നിർമല്‍ പാലാഴിയുടെ 40,000 രൂപ തട്ടിയെടുത്തു! തിരിച്ചുപിടിച്ച വഴി പറഞ്ഞ് താരം!

actor Nirmal Palazhi

മലയാള സിനിമയിലെ പ്രിയ താരവും മിമിക്രി ആർട്ടിസ്റ്റുമായ നിർമ്മൽ പാലാഴി ഒരു വലിയ തട്ടിപ്പിന് ഇരയായി. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒരു സ്റ്റാഫ് നഴ്സ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു സ്ത്രീ തന്റെ കയ്യിൽ നിന്ന് 40,000 രൂപ തട്ടിയെടുത്തു എന്നാണ് നിർമ്മൽ പാലാഴി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

ഒരു സുഹൃത്തിനെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ച സമയത്താണ് ഈ സംഭവം ഉണ്ടായത്. ആ സമയത്ത് തനിക്ക് സഹായം ചെയ്തതിന്റെ പേരിൽ അവരുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീട് പണം ആവശ്യമായി വന്നു എന്ന പറഞ്ഞ് തന്നിൽ നിന്ന് പണം വാങ്ങിയെന്നും നിർമ്മൽ പാലാഴി പറയുന്നു.

പണം തിരികെ ലഭിക്കാതായപ്പോൾ നടത്തിയ അന്വേഷണത്തിൽ ആ സ്ത്രീ ആശുപത്രിയിൽ ജോലി ചെയ്യുന്നില്ലെന്ന് വ്യക്തമായി. പോലീസിന്റെ സഹായത്തോടെ ഒടുവിൽ പണം തിരിച്ചെടുക്കാൻ സാധിച്ചെങ്കിലും തനിക്ക് ഒരു വലിയ നഷ്ടം സംഭവിച്ചുവെന്നാണ് നിർമ്മൽ പാലാഴി പറയുന്നത്. ഒരു മനുഷ്യനെ സഹായിക്കാനുള്ള തന്റെ മനസ്സിനാണ് ഏറ്റവും വലിയ ക്ഷതം സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. നിരവധി പേർ നിർമ്മൽ പാലാഴിയോട് സഹാനുഭൂതി പ്രകടിപ്പിച്ചു. അതേസമയം, ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും പൊതുജനങ്ങളെ ഉണർത്തുന്ന ഒരു സംഭവമാണിതെന്നും പലരും അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം വായിക്കാം:

കുറച്ചു ദിവസം മുന്നേ എനിക്ക് ഉണ്ടായൊരു അനുഭവം ഒന്ന് ഇവിടെ എന്റെ പ്രിയപെട്ടവരുമായി പങ്ക് വെക്കുന്നു

ഈ നവംബർ 15 ന് വീട്ടിലെ കിണറ്റിൽ ഒരു നയകുട്ടി വീഴുന്നു അതിനെ എടുക്കാനായി ഇറങ്ങിയ രാജേട്ടന്റെ കൈക്ക് നായകുട്ടി കടിക്കുന്നു, രാജേട്ടൻ വേണ്ട എന്ന് പറഞ്ഞെങ്കിലും ഞാൻ മൂപ്പരുമായി എന്റെ സ്‌കൂട്ടറിൽ മെഡിക്കൽ കോളേജിൽ പോയി ഇഞ്ചക്ഷൻ എടുക്കുന്നു ശേഷം ഒരു മണിക്കൂർ ഒബ്സർവേഷനിൽ ഇരിക്കുവാൻ പറയുന്നു, എനിക്ക് ആണെങ്കിൽ അന്ന് വൈകുന്നേരം മലപ്പുറം ഒരു പ്രോഗ്രാമിന് പോവാൻ ഉണ്ടായിരിന്നു, എന്ത് ചെയ്യും എന്ന് ടെൻഷൻ അടിച്ചു നിൽക്കുമ്പോ.. പിറകിൽ നിന്നും ഒരു പെൺകുട്ടി സാർ എന്ത് പറ്റി…? ഞാൻ അവരോട് നടന്ന കാര്യം പറഞ്ഞു യൂണിഫോം ഇട്ടിട്ടൊന്നും ഇല്ലെങ്കിലും കഴുത്തിൽ ടാഗ് കെട്ടി നേഴ്സിങ് സ്റ്റാഫ് ആണെന്ന് അവർ സ്വയം പരിചയപ്പെടുത്തി, ചേട്ടൻ പൊയ്ക്കോ രാജേട്ടന്റെ അടുത്ത് ഞാൻ നിന്നോളാം എന്നവർ പറഞ്ഞപ്പോ എനിക്ക് തല്ക്കാലം വലിയൊരു ഉപകാരമായി എന്തേലും ആവശ്യം ഉണ്ടേൽ വിളിക്കാം എന്നും പറഞ്ഞു അവർ എന്റെ നമ്പർ വാങ്ങി. അന്ന് രാത്രി ഒരു 7..

