ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയെ സജ്ജമാക്കാനുള്ള കമ്മിറ്റികളുടെ തലപ്പത്ത് പ്രിയങ്ക ഗാന്ധിയെ നിയോഗിക്കാന്‍ ആലോചന. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പരമോന്നത സമിതിയായ പ്രവര്‍ത്തക സമിതിയെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇനി തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനുള്ള ദേശീയതല സമിതികളാണ് പ്രധാനം. ഉത്തര്‍പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക ഗാന്ധി.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖമായി രാഹുല്‍ഗാന്ധി നിലകൊള്ളുമ്പോള്‍ നിലപാട് രൂപീകരണത്തിലും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കലും ഈ സമിതികളുടെ ചുമതലയാണ്. ഖാര്‍ഗെയോടൊപ്പം പ്രിയങ്കയും സജീവമായി ഉണ്ടാകണമെന്നാണ് സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശം. വിശാല പ്രതിപക്ഷ ഐക്യമുന്നണി ‘ഇന്ത്യ’യുടെ ശാക്തീകരണ ചുമതലയാണ് സോണിയാഗന്ധി ഏറ്റെടുത്തിരിക്കുന്നത്.
ദേശീയാധ്യക്ഷനായി ഖാര്‍ഗെ ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും വലിയ കടമ്പ കടന്നതിന്റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. സമിതിയുടെ പേരില്‍ കാര്യമായ പ്രതിഷേധങ്ങളോ പിണക്കങ്ങളോ ഉയര്‍ന്നില്ലെന്നത് ഐക്യത്തിന്റെ സൂചനയാണെന്നും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ അതു ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
പ്രവര്‍ത്തക സമിതിയില്‍ ഇടംനല്‍കാതെ സ്ഥിരം ക്ഷണിതാവാക്കിയതില്‍ അതൃപ്തിയുള്ള രമേശ് ചെന്നിത്തലയുടെ എതിര്‍പ്പ് വൈകാതെ തണുക്കുമെന്നാണു പ്രതീക്ഷ. പ്രധാന സംസ്ഥാനങ്ങളിലൊന്നിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പദം ചെന്നിത്തലയ്ക്കു നല്‍കിയേക്കും.
ശശി തരൂരിനെ ക്ഷണിതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ആദ്യം പരിഗണിച്ചതെന്നും പാര്‍ട്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതാണ് അദ്ദേഹത്തിനു സമിതിയിലേക്കു വഴിതുറന്നതെന്നും തരൂരുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, രാജ്യസഭാംഗം പ്രമോദ് തിവാരി, രഘുവീര്‍ മീണ (രാജസ്ഥാന്‍), പി.എല്‍.പുനിയ (യുപി) എന്നിവരാണു സമിതിയില്‍ ഇടംലഭിക്കാത്ത പ്രമുഖര്‍.
‘ഒരാള്‍ക്ക് ഒരു പദവി’ നയം നടപ്പാക്കിയതിന്റെ പേരില്‍ മുഖ്യമന്ത്രിമാര്‍ സമിതിയില്‍ നിന്ന് പുറത്തായപ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തിലെ അവരുടെ എതിരാളികളെ ഉള്‍പ്പെടുത്തിയതു ശ്രദ്ധേയമായി. സച്ചിന്‍ പൈലറ്റ് (രാജസ്ഥാന്‍), പ്രതിഭ വീരഭദ്ര സിങ് (ഹിമാചല്‍), താമരധ്വജ് സാഹു (ഛത്തീസ്ഗഡ്), ബി.കെ.ഹരിപ്രസാദ് (കര്‍ണാടക) എന്നിവര്‍ അതതു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ എതിര്‍ ചേരിയിലുള്ളവരാണ്. മുഖ്യമന്ത്രിമാര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ അതിരുകടന്ന അധികാരം പ്രയോഗിച്ച് ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തു നിന്നു നീക്കാനുള്ള പാര്‍ട്ടി തീരുമാനം എംഎല്‍എമാരെ മുന്നില്‍നിര്‍ത്തി അശോക് ഗെലോട്ട് അട്ടിമറിച്ച അനുഭവം ഹൈക്കമാന്‍ഡ് ഗാന്ധി കുടുംബത്തിന് നല്‍കിയത് വലിയൊരു പാഠമായിരുന്നു.
മുംബൈയില്‍ ഈ മാസം 31നും സെപ്റ്റംബര്‍ ഒന്നിനുമായി ചേരുന്ന യോഗത്തില്‍ ‘ഇന്ത്യ’ മുന്നണിയുടെ ലോഗോ പുറത്തിറക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ആലോചിക്കുന്നു. കക്ഷിനേതാക്കളുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചായിരിക്കും ലോഗോയ്ക്കു രൂപം നല്‍കുക. ബെംഗളൂരുവില്‍ കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തിലാണു മുന്നണിക്ക് ഇന്ത്യ എന്ന പേരു നിശ്ചയിച്ചത്.