കൊച്ചി: പിണറായിയുടെ സന്ദേശങ്ങള്‍ ദല്‍ഹിയിലെത്തിക്കുന്ന കെ.വി. തോമസിന് പുതുപ്പള്ളിയെക്കുറിച്ച് പ്രതീക്ഷയൊന്നുമില്ല. കെ റയില്‍ നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് കെ.വി തോമസ്.
കെറെയിലിന്റെ ഡിപിആര്‍ സര്‍ക്കാര്‍ കേന്ദ്ര റയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിച്ചുണ്ടെന്നും അവര്‍ വിശദമായി പഠിച്ച് ഉടന്‍ മറുപടി സമര്‍പ്പിക്കുമെന്നും കെ.വി തോമസ് വ്യക്തമാക്കി. മന്ദഗതിയിലായ ഇത്തരം പ്രവര്‍ത്തനങ്ങളെ വേഗതയിലാക്കാനുള്ള ശ്രമത്തിലാണ് കെ.വി. തോമസ്.
മെട്രോമാന്‍ ശ്രീധരന്‍ മറ്റൊരു പ്രൊപ്പോസല്‍ തന്നിട്ടുണ്ടെന്നും അന്തിമ മറുപടി കേന്ദ്രത്തില്‍ നിന്ന് ഉടന്‍ ലഭിക്കുമെന്നും കെ.വി. തോമസ് പറഞ്ഞു. വിഴിഞ്ഞത്ത് കപ്പല്‍ പറഞ്ഞ സമയത്ത് തന്നെ എത്തും അത് അദാനി നോക്കി കൊള്ളുമെന്നുമാണ് കെ.വി തോമസിന്റെ ആത്മവിശ്വാസം. അതേ സമയം പുതുപള്ളിയില്‍ പ്രവചനത്തിനില്ലെന്ന് പറഞ്ഞ കെ.വി. തോമസ് പ്രവചന കാര്യത്തില്‍ താന്‍ മിടുക്കനല്ലെന്നും വ്യക്തമാക്കി.
പുതുപ്പള്ളിയില്‍ സ്റ്റാര്‍ ക്യാമ്പയിനറായി കെ.വി. തോമസിനെ ഇറക്കാനായിരുന്നു പിണറായി ഉദ്ദേശിച്ചിരുന്നത്. ഇതുവഴി ക്രൈസ്തവ വോട്ടുകള്‍ സമാഹരിക്കാന്‍ സാധിക്കും എന്നായിരുന്നു പിണറായിയുടെ കണക്ക് കൂട്ടല്‍. ഉമ്മന്‍ ചാണ്ടിയുമായി വൈകാരിക ബന്ധമുള്ള പുതുപ്പള്ളിയില്‍ പ്രചരണത്തിനിറങ്ങിയിട്ട് കാര്യമില്ലെന്ന് മറ്റാരെയുംകാള്‍ നന്നായി കെ.വി. തോമസിനറിയാം. തൃക്കാക്കര പോലെ സജീവമായി പ്രചരണത്തിന് ഇറങ്ങാതെ പിന്നില്‍ നിന്ന് കളിക്കാം എന്ന ഉറപ്പാണ് കെ.വി. തോമസ് പിണറായിക്ക് നല്‍കിയത്.
തൃക്കാക്കരയില്‍ പിണറായിയോട് തോളോട് തോള്‍ ചേര്‍ന്നാണ് കെ.വി. തോമസ് പ്രവര്‍ത്തിച്ചത്. ഫലം വന്നപ്പോള്‍ റെക്കോഡ് ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ജയിച്ചു. ആ ജയത്തിന്റെ ഞെട്ടലില്‍ നിന്ന് കെ.വി. തോമസ് ഇപ്പോഴും മുക്തനായിട്ടില്ല. രസതന്ത്ര അധ്യാപകനായ കെ.വി. തോമസിന്റെ വരവ് തൃക്കാക്കരയില്‍ എല്‍.ഡി. എഫിന് നേട്ടമായില്ല.
തോറ്റെങ്കിലും ചങ്കോട് ചങ്ക് നിന്ന് പോരാടിയ കെ.വി തോമസിനെ പിണറായി കാബിനറ്റ് റാങ്കില്‍ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധി ആയി നിയമിച്ചു. കെ റയില്‍ വരും കേട്ടോ എന്ന പിണറായിയുടെ ആത്മവിശ്വാസം കെ.വി തോമസിനെ മുന്നില്‍ കണ്ടായിരുന്നു. ഇന്ന് കെ.റയില്‍ വരും എന്ന കാര്യത്തില്‍ പിണറായിക്ക് പോലും ഉറപ്പില്ല. ആശയ കുഴപ്പമില്ലാത്തത് കെ.വി.തോമസിന് മാത്രമാണ്. ഡല്‍ഹി രാഷ്ട്രീയത്തിന്റെ സകല കളികളും കെ.വി. തോമസിനറിയാം. കെ.റയിലില്‍ കേന്ദ്രത്തിന്റെ മറുപടി ഉടന്‍ കിട്ടും എന്ന് കെ.വി. തോമസ് വെറുതെ പറയില്ല.
കെ റയില്‍ നടപ്പാക്കാന്‍ കെ.വി. തോമസ് മെനക്കിട്ട് ഇറങ്ങുമ്പോള്‍ 2024 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വിഷയമായി കെ റയില്‍ മാറും. ഇതിലൂടെ പിണറായിയെ വികസന നായകനാക്കി മുന്നില്‍ നിറുത്തി ലോക സഭ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഡല്‍ഹി കേന്ദ്രികരിച്ചുള്ള ഓപ്പറേഷനുമായി കെ.വി തോമസ് ശ്രമിക്കുന്നത്. അതിനിടയില്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഒന്നും കെ.വി.തോമസിന്റെ ലക്ഷ്യം അല്ല. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ജയിക്കുമെന്നും ഭൂരിപക്ഷം കുറയുമെന്നുമാണ് കെ.വി തോമസ് പിണറായിയെ ധരിപ്പിച്ചിരിക്കുന്നത്.