8 ആയപ്പോൾ അവർ എന്നെ വിളിച്ചു സാർ അവര് ഡിസ്ചാർജ് ആയിട്ടോ എന്ന് പറഞ്ഞു ഞാൻ അവരോടു ഒരുപാട് നന്ദിയും പറഞ്ഞു ബൈ പറഞ്ഞു.

നവംബർ 28 ന് ഞാൻ പാലക്കാട് ധ്യാൻ, സിജുവിത്സൻപ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന “ഡിക്ടറ്റീവ് ഉജ്ജലൻ” എന്ന സിനിമയിൽ ഒരു കുഞ്ഞു വേഷത്തിൽ അവസരം കിട്ടിയപ്പോ വന്നതാണ് അന്ന് ഒരു 4 30 ന് ഈ കുട്ടി വിളിക്കുന്നു, സാർ ഞാൻ അന്ന് സാറിനെ ഹെൽപ്പ് ചെയ്ത…… ആണ് സാറെ ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുതെ.. എനിക്ക് പെട്ടന്ന് ഒരു 40000 രൂപ തരുമോ ഞാൻ ഒരു 10 മിനിറ്റ് കൊണ്ട് തിരിച്ചു തരാം. ഞാൻ പറഞ്ഞു മോളെ ഞാൻ സിനിമയിൽ അവസരങ്ങൾ ലഭിക്കുമ്പോ ചെയ്യുന്നു എന്നല്ലാതെ നിങ്ങൾ വിചാരിക്കുന്നത് പോലെ എന്റെ കയ്യിൽ ഒരുപാട് പൈസയൊന്നും ഇല്ല മാത്രമല്ല ഉള്ളതെല്ലാം എടുത്ത് ഒരു വീട് ഉണ്ടാക്കുന്നതിന്റെ കഷ്ടപ്പാടിലും ആണ് പക്ഷെ അവർ വീണ്ടും വീണ്ടും പറഞ്ഞപ്പോ ഒരു ആരോഗ്യ പ്രവർത്തകയോട് ഇല്ല എന്ന് പറയുവാൻ എന്റെ മനസ്സ് അനുവദിച്ചില്ല കാരണം അവരുടെ ദാനമാണ് എന്റെ ജീവിതം മാത്രമല്ല അവർ ഒരു നേഴ്സ് ആണന്നാണ് പറഞ്ഞത്, എന്നെ നോക്കിയ നേഴ്സ്മാരുടെ ഒരു ഗ്രുപ്പ് എനിക്ക് ഉണ്ട് “എന്റെ മാലാഖ കൂട്ടം” പിന്നെ വേറെ ഒന്നും ചിന്തിക്കാതെ ഞാൻ ക്യാഷ് അയച്ചു കൊടുത്തു 10,20 30 40 മിനിട്ടുകൾ കടന്ന് പോയി ക്യാഷ് തന്നില്ല വിളിച്ചു നോക്കിയപ്പോൾ എന്നെ ബ്ലോക്ക് ചെയ്തു കളഞ്ഞു.

മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ Dr shameer സാറുമായി അടുത്ത ബന്ധമുള്ളത് കൊണ്ട് വിളിച്ചു ചോദിച്ചപ്പോൾ അങ്ങനെ ഒരാൾ അവിടെ വർക്ക് ചെയ്യുന്നില്ല എന്നറിഞ്ഞു, സങ്കടവും ദേഷ്യവും വന്ന ഞാൻ പോലിസ് സൗഹൃദം വച്ചു ഉടൻ തന്നെ പരാധി കൊടുത്തു പന്തിരാങ്കാവ് പോലിസ് സ്റ്റേഷനിലെ ഓഫീസറും പ്രിയ സുഹൃത്തുമായ രഞ്ജിഷ്, മെഡിക്കൽ കോളേജ് സ്റ്റേഷൻ, സൈബർ സെൽ ബിജിത്ത് ഏട്ടൻ,അവസാനം അസിസ്റ്റന്റ് കമീഷണർ സിദ്ധിക്ക് സാർ, അങ്ങനെ എനിക്ക് പറ്റാവുന്ന ആളുകളെയെല്ലാം ഞാൻ വിളിച്ചു കാരണം എന്നെ പറ്റിച്ചു അതും ഞാൻ അങ്ങേ അറ്റം സ്നേഹിക്കുന്ന ആളുകളുടെ പേരും പറഞ്ഞു അത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല

Nirmal palazhi

അവസാനം മെഡിക്കൽ കോളേജിൽ ആളെ മനസ്സിലാക്കാൻ ഷമീർ സാറിലൂടെ എനിക്ക് കഴിഞ്ഞു അവർ പെയിൻ ആന്റ് പാലിയേറ്റീവിൽ താത്കാലികമായി ജോലി ചെയ്യുന്ന ഇങ്ങനെയുള്ള ക്രിമിനൽ ഏർപ്പാട് ചെയ്യുന്ന ഒരാളാണെന്ന് മനസ്സിലായി (അറിഞ്ഞത് മുഴുവനായി എഴുതുന്നില്ല )മെഡിക്കൽ കോളേജിൽ കാണിക്കാൻ വരുന്ന ആളുകളുടെ സാമ്പത്തിക സ്ഥിതി നമ്മൾക്ക് എല്ലാവർക്കും മനസ്സിലാവും അവരെ വരെ പറ്റിച്ചു ജീവിക്കുന്ന ഇങ്ങനെയുള്ള ആളുകളെ മനസ്സിലാക്കി മാറ്റി നിർത്തുക തന്നെ വേണം

പോലിസ് സഹായത്താൽ കുറച്ചു ദിവസം കഴിഞ്ഞണെങ്കിലും അവരുടെ കയ്യിൽ നിന്നും ഇന്നലെ എനിക്ക് എന്റെ പൈസ കിട്ടി പൈസ കിട്ടിയെങ്കിലും ഒന്ന് എനിക്ക് നഷ്ടമായി ഒരാൾ ഒരു സഹായം ചോദിച്ചു വിളിക്കുമ്പോൾ അവരെ സഹായിക്കാൻ ഉള്ളൊരു മനസ്സ് അത് എനിക്ക് എന്നെന്നേക്കുമായി നഷ്ടമായി

ഇതിലും ഡീറ്റയിൽ ആയി എഴുതണം എന്നുണ്ടായിരുന്നു വായിക്കുന്നവർക്ക് ബോറടിക്കുന്നത് കൊണ്ട് ഇവിടെ നിർത്തുന്നു

“വീട്ടിൽ പട്ടിണിയാണെങ്കിലും പ്രിയപെട്ടവരുടെ ജീവന് വേണ്ടി ദിവസവും മെഡിക്കൽ കോളേജ് ആശ്രയിക്കുന്ന ആയിരങ്ങളും അവരെ സുശ്രൂഷിക്കാൻ ജീവിതത്തിന്റെ നല്ലൊരു സമയവും മാറ്റിവെക്കുന്ന മനുഷ്യ രൂപമുള്ള ദൈവങ്ങളും ഉള്ള ഇവിടെനിന്നും ഇങ്ങനെയുള്ള കള്ള നാണയങ്ങളെ തിരിച്ചറിയാൻ നമുക്ക് പറ്റട്ടെ

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments