കെ.ബി. ഗണേഷ് കുമാറിനെ തഴയാന്‍ വഴികള്‍ തേടി സിപിഎം

കെ.ബി. ഗണേഷ് കുമാര്‍ വെറുമൊരു എംഎല്‍എയല്ല. ഒറ്റ എംഎല്‍എയുള്ള സംഘടനയുടെ നേതാവാണെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിലെ ട്രെന്റുകളെ സ്വാധീനിക്കുന്നവരിലൊരാളാണ്. ഇടതുമുന്നണിയിലാണ് കേരള കോണ്‍ഗ്രസ് ബിയുടെ സ്ഥാനമെങ്കിലും ഇപ്പോള്‍ പുറത്തേക്കുള്ള വാതിലില്‍ ചാരിയാണ് ഗണേഷ് കുമാറിന്റെ നില്‍പ്പ്.

പത്തനാപുരം എംഎല്‍എ ഇടതുമുന്നണിയിലെ വല്യേട്ടനായ സിപിഎമ്മിന്റെ കണ്ണിലെ കരടായത് രണ്ടാം പിണറായി സര്‍ക്കാരിലാണ്. ഇടതുമുന്നണി യോഗത്തില്‍ മന്ത്രിമാര്‍ക്കെതിരെ തുറന്നടിച്ചതിന്റെ ഹാങോവര്‍ മാറുന്നതിന് മുമ്പുതന്നെ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ പറഞ്ഞിരിക്കുകയാണ് കെ.ബി. ഗണേഷ് കുമാര്‍.

ഇനിവരുന്ന ഇടതു മുന്നണി യോഗത്തില്‍ ഗണേഷിന്റെ പ്രസ്താവനകളില്‍ സിപിഎം അതൃപ്തി രേഖപ്പെടുത്താനിടയുണ്ട്. ഇത്തരം പ്രസ്താവനകളില്‍ നിന്ന് പരോക്ഷമായെങ്കിലും വിലക്കാന്‍ ശ്രമമുണ്ടാകുയും ചെയ്യും. ഇടതു പക്ഷത്തിന്റെ പൊതുനിയമങ്ങള്‍ മുന്നണിയിലെ കക്ഷികള്‍ ഒന്നാകെ അനുസരിക്കണമെന്ന അപ്രഖ്യാപിത നിയമമുണ്ടെന്നിരിക്കെ ഗണേഷ് കുമാര്‍ നടത്തുന്ന പ്രസ്താവനകള്‍ അദ്ദേഹത്തെ മുന്നണിക്ക് പുറത്തേക്കുള്ള വഴി തുറക്കുമെന്നാണ് കരുതപ്പെടുന്നത്.

ഗണപതി മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എഎന്‍ ഷംസീറിനെ പരസ്യമായി തള്ളി പറഞ്ഞ ഗണേഷ്, പൊതുമരാമത്ത് വകുപ്പ് മന്ത്രിയും പിണറായി വിജയന്റ്‌റെ മരുമകന്‍ കൂടിയായ പിഎ മുഹമ്മദ് റിയാസിനെ പരസ്യമായി വിമര്‍ശിച്ചത് ഇടത് നേതൃത്വത്തെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്.

പൊതു വേദിയിലെ ഈ വിമര്‍ശനം പാര്‍ട്ടിയെ മൊത്തത്തില്‍ മോശമായി ബാധിച്ചുവെന്നാണ് സിപിഎം വിലയിരുത്തല്‍. അതിനാല്‍ തന്നെ പൊതുമരാമത്തിനെ വിമര്‍ശിക്കുന്നവര്‍ പാര്‍ട്ടി ശത്രുക്കളാണെന്ന സന്ദേശം നല്‍കും.

പത്തനാപുരം ബ്ലോക്കില്‍ 100 മീറ്റര്‍ റോഡ് പോലും ഈ വര്‍ഷം പി ഡബ്ല്യുഡി അനുവദിച്ചിട്ടില്ല. മുന്‍ മന്ത്രി ജി സുധാകരന്‍ സ്‌നേഹവും പരിഗണനയും നല്‍കിയിരുന്നു. റോഡ് ഉദ്ഘാടന ചടങ്ങില്‍ ഫണ്ട് അനുവദിച്ച ജി സുധാകരന്റെ ചിത്രം വയ്ക്കാതിരുന്ന സംഘാടകരെ ഗണേശ് വിമര്‍ശിക്കുകയും ചെയ്തു. പത്തനാപുരത്ത് ഈസ്റ്റ്- കോക്കുളത്ത് ഏല-പട്ടമല റോഡിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പൊതുമരാമത്ത് മന്ത്രിയെ ഗണേശ് പരസ്യമായി വിമര്‍ശിച്ചത്.

പൊതുമരാമത്ത് മന്ത്രിയെന്ന നിലയില്‍ റിയാസിനെ സുധാകരന് മുകളിലേക്ക് കൊണ്ടു വരാനും മുന്നണിയില്‍ നീക്കം നടക്കുന്നുണ്ട്. ഇതാണ് ഗണേശ് ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നതും. ജി സുധാകരനാണ് പത്തനാപുരത്ത് ഈസ്റ്റ്- കോക്കുളത്ത് ഏല-പട്ടമല റോഡിന് പണം അനുവദിച്ചത്. അദ്ദേഹത്തിനുള്ള നന്ദി കൈയടിച്ച് അറിയിക്കണം. പോസ്റ്റില്‍ മന്ത്രി റിയാസിന്റെ പടം വച്ച സ്ഥാനത്ത് യഥാര്‍ത്ഥത്തില്‍ ജി സുധാകരന്റെ പടമായിരുന്നു വെക്കേണ്ടിയിരുന്നത്.

ഫലത്തില്‍ വേദിയില്‍ റിയാസിനെ എല്ലാ അര്‍ത്ഥത്തിലും തൃണവല്‍ക്കരിക്കുകയായിരുന്നു ഗണേശ്. ഇതോടെ വരുന്ന മന്ത്രി സഭാ പുനഃസംഘടനയില്‍ ഗണേഷ് ഉണ്ടാവില്ല എന്ന് വേണം കരുതാന്‍. ഇങ്ങനെവന്നാല്‍ മുന്നണി വിടാന്‍ ഗണേഷ് കുമാര്‍ തയ്യാറായേക്കും.

അങ്ങനെയെങ്കില്‍ ഗണേഷിനെ മുന്നണിയിലെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയേക്കും. സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ഗണപതി പരാമര്‍ശവിവാദത്തില്‍ എന്‍എസ്എസിനൊപ്പമായിരുന്നു കെ.ബി. ഗണേഷ്‌കുമാര്‍ എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. മുന്നണി മാറ്റത്തിന് ഗണേഷിനെ പ്രേരിപ്പിക്കാന്‍ ഇതും അനുകൂല ഘടകമാകുമെന്നാണ് കരുതപ്പെടുന്നത്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments