ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസണിനെ സ്റ്റാന്റ് ബൈ താരമായി ഒതുക്കിയതിൽ നിരാശയുമായി ആരാധകർ.
ഇതുവരെ ഏകദിന അരങ്ങേറ്റം നടത്താത്ത തിലക് വർമക്ക് ഏഷ്യാ കപ്പിലേക്ക് വിളിയെത്തിയപ്പോഴും സഞ്ജുവിനെ റിസർവ് താരമായി മാത്രം ഒതുക്കിയത് ആരാധകർക്ക് വലിയ നിരാശയുണ്ടാക്കുന്ന കാര്യമാണ്. 55ന് മുകളിൽ ശരാശരിയിൽ കളിച്ചിട്ടും സഞ്ജു പരിഗണിക്കപ്പെട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം. ഏകദിനത്തിൽ മോശം ഫോമിൽ കളിക്കുന്ന സൂര്യകുമാർ യാദവിന് ടീമിൽ സീറ്റ് ലഭിച്ചു.
മോശം പ്രകടനത്തിന്റെ പേരിലാണ് സഞ്ജുവിനെ മാറ്റിനിർത്തിയതെങ്കിൽ, സൂര്യകുമാർ യാദവും തിലക് വർമയും ഉൾപ്പെടെയുള്ളവർക്ക് അവസരം നൽകിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് ആരാധകർ ചോദിക്കുന്നു. ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ വിശദാംശങ്ങൾ പങ്കുവച്ച് ബിസിസിഐ എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച പോസ്റ്റിനു താഴെ കമന്റുകളായും സഞ്ജുവിനെ റിസർവ് താരമാക്കി ഒതുക്കിയതിലുള്ള അമർഷം നിറയുകയാണ്.
0, 1 എന്നിങ്ങനെയാണ് തിലക് വർമയുടെ അവസാന രണ്ട് ഇന്നിങ്‌സുകളിലെ സ്‌കോർ. സൂര്യകുമാർ യാദവിന് ആകട്ടെ, ഇതുവരെ കളിച്ച 26 മത്സരങ്ങളിൽനിന്ന് 24 റൺസ് ശരാശരി മാത്രമാണുള്ളത് ഏകദിനത്തിൽ ഇതുവരെ 13 മത്സരങ്ങളിൽ മാത്രമേ സഞ്ജുവിന് അവസരം ലഭിച്ചിട്ടുള്ളൂ. എന്നിട്ടും ശരാശരി 55നു മുകളിലാണ്. നാലാം നമ്പറിൽ പ്രഹരശേഷി 125ഉം. എന്നിട്ടും സഞ്ജുവിനെ റിസർവ് താരമായി ഒതുക്കിയെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മത്സരത്തിൽ അയർലൻഡിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജു ഏഷ്യാകപ്പ് ടീമിൽ ഉൾപ്പെടുമെന്ന പ്രതീക്ഷ ശക്തമായിരുന്നു. ഇഷാൻ കിഷൻ വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിൽ ഉൾപ്പെട്ടെങ്കിലും സ്‌പെഷലിസ്റ്റ് ബാറ്ററായി സഞ്ജുവിനെ പരിഗണിച്ചേക്കുമെന്നായിരുന്നു വിലയിരുത്തൽ. മധ്യനിരയ്ക്ക് കരുത്തുപകരാൻ നിലവിൽ മികച്ച താരം സഞ്ജുവാണെന്നും ക്രിക്കറ്റ് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അയർലൻഡ് പരമ്പരയിലും സഞ്ജു മോശമല്ലാത്ത പ്രകടനമാണ് നടത്തിയത്. എന്നിട്ടും സഞ്ജു ടീമിന് പുറത്ത്. മുംബൈ ലോബിയുടെ കളിയാണിതെന്നും സഞ്ജുവിന് നീതി വേണമെന്നുമുള്ള ആവശ്യം ഇതിനോടകം ശക്തമായിക്കഴിഞ്ഞു. മുംബൈയുടെ തിലക് വർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവർ ടീമിൽ സീറ്റ് നേടുന്നതിന് കാരണം നായകൻ രോഹിത് ശർമയുടെ മുംബൈ സ്നേഹമാണെന്ന ആക്ഷേപമാണ് ശക്തമാവുന്നത്.
മുംബൈയുടെ മുൻ ചീഫ് സെലക്ടറായിരുന്നു നിലവിലെ ബിസിസിഐയുടെ മുഖ്യ സെലക്ടറായ അജിത് അഗാർക്കർ. അദ്ദേഹം മുംബൈ താരങ്ങളോട് കൂറുകാട്ടുകയാണെന്നും സഞ്ജുവിനുവേണ്ടി വാദിക്കാൻ ആരുമില്ലെന്നുമാണ് ആരാധകർ പറയുന്നത്. ടി20യിൽ സഞ്ജുവിനെ തഴഞ്ഞാലും തെറ്റു പറയാനാവില്ല. എന്നാൽ ഏകദിനത്തിൽ നിന്ന് സഞ്ജുവിനെ തഴയുന്നത് അനീതിയാണെന്നും മികവ് നോക്കിയല്ല ടീം തിരഞ്ഞെടുപ്പ് നടന്നതെന്നുമാണ് ആരാധക പക്ഷം.
ഓഗസ്റ്റ് 30നാണ് ഏഷ്യാകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. സെപ്റ്റംബർ 2ന് ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പിനു മുന്നോടിയായുള്ള പ്രധാന ടൂർണമെന്റ് ആയതിനാൽ മത്സരങ്ങളെ ഗൗരവത്തോടെയാണ് ടീം മാനേജ്‌മെന്റ് നോക്കിക്കാണുന്നത്.
നിലവിൽ അയർലൻഡിനെതിരെ നടക്കുന്ന പരമ്പരയിൽ ടീമിന്റെ ഭാഗമാണ് സഞ്ജു. കഴിഞ്ഞ മത്സരത്തിൽ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുന്ന സഞ്ജു, ടീമിന്റെ സ്‌കോർ ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. 26 പന്തിൽ 40 റൺസാണ് താരം അടിച്ചുകൂട്ടിയത്. ബുധനാഴ്ചയാണ് ഈ പരമ്പരയിലെ അവസാന മത്സരം.