
വിരമിച്ച ഡിജിപിയുടെ അച്ഛന്റെ സ്വകാര്യ ചികിൽസയും സർക്കാർ വക; 96,000 രൂപ അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാർക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും പിന്നാലെ, വിരമിച്ച ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥയുടെ പിതാവിന്റെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാച്ചെലവും സർക്കാർ ഖജനാവിൽ നിന്ന്.
മുൻ ഫയർ ആൻഡ് റെസ്ക്യൂ മേധാവിയും വിരമിച്ച ഡിജിപിയുമായ ബി. സന്ധ്യയുടെ അച്ഛന്റെ ചികിത്സയ്ക്കായി 96,131 രൂപയാണ് സർക്കാർ അനുവദിച്ചത്. നിലവിൽ കേരള റിയൽ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അംഗമാണ് ഡോ. ബി. സന്ധ്യ.
തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കിംസിലാണ് സന്ധ്യയുടെ പിതാവ് ചികിത്സ തേടിയത്. 2024 ഒക്ടോബർ 18 മുതൽ 29 വരെയുള്ള ചികിത്സാച്ചെലവാണ് സർക്കാർ ഇപ്പോൾ റീഫണ്ട് ചെയ്തിരിക്കുന്നത്. അഖിലേന്ത്യാ സർവീസ് (മെഡിക്കൽ സൗകര്യങ്ങൾ) സ്കീം, 2020 പ്രകാരമാണ് തുക അനുവദിച്ചത്.
പിതാവ് തന്നെ പൂർണ്ണമായി ആശ്രയിച്ചാണ് കഴിയുന്നതെന്ന് സന്ധ്യ നൽകിയ സത്യവാങ്മൂലം പരിഗണിച്ചാണ് നടപടി. ജൂലൈ 11-ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ G.O.(Rt) No.3005/2025/GAD നമ്പർ ഉത്തരവ് പ്രകാരമാണ് തുക അനുവദിച്ചത്
സർക്കാർ ആശുപത്രികളിൽ മികച്ച സൗകര്യങ്ങളുണ്ടെന്ന് ഭരണകർത്താക്കൾ ആവർത്തിക്കുമ്പോഴും, ഉന്നത ഉദ്യോഗസ്ഥർ തങ്ങളുടെയും ആശ്രിതരുടെയും ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ തിരഞ്ഞെടുക്കുന്നതും, അതിന്റെ ചെലവ് സർക്കാർ വഹിക്കുന്നതും വീണ്ടും ചർച്ചയാവുകയാണ്. പൊതുജനാരോഗ്യ സംവിധാനത്തിലുള്ള വിശ്വാസ്യതയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഇത്തരം സംഭവങ്ങൾ ഉയർത്തുന്നത്.