ബെംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്തി 20 കഷണങ്ങളാക്കി മുറിച്ച് വാടക വീട്ടിൽ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച സംഭവത്തിൽ പ്രധാന പ്രതിയെ തിരിച്ചറിഞ്ഞതായി കർണാടക പൊലീസ്. പ്രതി സംസ്ഥാനത്തിന് പുറത്തു നിന്നുള്ള ആളാണെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ നടത്തുന്നതായും ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ബി ദയാനന്ദ പറഞ്ഞു. അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, കുറ്റകൃത്യത്തിൻ്റെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും അതിനെകുറിച്ച് ഇപ്പോൾ കൂടുതലൊന്നും പറയാൻ സാധിക്കില്ലെന്നും കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. “പ്രതികളെ ഉടൻ തന്നെ പിടികൂടാൻ കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. സംഭവത്തിൽ ഒന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.