പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ് പ്രമാണിച്ച് പുതുപ്പള്ളിയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. സ്വതന്ത്രവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണല്‍ ദിനത്തിലും ഡ്രൈ ഡേ പ്രഖ്യാപിച്ചു.
ഇതുപ്രകാരം സെപ്റ്റംബര്‍ മൂന്നിന് വൈകിട്ട് 6 മണി മുതല്‍ സെപ്റ്റംബര്‍ അഞ്ച് വൈകുന്നേരം 6 മണിവരെയും വോട്ടെണ്ണല്‍ ദിനമായ സെപ്റ്റംബര്‍ എട്ടിനുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചത്. ജനപ്രാതിനിധ്യ നിയമത്തിലെ 135 സി വകുപ്പ് പ്രകാരമാണ് നടപടി.
പുതുപ്പള്ളിയിലെ മദ്യശാലകള്‍, ഹോട്ടലുകള്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മദ്യമോ മറ്റ് ലഹരി പദാര്‍ഥങ്ങളോ വില്‍ക്കാനോ വിതരണം ചെയ്യാനോ പാടില്ല.
ഈ കാലയളവില്‍ മദ്യം ശേഖരിച്ച് വെക്കാനോ അനധികൃതമായി വില്‍പ്പന നടത്താനോയുള്ള ശ്രമങ്ങള്‍ കണ്ടെത്തി തടയാന്‍ എക്സൈസ് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.