ജി എസ് ടി വകുപ്പിൽ സ്ഥാനക്കയറ്റം നടത്താത്തത് മൂലം സംസ്ഥാന ഖജനാവിന് കോടികളുടെ നഷ്ടം

ജോയിൻ കമ്മീഷണർമാരുടെ 2 ഒഴിവുകൾ, ഡെപ്യൂട്ടി കമ്മീഷണർ മാരുടെ 34 ഉം സ്റ്റേറ്റ് ടാക്സ് ഓഫീസർമാരുടെ 60 ഉം അസിസ്റ്റന്റ് ടാക്സ് ഓഫീസർമാരുടെ നൂറിൽ പരം ഒഴിവുകളും ആണ് വകുപ്പിൽ നിലവിലുള്ളത്.

kn balagopal and gst

തിരുവനന്തപുരം: ജി എസ് ടി വകുപ്പിലെ സ്ഥാനക്കയറ്റം നടത്താത്തത് മൂലം കേരളത്തിന് കോടികളുടെ നഷ്ട്ടം. ജോയിൻ കമ്മീഷണർമാരുടെ 2 ഒഴിവുകൾ, ഡെപ്യൂട്ടി കമ്മീഷണർ മാരുടെ 34 ഉം സ്റ്റേറ്റ് ടാക്സ് ഓഫീസർമാരുടെ 60 ഉം അസിസ്റ്റന്റ് ടാക്സ് ഓഫീസർമാരുടെ നൂറിൽ പരം ഒഴിവുകളും ആണ് വകുപ്പിൽ നിലവിലുള്ളത്. മെയ് 31 വരെ ഉണ്ടായ ഒഴിവുകളാണിത്.

ഇത്രയധികം ഒഴിവുകൾ വകുപ്പിലുണ്ടാകുമെന്ന് അറിഞ്ഞിട്ടും സമയബന്ധിതമായി സെലക്ട് ലിസ്റ്റ് തയ്യാറാക്കാനും ഡിപ്പാർട്ട്മെന്റൽ പ്രമോഷൻ കമ്മിറ്റി കൂടി ലിസ്റ്റ് അന്തിമമാക്കാനോ കഴിഞ്ഞിട്ടില്ല.

ഓണക്കാലത്തിന് ഒരു മാസം മുമ്പ് സ്പെഷ്യൽ സ്ക്വാഡുകൾ രൂപീകരിക്കുകയും നികുതി വെട്ടിപ്പുകൾ കണ്ടെത്തി പിഴ ഈടാക്കുന്നത് വഴി സംസ്ഥാന ഖജനാവിലേക്ക് കോടികൾ ലഭിക്കേണ്ട സാഹചര്യത്തിലാണ് ഉദ്യോഗസ്ഥ ക്ഷാമംമൂലം സ്പെഷ്യൽ സ്ക്വാഡുകൾ പോലും രൂപീകരിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായത്.

ജി എസ് ടി വകുപ്പിന്റെ പുനഃസംഘടയ്ക്ക് ശേഷം മൊബൈൽ സ്ക്വാഡുകളുടെ എണ്ണം അശാസ്ത്രീയമായി വെട്ടിക്കുറച്ചിരുന്നു. അതിർത്തികളിൽ സ്ഥാപിച്ചിരുന്ന ക്യാമറകൾ പ്രവർത്തനരഹിതമാകുകയും ചെയ്തു. ഇത് റോഡ് വഴിയുള്ള കള്ളക്കടത്ത് തടയുന്നതിന് കഴിയാതെ വരുന്ന സാഹചര്യമാണ് ഉണ്ടാക്കിയത്. ഇത് മൂലം സംസ്ഥാന ഖജനാവിന് കോടികളുടെ നഷ്ടമാണ് നേരിടുക. വകുപ്പിൻറെ അനാസ്ഥ വൻ നികുതി ചോർച്ചയ്ക്കാണ് ഇടയൊരുക്കിയിരിക്കുന്നത്.

നികുതി വരുമാനം വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ട് ജി എസ് ടി വകുപ്പിൽ പുതുതായി ആരംഭിച്ച ടാക്സ് പേയർ ഡിവിഷൻ, ഇന്റലിജൻസ്/ എൻഫോഴ്സ്മെന്റ്, ഓഡിറ്റ് വിഭാഗങ്ങളിൽ മതിയായ ഉദ്യോഗസ്ഥർ ഇല്ലാത്തത് നികുതി പിരിവിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.

34 ഡെപ്യൂട്ടി കമ്മീഷണർമാരുടെ നിയമനത്തിനുള്ള സെലക്ട് ലിസ്റ്റ് ഡിപിസി കൂടി അംഗീകാരം നൽകിയശേഷം സർക്കാരിലേക്ക് അനുമതിക്കായി സമർപ്പിച്ചിട്ട് ഒരു മാസം പിന്നിടുന്നു. നികുതി വകുപ്പ് സെക്രട്ടറി അമേരിക്കൻ സന്ദർശനത്തിലായതിനാൽ ഫയൽ ഒപ്പിടുന്നില്ലെന്നാണ് സെക്രട്ടറിയേറ്റിൽ നിന്നുള്ള മറുപടി.

നികുതി പിരിവ് ഗണ്യമായി കുറഞ്ഞത് സംസ്ഥാനത്തിൻറെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമാണ്. ധനകാര്യ വകുപ്പ് മന്ത്രി ജി എസ് ടി വകുപ്പിൽ യാതൊരു ശ്രദ്ധയും നൽകുന്നില്ലെന്ന വിമർശനവും ശക്തമാണ്.

നികുതി വരുമാനം വർദ്ധിപ്പിക്കാതെയും പിരിച്ചെടുക്കാതെയും മുഴുവൻ സമയവും കേന്ദ്രത്തെ കുറ്റം പറയുന്നതിനാണ് മന്ത്രിക്ക് താൽപര്യം. സ്വന്തം കഴിവുകേട് മറച്ചുവയ്ക്കുവാനും കേന്ദ്രത്തിനെതിരെ യുദ്ധം നടത്തുന്നതിന് കോൺക്ലേവ് സംഘടിപ്പിക്കാനുമാണ് മന്ത്രി ഇപ്പോഴത്തെ ശ്രമം.

കടംവാങ്ങി ഓണം ഉണ്ടാലും മതിയായ ജീവനക്കാരെ പ്രമോഷൻ നടത്തി നിയമിക്കാനോ നികുതി പിരിവ് കാര്യക്ഷമമായി വർദ്ധിപ്പിക്കാനോ ഉള്ള യാതൊരു ശ്രമവും മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. കഴിഞ്ഞ അഞ്ചുവർഷമായി ജിഎസ്ടി വകുപ്പ് പുനഃസംഘടന നടത്താതെ കുത്തഴിഞ്ഞ നിലയിലാണ്. പ്രമോഷൻ നടപടികൾ ത്വരിതപ്പെടുത്തി വകുപ്പിൻറെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് വിവിധ സർവീസ് സംഘടനകൾ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments