
റിലയൻസിന്റെ റെക്കോർഡ് കുതിപ്പ്; ഒന്നാം പാദത്തിൽ അറ്റാദായം 78% ഉയർന്ന് 26,994 കോടി, വിപണിയെ ഞെട്ടിച്ച ഫലം
മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് (RIL), 2025-26 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) വിപണി പ്രതീക്ഷകളെ മറികടക്കുന്ന ഗംഭീര പ്രകടനം കാഴ്ചവെച്ചു. കമ്പനിയുടെ സംയോജിത അറ്റാദായത്തിൽ 78 ശതമാനത്തിന്റെ ഭീമമായ വർധനവാണ് രേഖപ്പെടുത്തിയത്. 15,138 കോടി രൂപയായിരുന്ന മുൻ വർഷത്തെ അറ്റാദായം, ഇത്തവണ 26,994 കോടി രൂപയായി കുതിച്ചുയർന്നു.
കമ്പനിയുടെ പ്രവർത്തന വരുമാനം 5.3% വർധിച്ച് 2,48,660 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 2,36,217 കോടി രൂപയായിരുന്നു.
വിവിധ മേഖലകളിലെ പ്രകടനം
- ജിയോ പ്ലാറ്റ്‌ഫോം: ശക്തമായ വരിക്കാരുടെ വളർച്ചയും ഡിജിറ്റൽ സേവനങ്ങളിലെ മുന്നേറ്റവും കാരണം ജിയോയുടെ വരുമാനം 18.8% വർധിച്ചു.
- റിലയൻസ് റീട്ടെയിൽ: പലചരക്ക്, ഫാഷൻ വിഭാഗങ്ങളിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ വരുമാനം 11.3% ഉയർന്നു.
- ഓയിൽ ടു കെമിക്കൽസ് (O2C): ക്രൂഡ് ഓയിൽ വിലയിലെ ഇടിവ് കാരണം വരുമാനത്തിൽ 1.5% നേരിയ കുറവുണ്ടായി.
- ഓയിൽ & ഗ്യാസ്: ഉത്പാദനത്തിലെ സ്വാഭാവിക കുറവ് കാരണം വരുമാനത്തിൽ 1.2% ഇടിവുണ്ടായി.
‘എല്ലാ മേഖലയിലും മികച്ച പ്രകടനം’
“2026 സാമ്പത്തിക വർഷം ആരംഭിച്ചത് എല്ലാ മേഖലകളിലും ശക്തമായ പ്രവർത്തന, സാമ്പത്തിക പ്രകടനത്തോടെയാണ്. ആഗോള വിപണിയിലെ വലിയ ചാഞ്ചാട്ടങ്ങൾക്കിടയിലും, സംയോജിത ഇബിഐടിഡിഎ (EBITDA) മുൻ വർഷത്തെ അപേക്ഷിച്ച് ശക്തമായി മെച്ചപ്പെട്ടു,” എന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.
ജിയോയുടെ 5ജി വരിക്കാരുടെ എണ്ണം 20 കോടി കവിഞ്ഞതും, ജിയോ എയർഫൈബർ ലോകത്തിലെ ഏറ്റവും വലിയ എഫ്‌ഡബ്ല്യുഎ (FWA) സേവനദാതാവായി മാറിയതും അദ്ദേഹം എടുത്തുപറഞ്ഞു.