Crime

മുൻ എംഎൽഎയിൽ നിന്ന് കേന്ദ്ര മന്ത്രിയുടെ സഹോദരനും മകനും തട്ടിയത് കോടികൾ

ബെംഗളൂരു: മുൻ ജെഡിഎസ് എംഎൽഎയിൽ നിന്ന് കോടികൾ തട്ടിയെടുത്തു. കേസിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ ഗോപാൽ ജോഷിയെയും മകൻ അജയ് ജോഷിയെയും ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ഗോപാൽ ജോഷി, മകൻ അജയ് ജോഷി റിയൽ എസ്റ്റേറ്റ് ഏജന്റും ഇവരുടെ സഹായിയുമായ വിജയലക്ഷ്മി എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

മുൻ എംഎൽഎ ദേവാനന്ദ ഫൂൽ സിംഗ് ചൗഹാൻ്റെ ഭാര്യ സുനിത ചാവന്റെ പരാതിയിലാണ് കേസെടുത്തത്. വിജയപുര ജില്ലയിലെ നാഗ്ടാൻ മുൻ എംഎൽഎ ആയിരുന്നു ദേവാനന്ദ ഫൂൽ സിംഗ് ചൌഹാൻ. ബിജാപൂർ നിയോജക മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയാക്കാം എന്ന് വാഗ്ദാനം നൽകിയായിരുന്നു വഞ്ചന. ബിജെപി സീറ്റിനായി 5 കോടി രൂപ ആവശ്യപ്പെട്ടെന്നും 25 ലക്ഷം രൂപ ടോക്കൺ ഫീസ് എന്ന പേരിൽ കൈമാറിയെന്നും സുനിതയുടെ പരാതിയിൽ പറയുന്നു. ഇതിന് പുറമേ സർക്കാരിൽ നിന്ന് 200 കോടിയുടെ ഒരു പദ്ധതി നേടിയെടുക്കുന്നതിനായി 2.25 കോടി രൂപയും ഗോപാൽ ജോഷി വാങ്ങിയതായും പരാതിയിൽ ആരോപിക്കുന്നു. 20 ദിവസത്തിനുള്ളിൽ തിരികെ നൽകുമെന്ന് വ്യക്തമാക്കിയായിരുന്നു ഈ പണം വാങ്ങിയത്. പല തവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെ ഓഗസ്റ്റ് 1ന് വിജയ ലക്ഷ്മിയുടെ വീട്ടിലെത്തിയെ സുനിതയെ ജാതി അധിക്ഷേപവും ആക്രമണവും നേരിട്ടിരുന്നു. ഇതോടെയാണ് മുൻ എംഎൽഎയുടെ ഭാര്യ പൊലീസിൽ പരാതിപ്പെട്ടത്.

സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഗോപാൽ ജോഷിയും അജയ്‌യും അറസ്റ്റിലായത്. അതേസമയം തനിക്ക് സഹോദരൻ ഇല്ലെന്ന് കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ദശാബ്ദങ്ങൾക്ക് മുൻപ് തന്നെ സഹോദരനെ പ്രൽഹാദ് ജോഷി തള്ളിപ്പറഞ്ഞിരുന്നു. ഗോപാൽ ജോഷി ബിജെപി സീറ്റ് വാഗ്ദാനം ചെയ്ത് പണം വാങ്ങിയോയെന്ന് തനിക്ക് അറിയില്ലെന്നും കുറ്റം തെളിഞ്ഞാൽ നിയമ നടപടി സ്വീകരിക്കണമെന്നും പ്രൽഹാദ് ജോഷി വെള്ളിയാഴ്ച ദില്ലിയിൽ വച്ച് മാധ്യമങ്ങളോട് വിശദമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *