റഷ്യയുടെ അഭിമാന ചാന്ദ്രദൗത്യം പരാജയപ്പെട്ടു. ലൂണ 25 പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങി. ആഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 ഇക്കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു ചാന്ദ്രഭ്രമണപഥത്തിലെത്തിയത്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ തിങ്കളാഴ്ചയാണ് സോഫ്റ്റ് ലാൻഡിങ് നടത്തേണ്ടിയിരുന്നത്. ഇതിന് മുന്നോടിയായി ഭ്രമണപഥം കുറഞ്ഞ ദൂരം 18 കിലോമീറ്ററും കൂടിയദൂരം 100 കിലോമീറ്ററുമാക്കാനുള്ള ശ്രമമാണ് അപ്രതീക്ഷിതമായി പരാജയപ്പെട്ടത്. കാരണം അറിവായിട്ടില്ല.

ഇതിനായി ശനി പകൽ 2.10ന് നടത്തിയ ജ്വലനം നിശ്ചയിച്ച പ്രകാരം നടന്നോ എന്നതിലും വ്യക്തതയില്ല. പേടകത്തിലെ സ്വയംനിയന്ത്രിത സംവിധാനം ഉപയോഗിച്ചാണ് പഥം താഴ്ത്താൻ ശ്രമം നടത്തിയത്. ആഗസ്ത് 11നാണ് ലൂണ 25 വിക്ഷേപിച്ചത്. ജൂലൈ 14ന് ഇന്ത്യ വിക്ഷേപിച്ച ‘ചാന്ദ്രയാൻ 3’ ബുധനാഴ്ച ചന്ദ്രനിലിറങ്ങും.

ചന്ദ്രൻറെ ഉപരിതലത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി വലംവെക്കേണ്ട ഭ്രമണപഥത്തിലേക്ക് ലൂണ-25 പേടകത്തെ മാറ്റാൻ സാധിച്ചിരുന്നില്ല.

മോസ്‌കോ സമയം ഇന്നലെ ഉച്ചക്ക് 2.10നാണ് ലൂണ-25 പേടകത്തെ ചന്ദ്രൻറെ ഭ്രമണപഥത്തിലേക്ക് മാറ്റാൻ ശ്രമിച്ചത്. എന്നാൽ, മുൻ നിശ്ചയിച്ച ഭ്രമണപഥത്തിലേക്ക് എത്താൻ പേടകത്തിന് സാധിച്ചിരുന്നില്ല. പേടകത്തിൻറെ സാങ്കേതിക തകരാറിനെ കുറിച്ച് വിശകലനം ചെയ്യുകയാണെന്നും തകരാർ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും റഷ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചിരുന്നു. ഇതിനൊടുവിലാണ്, ലൂണ പേടകം ചന്ദ്രോപരിതലത്തിൽ തകർന്നുവീണതായി റിപ്പോർട്ടുകൾ വന്നത്. ദൗത്യം പരാജയപ്പെടാനുള്ള കാരണങ്ങളെ കുറിച്ച് പഠിക്കുമെന്ന് റോസ്‌കോസ്‌മോസ് അറിയിച്ചു.

ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം ആഗസ്റ്റ് 23ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനിരിക്കെയാണ് ലൂണയുടെ തകർച്ച. ചന്ദ്രയാൻ 3 ദൗത്യത്തിൻറെ ലാൻഡർ മൊഡ്യൂളിൻറെ അവസാന ഡീബൂസ്റ്റിങ് ഘട്ടവും (വേഗത കുറക്കുന്ന പ്രക്രിയ) വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിലാണ് ചന്ദ്രയാൻറെ നിൽപ്പ്. ചന്ദ്രനിൽ നിന്ന് 25 കിലോമീറ്റർ മാത്രമാണ് പേടകത്തിൻറെ കുറഞ്ഞ അകലം. 23നാണ് പേടകത്തിന്റെ സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്.