ജീത്തു ജോസഫിൻ്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം നുണക്കുഴിയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ബോക്സോഫീസിൽ വലിയ വിജയമാണ് നേടാനായത്. ത്രില്ലർ ചിത്രങ്ങൾക്ക് വേണ്ടി കാത്തിരുന്ന പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താതെയാണ് ജീത്തു ജോസഫ് നുണക്കുഴി ഒരുക്കിയത്. സെപ്റ്റംബർ 13-നാണ് ചിത്രം ഒടിടിയിലെത്തുന്നത്. പ്രമുഖ പ്ലാറ്റ്ഫോമായ ZEE- 5 ലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്.
ബേസിൽ ജോസഫിനോടൊപ്പം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ ഗ്രേസ് ആൻ്റണി കൂടി നായികാ വേഷത്തിൽ എത്തിയതോടെ ചിത്രം തിയേറ്ററുകളിൽ വൻ ഹിറ്റായി. നിഖില വിമലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ട്വെൽത്ത്മാൻ, കൂമൻ എന്നീ ത്രില്ലർ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ കെ ആർ കൃഷ്ണ കുമാറാണ് നുണക്കുഴിയുടെ തിരക്കഥാകൃത്ത്.
മനോജ് കെ ജയൻ, സ്വാസിക, ലെന, ബൈജു സന്തോഷ്, അജു വർഗീസ്, അസീസ് നെടുമങ്ങാട്, ശ്യാം മോഹൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ഒന്നിലധികം കഥാപാത്രങ്ങളുടെ ജീവിത സാഹചര്യങ്ങളിലൂടെ പോകുന്ന കഥ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ട്വിസ്റ്റ്, സസ്പെൻസ്, സർപ്രൈസ് തുടങ്ങിയ മുഹൂർത്തങ്ങളിലൂടെയും പ്രേക്ഷകരെ കൊണ്ടുപോകുന്നുണ്ട്.
കോമഡി ഫാമിലി എൻ്റർറ്റൈനർ തിയേറ്ററിലെത്തിയ ചിത്രത്തെ പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ചിരിയുടെ മാലപ്പടക്കവുമായെത്തിയ മുഴുനീള കോമഡി ഡ്രാമയാണ് നുണക്കുഴി.