പുതുപള്ളിയില്‍ താരമായി അച്ചു ഉമ്മന്‍. സിപിഎം സൈബര്‍ സംഘങ്ങള്‍ അച്ചു ഉമ്മനെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് ചുട്ട മറുപടിയാണ് അച്ചു ഉമ്മന്‍ നല്‍കിയത്. സ്നേഹത്തിന്റേയും രാഷ്ട്രീയമാണ് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയമെന്നും കഴിയുമെങ്കില്‍ അദ്ദേഹത്തെ പോലെ ആകാന്‍ ശ്രമിക്കൂ. അപ്പോള്‍ നിങ്ങള്‍ക്കും കിട്ടും ഈ ആദരവും സ്നേഹവുമൊക്കെ. അദ്ദേഹത്തിന്റെ ജീവിതം ഒരു തുറന്ന പാഠപുസ്തകമായി നമ്മുടെ മുന്നില്‍ നില്‍ക്കുകയാണ്.
ഇനി വരാനിരിക്കുന്ന തലമുറയിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ അത് മാതൃകയാക്കു എന്നുമായിരുന്നു അച്ചുവിന്റെ പക്വതയോടെയുള്ള മറുപടി. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി. മരിച്ചപ്പോള്‍ മക്കളെ വേട്ടയാടുന്നു. മുഖമില്ലാത്തവര്‍ക്കെതിരെ നിയമനടപടിക്കില്ലെന്നും അച്ചു പറഞ്ഞു.
അധിക്ഷേപങ്ങള്‍ക്കുള്ള മറുപടി വെറുമൊരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഒതുക്കുക മാത്രമല്ല ചെയ്തത്. മുഖമില്ലാത്തവരുടെ ഇരുട്ടത്തുനിന്നുള്ള ആക്രമണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും അച്ചു ഉമ്മന്‍ തയ്യാറായി. മടിയില്‍ കനമില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ കുടുംബത്തിനും മാതൃകയാക്കാവുന്ന നടപടിയായിരുന്നു അച്ചു ഉമ്മനില്‍ നിന്നുണ്ടായത്.
ധൈര്യമുണ്ടെങ്കില്‍ നേര്‍ക്കുനേര്‍ ആരോപണം ഉന്നയിക്കട്ടെ. സൈബര്‍ ആക്രമണം അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ്. പിതാവിന്റെ പേര് ഉപയോഗിച്ച് ഇതുവരെ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും ചെയ്ത എല്ലാ കാര്യങ്ങളും സുതാര്യമെന്നും അച്ചു പറഞ്ഞു. ആക്ഷേപങ്ങള്‍ക്ക് ഉടനടി മറുപടിയുമായി അച്ചു എത്തിയതോടെ വീണ വിജയന്റെ മൗനം ചര്‍ച്ചയായി മാറി. മാസപ്പടി വിവാദത്തില്‍ വീണ വിജയന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മകളുടെ മാസപ്പടിയില്‍ പിണറായിയും മൗനത്തിലാണ്.
എ.ഐ ക്യാമറ അഴിമതിയുടെ വിശദാംശങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി മൗനത്തില്‍ വാല്‍മികത്തില്‍ ചേക്കേറിയത്. വീണയുടെ ഐ.ടി. കമ്പനിക്ക് വിവിധ കടലാസ് കമ്പനികളില്‍ നിന്ന് കോടികളുടെ മാസപ്പടിയാണ് ലഭിക്കുന്നതെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു . ജി.എസ്.ടി. വെട്ടിപ്പിലും വീണ മൗനത്തിലാണ്.
2014 ല്‍ എക്‌സാ ലോജിക്ക് കമ്പനി രൂപികരിച്ചത് മുതല്‍ വീണ ക്കെതിരെ വിവിധ ആരോപണങ്ങള്‍ തെളിവ് സഹിതം പുറത്ത് വന്നിരുന്നു. ഒന്നിനും മറുപടിയില്ലാതെ പിണറായിയുടെ പുറകില്‍ ഒളിക്കുകയായിരുന്നു വീണ . മടിയില്‍ കനമുള്ളത് കൊണ്ടാണ് പിണറായിയും വീണയും മൗനം പുലര്‍ത്തുന്നത് എന്ന ആരോപണമാണ് ഉയരുന്നത്.
അച്ചുവിനെതിരെയുള്ള വ്യക്തി അധിക്ഷേപം തങ്ങളുടെ അറിവോടെയല്ല എന്നാണ് സിപിഎമ്മിന്റെ ക്യാപ്‌സൂള്‍. അച്ചു വിവാദം പുതുപള്ളിയില്‍ തിരിച്ചടിയായി എന്നാണ് എല്‍.ഡി.എഫ് വിലയിരുത്തല്‍ . ഉമ്മന്‍ ചാണ്ടിയുടെ ചികില്‍സ വിവാദം ആദ്യം സിപിഎം ഉയര്‍ത്തിയെങ്കിലും തിരിച്ചടി ഭയന്ന് പിന്‍മാറിയിരുന്നു. തൊട്ടു പിന്നാലെ അച്ചു വിവാദത്തില്‍ നിന്നുള്ള പിന്‍മാറലും. അച്ചു – വീണ താരതമ്യം വന്‍ ചര്‍ച്ചയായി മാറിയതോടെ പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 40,000 കവിഞ്ഞാലും അല്‍ഭുതപ്പെടേണ്ട .