News

ബാറിലെ പണം ഒഴുകുന്നത് എങ്ങോട്ട്? എണ്ണം കൂടിയിട്ടും ഖജനാവിൽ എത്തിയത് 566 കോടി മാത്രം

ബാറുകളിൽ നിന്നുള്ള വരുമാനം ഒഴുകുന്നത് എങ്ങോട്ട്? ഉമ്മൻ ചാണ്ടി അധികാരം ഒഴിയുമ്പോൾ 29 ബാറുകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇന്ന് അത് 902 ആയി. അമ്പതോളം പുതിയ ബാറുകൾക്ക് സർക്കാർ ഉടൻ അനുമതി നൽകും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട് . തെരഞ്ഞെടുപ്പ് വർഷം ആയതു കൊണ്ട് ബാറുകൾ ആവശ്യപ്പെടുന്നവർക്കെല്ലാം കൊടുക്കാനാണ് സർക്കാർ നീക്കം.

2024- 25 ൽ ബാറുകളിൽ നിന്ന് ഖജനാവിലേക്ക് എത്തിയത് 566.93 കോടി മാത്രം. ഒരു ബാറിൽ നിന്ന് ഒരു കോടി പോലും ഖജനാവിൽ എത്തുന്നില്ലെന്ന് കണക്കുകളിൽ നിന്ന് വ്യക്തം. 2016 വരെ കോമ്പൗണ്ടിങ്ങ് സമ്പ്രദായത്തിൽ നികുതി ഒടുക്കാത്ത ബാർ ഹോട്ടലുകളിൽ എല്ലാ വർഷങ്ങളിലും നിർബന്ധിത ഇന്റലിജൻസ് പരിശോധന നടത്തുകയും ബാർ ഹോട്ടലുകൾ മദ്യം പെഗ്ഗ് അളവിൽ വിൽക്കുമ്പോൾ വാങ്ങുന്ന വിലയിൽ അടങ്ങിയിരിക്കുന്ന ലാഭ ശതമാനം തന്നെയാണോ പ്രതിമാസ റിട്ടേണുകളിൽ കാണിച്ചിരിക്കുന്നത് എന്ന് പരിശോധിക്കുകയും വെട്ടിപ്പ് ബോധ്യപ്പെട്ടാൽ പിഴ ഇടുകയും ബന്ധപ്പെട്ട നികുതി നിർണ്ണയ അധികാരിക്ക് ഈ വിവരം കൈമാറുകയും ചെയ്തിരുന്നു. നികുതി നിർണ്ണയം നടത്തുമ്പോൾ ഈ ലാഭ ശതമാനം TOT ( ടേൺ ഓവർ ടാക്സ്) കണക്കാക്കുവാനുള്ള അളവ് കോലായും ഉപയോഗിച്ച് പോന്നു.

എന്നാൽ 2017 ന് ശേഷം ഇത്തരം പരിശോധനകൾ ഒഴിവാക്കി ബാറുകാർ തയ്യാറാക്കി ക്കൊണ്ടുവരുന്ന കണക്കുകൾ അംഗീകരിച്ച് നികുതി നിർണ്ണയം നടത്തി നൽകുവാൻ നികുതി നിർണ്ണയ അധികാരി നിർ ബന്ധിതമാക്കുന്നു. അത് പോലെ തന്നെ ഭൂരിഭാഗം ബാർ ഹോട്ടലുകളും നികുതി റിട്ടേണുകൾ സമയബന്ധിതമായി ഫയൽ ചെയ്യുന്നുമില്ല ഇവർക്കെതിരെ യാതൊരുവിധ കർശന നടപടികൾ സ്വീകരിക്കുവാനും സർക്കാർ മുതിരുന്നില്ല. ഇതിനെല്ലാം വേണ്ട ഒത്താശ ചെയ്യുകയാണ് നികുതി വകുപ്പ് മേധാവികൾ. ഇത് മൂലം സംസ്ഥാനത്തിന് വൻ വരുമാന നഷ്ടമാണ് ഈ മേഖലയിൽ നിന്നുണ്ടാകുന്നത്.

65 ബാറുകളിൽ മാത്രമാണ് പരിശോധന നടന്നത്. 9 .67 കോടിയുടെ വെട്ടിപ്പ് കണ്ടെത്തിയെങ്കിലും പിരിച്ചെടുത്തത് 1.12 കോടി മാത്രം. ബാറുകളിൽ കൃത്യമായി പരിശോധന നടത്തിയാൽ ഇപ്പോൾ ലഭിക്കുന്നതിൻ്റെ അഞ്ചിരട്ടിയെങ്കിലും ഖജനാവിൽ എത്തും. കടം എടുക്കാനുള്ള ശുഷ്കാന്തി ബാറുകളിലെ വരുമാനം ഖജനാവിൽ എത്തിക്കുന്നതിൽ ബാലഗോപാലിനില്ല. ബാറുകളിലെ പണം ഒഴുകുന്നത് എങ്ങോട്ട് എന്ന ചോദ്യത്തിൻ്റെ പ്രസക്തി അനുദിനം വർദ്ധിക്കുകയാണ്.