മന്ത്രി ശിവൻകുട്ടി വിദേശത്തേക്ക്. സെപ്റ്റംബർ 1 മുതൽ സെപ്റ്റംബർ 5 വരെ ശിവൻകുട്ടി യു.എ.ഇ യിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഒഡെപെക് സംഘടിപ്പിക്കുന്ന എംപ്ലോയേഴ്സ് മീറ്റിൽ ശിവൻകുട്ടി പങ്കെടുക്കും. കൂടാതെ വിവിധ ലേബർ ക്യാമ്പുകളും തൊഴിൽ വകുപ്പ് മന്ത്രി എന്ന നിലയിൽ ശിവൻകുട്ടി സന്ദർശിക്കും. (Visit of V Sivankutty, Minister of General Education and Labour to United Arab Emirates from 01 September to 05 September)
സെപ്റ്റംബർ 3 മുതൽ 7 വരെ യു.എ.ഇ സന്ദർശിക്കാനായിരുന്നു ശിവൻ കുട്ടി ആദ്യം തീരുമാനിച്ചിരുന്നത്. എയർ ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നായിരുന്നു തീയതി മാറ്റി നിശ്ചയിച്ചത്. യാത്രക്ക് സർക്കാർ അനുമതി നൽകി ഉത്തരവിറങ്ങി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ആഭ്യന്തരമന്ത്രാലയത്തിനും ഉത്തരവിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.
കേന്ദ്രത്തിന്റെ അനുമതി കൂടി യാത്രക്ക് ആവശ്യമുണ്ട്. മുഖ്യമന്ത്രിയുടെ യു.കെ. സന്ദർശനത്തിൽ ശിവൻകുട്ടിയും ഭാര്യ പാർവ്വതി ദേവിയും അനുഗമിച്ചിരുന്നു. മുഖ്യമന്ത്രിയും കുടുംബസമേതമായിരുന്നു യു.കെ. സന്ദർശിച്ചത്. കുടുബ സമേതമുള്ള മുഖ്യമന്ത്രിയുടേയും ശിവൻകുട്ടിയുടേയും വിദേശയാത്ര വിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു.
യു.എ. ഇ യാത്രയിൽ ഭാര്യ പാർവ്വതി ദേവി ശിവൻ കുട്ടിയെ അനുഗമിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. ശിവൻ കുട്ടിയുടെ യാത്രയുടെ ചെലവ് വഹിക്കുന്നത് ഒഡെപെക് ആണ് . തൊഴിൽ വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് ഒഡെപെക് (Overseas Development and Employment Promotion Consultants Ltd).
പുതുപള്ളി ഉപതെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ യു.എ.ഇയിൽ ആയതിനാൽ വരും ദിവസങ്ങളിൽ പുതുപള്ളിയിൽ പ്രചരണത്തിനിറങ്ങാനാണ് ശിവൻകുട്ടി ഉദ്ദേശിക്കുന്നത്.