എറണാകുളം: കൊച്ചി നഗരത്തെ ഞെട്ടിച്ച് സെക്‌സ് റാക്കറ്റ് വേട്ട. ബംഗ്ലാദേശ് സ്വദേശിനിയായ 20 കാരിയെ നിരവധി പേർക്ക് കാഴ്ചവച്ച സംഭവത്തിൽ സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
സെക്‌സ് റാക്കറ്റിലെ പ്രധാന കണ്ണിയായ സെറീനയും കൂട്ടാളികളുമാണ് പിടിയിലായത്. കഴിഞ്ഞ ആഴ്ചയാണ് 20 കാരിയായ പെൺകുട്ടിയെ ഇവർ ബംഗളൂരുവിൽ നിന്നും കൊച്ചിയിൽ എത്തിയത്. ഇതിന് ശേഷം 20 ഓളം പേർക്ക് കാഴ്ചവച്ചുവെന്നാണ് വിവരം. വിവിധ സംസ്ഥാനങ്ങളിലെ സെക്‌സ് റാക്കറ്റുകളുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് പോലീസിന് ലഭിച്ച സൂചന. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇവരെ ചോദ്യം ചെയ്തുവരികയാണ്.
രക്ഷിതാക്കളെ നഷ്ടമായ 20 കാരി 12 വയസ്സുള്ളപ്പോഴാണ് ബന്ധുക്കൾക്കൊപ്പം ഇന്ത്യയിൽ എത്തുന്നത്. ഇതിന് ശേഷം സെക്‌സ് റാക്കറ്റിൻ്റെ പിടിയിൽ ആകുകയായിരുന്നു. രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽവച്ച് പെൺകുട്ടി ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.