ഗുജറാത്തിൽ 1,200 വർഷം പഴക്കമുള്ള ദർഗയും മസ്ജിദും പൊളിച്ചുനീക്കി സർക്കാർ. നിലവിലെ സുപ്രീം കോടതി ഉത്തരവിനെ അവഗണിച്ചുകൊണ്ടാണ് ഗുജറാത്ത് സർക്കാരിന്റെ നടപടി. സർക്കാർ ഭൂമി കയ്യേറിയെന്ന് ആരോപിച്ച് സെപ്റ്റംബർ 28 ന് സോംനാഥ് ക്ഷേത്രത്തിനടുത്തുള്ള മസ്ജിദും ദർഗയും ഖബർസ്ഥാനവുമാണ് പ്രാദേശിക ഭരണകൂടം പോലീസ് സഹായത്തോടെ പൊളിച്ചുനീക്കിയത്.
മുൻകൂർ കോടതി അനുമതി ഇല്ലാതെ രാജ്യവ്യാപകമായിയുള്ള പൊളിക്കലുകളെല്ലാം നിർത്തിവയ്ക്കുവാൻ അടുത്തിടെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ അവഗണിച്ചുകൊണ്ടാണ് സർക്കാർ മസ്ജിദ് തകർത്തത്.
ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ രണ്ടായിരത്തോളം പോലീസുകാരുടെ സുരക്ഷയിൽ 36 ബുൾഡോസറുകൾ ഉപയോഗിച്ചാണ് അധികൃതർ പൊളിച്ചുനീക്കൽ നടത്തിയത്. തുടർന്ന്, പൊളിക്കലിനെതിരെ പ്രതിഷേധിച്ച ദർഗ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 150 ഓളം പേരെ അധികൃതർ കസ്റ്റഡിയിലെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
1200 വർഷം പഴക്കമുള്ള ജഅ്ഫർ മുജ്ജാഫർ ദർഗയും ഇതോടൊപ്പമുള്ള പുരാതനമായ ഏഴ് ദർഗകളും പൊളിച്ചുനീക്കിയവയിൽ ഉൾപ്പെടും. മതപരമായ കെട്ടിടങ്ങളും കോൺക്രീറ്റ് വീടുകളും പൊളിച്ചുനീക്കിയതായും 60 കോടി രൂപ വിലവരുന്ന 15 ഹെക്ടർ ഭൂമി പിടിച്ചെടുത്തതായി ജില്ലാ ഭരണകൂടം അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം പൊളിക്കൽ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം കനത്ത പ്രതിഷേധം ഉയർന്നു. പൊളിച്ചുമാറ്റൽ ജുഡീഷ്യറി അധികാരത്തോടുള്ള അവഗണനയാണെന്ന് സുപ്രീംകോടതി അഭിഭാഷകൻ അനസ് തൻവീർ എക്സിൽ കുറിച്ചു . ദർഗയുടെ ഭിത്തിയിൽ കൊത്തിവെച്ചിരിക്കുന്ന ലിഖിത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.
ഗുജറാത്ത് സർക്കാരിന്റെ വരുമാനത്തിന്റെ വലിയ ഒരു ഉറവിടം സോംനാഥ് ക്ഷേത്രത്തിൽ നിന്നാണ്. ഇതേ തുടർന്ന് സോംനാഥിന്റെ വികസനത്തിന് സർക്കാർ പ്രാധാന്യം നൽകുന്നുവെന്ന വിമർശനവും നിലവിൽ ഉയർന്നു വരുന്നുണ്ട്.