മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ സൈബറാക്രമണം നടത്തിയ കെ. നന്ദകുമാറിനെ ഐഎച്ച്ആര്‍ഡിയുടെ (Institute of Human Resource Development) അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസറായി നിയമിച്ചു.
സിപിഎമ്മിനുവേണ്ടി സൈബര്‍ ഗുണ്ടായിസം നടത്തുന്ന നന്ദകുമാറിനെ ഒരു മാസം മുന്‍പ് തന്നെ കേരള സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനത്തില്‍ നിയമിച്ചിരുന്നു. ഇതിന്റെ നന്ദിപ്രകടനമായിട്ടായിരിക്കും ഉമ്മന്‍ചാണ്ടിയെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ മലയാളം മീഡിയക്ക് ലഭിച്ചു.
മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ശുപാര്‍ശയില്‍ ആയിരുന്നു കെ. നന്ദകുമാറിന് നിയമനം നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി രാജശേഖരന്റെയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഗോപന്റെയും ഏറ്റവും അടുത്ത ആളാണ് നന്ദകുമാര്‍.
അഡീഷണല്‍ സെക്രട്ടറിയായി വിരമിച്ചതിനു ശേഷം നന്ദകുമാറിന് ജോലി നല്‍കാന്‍ ഇരുവരും പല രീതിയില്‍ ശ്രമിച്ചുവെങ്കിലും സിപിഎമ്മിന്റെ സെക്രട്ടറിയേറ്റിലെ സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ പ്രസിഡണ്ട് ഹണിയുടെ എതിര്‍പ്പ് മൂലം പരാജയപ്പെട്ടിരുന്നു. ഹണിയുടെ ബന്ധശത്രുവാണ് നന്ദകുമാര്‍.
സി പി എമ്മിന്റെ സൈബറിടങ്ങളില്‍ പ്രവൃത്തിച്ച് വരികയായിരുന്നു നന്ദകുമാര്‍.ഐ എച്ച് ആര്‍ ഡിയുടെ ഡയറക്ടര്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്‍ ഡോ. വി.എ. അരുണ്‍കുമാര്‍ ആണ്. ഫിനാന്‍സ് ഓഫിസറായി ജോലി ചെയ്യുന്ന സാംസണ്‍ ജോണ്‍ ധനകാര്യ വകുപ്പില്‍ നിന്ന് വിരമിച്ചിട്ട് 6 വര്‍ഷം കഴിഞ്ഞു. സിപിഎമ്മിന്റെ ധനകാര്യ വകുപ്പിലെ നേതാവായിരുന്നു സാംസണ്‍ ജോണ്‍.
വിരമിച്ച സിപിഎം സഖാക്കളെ കുടിയിരുത്തുന്ന സ്ഥാപനമായി ഐ എച്ച് ആര്‍.ഡി. മാറി. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐ.എച്ച്.ആര്‍.ഡിയുടെ ഓഫിസ് തിരുവനന്തപുരം പേട്ടയിലാണ്. അച്ചു ഉമ്മനെ അപഹസിച്ചതിനെതിരെ പോലിസ് കേസെടുത്തതോടെ വിവാദ ഫേസ് ബുക്ക് പേജ് നന്ദകുമാര്‍ മരവിപ്പിച്ചിരുന്നു.
കൊളത്താപ്പിള്ളി നന്ദകുമാര്‍ എന്ന ഫേസ്ബുക്ക് പേജ് കൂടാതെ നന്ദകുമാര്‍ കൊളത്താപ്പിള്ളി എന്ന പേജും നന്ദകുമാറിന് ഉണ്ടായിരുന്നു. നന്ദകുമാര്‍ കൊളത്താപ്പിള്ളി എന്ന പേജില്‍ നിന്നായിരുന്നു അച്ചു ഉമ്മനെതിരെയുള്ള സൈബര്‍ ആക്രമണം നന്ദകുമാര്‍ നടത്തിയത്. അച്ചു ഉമ്മന്‍ പരാതി നല്‍കിയതോടെ നന്ദകുമാര്‍ മാപ്പ് പറഞ്ഞതും നന്ദകുമാര്‍ കൊളത്താപ്പിള്ളി പേജിലൂടെയായിരുന്നു.
അച്ചു ഉമ്മന്‍ പരാതിയില്‍ ഉറച്ച് നിന്നതോടെ പൂജപ്പുര പോലിസ് നന്ദകുമാറിനെതിരെ കേസെടുത്തു. പൂജപ്പുര പോലിസ് ഇന്ന് അച്ചു ഉമ്മന്റെ മൊഴി രേഖപ്പെടുത്തി. വ്യക്തി വിരോധം കൊണ്ടല്ല കേസ് കൊടുത്തത്. ഒരു ആശയത്തിനെതിരെയാണ് കേസ് കൊടുത്തതെന്ന് അച്ചു ഉമ്മന്‍ പ്രതികരിച്ചു. എല്ലാ അമ്പുകളും ഉമ്മന്‍ ചാണ്ടിക്ക് നേരെയാണ്.
ആക്രമണം തുടര്‍ന്നപ്പോഴാണ് കേസ് കൊടുത്തതെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി കട്ടുമുടിച്ചു എന്ന രീതിയിലാണ് പോസ്റ്റുകള്‍. എന്റെ പേരില്‍ അദ്ദേഹത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുതെന്ന് തോന്നി. അദ്ദേഹത്തെ സംരക്ഷിക്കാന്‍ വേണ്ടി കൂടിയാണ് കേസ് കൊടുത്തതെന്നും അച്ചു കൂട്ടിച്ചേര്‍ത്തു. നന്ദകുമാറിനെ നാളെ ചോദ്യം ചെയ്യും എന്നാണ് ലഭിക്കുന്ന സൂചന .
നിയമ ഉപദേശവും നന്ദകുമാര്‍ തേടിയിട്ടുണ്ട്. അതിന്റെ ഭാഗമാണ് വിവാദമായ ഫേസ് ബുക്ക് പേജ് നന്ദകുമാര്‍ നീക്കം ചെയ്തതും. സര്‍ക്കാരിന്റെ ഉന്നത സ്ഥാപനത്തിലിരുന്നായിരുന്നു നന്ദകുമാര്‍ സൈബര്‍ ആക്രമണം നടത്തിയത്. സര്‍ക്കാര്‍ ശമ്പളം വാങ്ങി സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ നന്ദകുമാറിനെ ഐഎച്ച്ആര്‍ഡിയില്‍ നിന്ന് പുറത്താക്കണം എന്ന ആവശ്യം വരും ദിവസങ്ങളില്‍ ഉയരും.