തിരുവനന്തപുരം: നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന്റെയും (Rahul Mamkootathil) യുആർ പ്രദീപിന്റെയും (UR Pradeep) സത്യപ്രതിജ്ഞ 2024 ഡിസംബര്‍ നാലിന്. ബുധനാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് നിയമസഭാ മന്ദിരത്തിലെ ആര്. ശങ്കരനാരായണന് തമ്പി മെമ്പേഴ്സ് ലോഞ്ചിലാണ് സത്യപ്രതിജ്ഞ
പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ നിന്നാണ് രാഹുൽ മാങ്കൂട്ടത്തിലും യുആർ പ്രദീപും നിയമസഭയിലേക്ക് എത്തുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ടെ 18,724 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷമാണ് രാഹുലിന് ലഭിച്ചത്. 57,910 വോട്ടുകളാണ് നേടിയത്.
64827 വോട്ടുകൾ നേടി 12,221 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ചേലക്കരയിൽ യുആർ പ്രദീപിന്റെ വിജയം. ആദ്യമായാണ് രാഹുൽ ജനപ്രതിനിധിയാകുന്നത്. പ്രദീപിന്റെ നിയമസഭാ പ്രവേശം ഇത് രണ്ടാം തവണയാണ്.
നിയമസഭ സാമാജികരുടെ ആനുകൂല്യങ്ങൾ സത്യപ്രതിജ്ഞ ചെയ്ത തീയതി മുതലാണ് ലഭിക്കുന്നത്. തെരഞ്ഞെടുപ്പ് ജയം പ്രഖ്യാപിച്ച അന്ന് മുതൽ ശമ്പളത്തിന് അർഹത ഉണ്ടാകും. യാത്രപ്പടിയും മറ്റ് ആനുകൂല്യങ്ങളും സത്യപ്രതിജ്ഞ ചെയ്ത തീയതി മുതൽ മാത്രമേ ലഭിക്കുകയുള്ളൂ. 70000 രൂപയാണ് എംഎൽഎമാരുടെ ശമ്പളവും അലവൻസുകളും.
മാസ അലവൻസായി 2000 രൂപ, മണ്ഡല അലവൻസായി 25000 രൂപ, ടെലിഫോൺ അലവൻസായി 11000 രൂപ, ഇൻഫർമേഷൻ അലവൻസായി 4000 രൂപ, അതിഥി സൽക്കാരത്തിന് 8000 രൂപ, കുറഞ്ഞ യാത്രപ്പടിയായി 20,000 രൂപയും അടക്കം 70,000 രൂപയാണ് എംഎൽഎമാരുടെ ശമ്പളവും അലവൻസും. ബുക്ക് അലവൻസായി ഓരോ വർഷവും 15000 രൂപ ലഭിക്കും.
വീട് നിർമ്മാണത്തിന് 20 ലക്ഷവും കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കും. വാഹനം വാങ്ങിക്കാൻ പലിശ രഹിത അഡ്വാൻസായി 10 ലക്ഷവും ലഭിക്കും. രണ്ട് പേഴ്സണൽ സ്റ്റാഫുകളെയും നിയമിക്കാം. അതിൽ പി.എ ഗവൺമെന്റ് ഉദ്യോഗസ്ഥനായിരിക്കണം. അണ്ടർ സെക്രട്ടറി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥരെ പി.എ ആയി നിയമിക്കാം.