ഉണ്ടെന്നു തോന്നുന്നില്ല. കോൺഗ്രസ് വേഗത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. മാധ്യമങ്ങൾ അന്വേഷിക്കേണ്ടത് സി.പി.എം സ്ഥാനാർത്ഥി ആരാണെന്നും അയാൾ അരിവാൾ ചുറ്റിക നക്ഷത്രത്തിലാണോ അതോ സ്വതന്ത്ര സ്ഥാനാർഥി ആയാണോ മത്സരിക്കുന്നത്, ബി.ജെ.പി സ്ഥാനാർത്ഥി ആരാണെന്നാണ്. നിങ്ങൾ കോൺഗ്രസിന് പിന്നാലെ മാത്രമാണ് നടക്കുന്നത്. മറ്റു രണ്ടു പാർട്ടികളുടെ സ്ഥാനാർത്ഥികളെ കുറിച്ച് അറിയാനും ജനങ്ങൾക്ക് താൽപര്യമുണ്ട്. നിങ്ങൾ കോൺഗ്രസിലെ കുഴപ്പം നോക്കി നടക്കുകയാണ്.
സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയാനാകില്ല. പാലക്കാട് ഉണ്ടായതു പോലുള്ള ഗതികേടാണ് സി.പി.എമ്മിന് നിലമ്പൂരിലും ഉണ്ടാകുന്നതെങ്കിൽ അത് ആവർത്തിക്കട്ടെ. പലാക്കാട് എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണ്. അവരുടെ സ്ഥാനാർത്ഥിയെ തീരുമനിക്കുന്നത് അവർക്ക് വിട്ടു കൊടുക്കുകയാണ്. ഒരു കുഴപ്പവും കോൺഗ്രസിൽ ഇല്ല. കഴിഞ്ഞ തവണ പാലക്കാട് കോൺഗ്രസിൽ കുഴപ്പമുണ്ടാക്കിയവർ പോയ വഴി കണ്ടല്ലോ? അഞ്ചിരട്ടിയായാണ് ഭൂരിപക്ഷം വർധിച്ചത്. ആ സ്ഥാനാർത്ഥിക്ക് പോസ്റ്റിങ് കിട്ടിയത് നല്ലകാര്യം. തോമസ് ഐസക്കിനോട് പിണറായി വിജയന് ഇത്രയും വിരോധമുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്.
9 വർഷം കൊണ്ട് കേരളത്തെ തകർത്ത ഈ സർക്കാരിനെ നിലമ്പൂരിലെ ജനങ്ങൾക്ക് മുന്നിൽ യു.ഡി.എഫ് വിചാരണ ചെയ്യും. കേരളത്തിലെ മുഴുവൻ ജനങ്ങളുടെ പ്രതീകമായി നിലമ്പൂരിലെ ജനങ്ങൾ നിൽക്കും. ഈ സർക്കാരിനെ ജനങ്ങളുടെ മനസാക്ഷിക്ക് മുന്നിൽ വിചാരണ ചെയ്യും. അഴിമതി ആരോപണങ്ങൾ ഉൾപ്പെടെ ചർച്ചയാക്കും. ആദ്യം മലപ്പുറത്താണല്ലോ ദേശീയപാത തകർന്നു വീണത്. ഇപ്പോൾ അത് എല്ലാ ജില്ലകളിലുമായിട്ടുണ്ട്. അതെല്ലാം ചർച്ചയാകും.
ഉപതിരഞ്ഞെടുപ്പുകളിൽ സാധാരണയായി ദേശീയ നേതാക്കൾ എത്താറില്ല. എന്നാൽ നിലമ്പൂർ സ്വന്തം പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെട്ടതിനാൽ പ്രിയങ്കാഗാന്ധിയെ പ്രചരണത്തിന് എത്തിക്കുന്നതിനെ കുറിച്ച് ആലോചിക്കും. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. എ.ഐ.സി.സിയുമായി ചർച്ച ചെയ്ത് തീരുമാനിക്കും. ഭൂരിപക്ഷം പ്രവചിക്കാനൊന്നും സമയമായില്ല. ബൂത്തുതലത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ ഉൾപ്പെടെ ലഭിച്ച ശേഷം അതേക്കുറിച്ച് പറയും.